ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

ന്യൂഡൽഹി: 'കോപ്പിയടി സംഘങ്ങളുടെ' ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെയാണ് നിയന്ത്രണങ്ങളുണ്ടാവുക.
2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിയന്ത്രണങ്ങളിലേക്ക് നയിച്ചത്. "PAPER LEAKED NEET", "Re-NEET 2026", "Private Mafia", "REE NEET MAFIAA" തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകൾ വഴി പരീക്ഷാ ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും വിദ്യാർത്ഥികളിൽനിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും തട്ടിപ്പുകാർ വൻതോതിൽ പണം ആവശ്യപ്പെടുകയും ചെയ്തു.
അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഇത്തരത്തിൽ എട്ടോളം ടെലഗ്രാം ചാനലുകൾ വഴി 1.5 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ തട്ടിപ്പ് സംഘങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ ഏകദേശം ആയിരത്തോളം മൊബൈൽ നമ്പറുകളിലേക്കാണ് ഇവർ ബന്ധപ്പെട്ടത്.
വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാൻ ടെലഗ്രാമിലെ എഡിറ്റ് ഫീച്ചർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്തിരുന്നുവെന്നും കണ്ടെത്തി. പരീക്ഷയ്ക്ക് മുമ്പ് ഒരു സാധാരണ മെസ്സേജ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും, പരീക്ഷ കഴിഞ്ഞയുടൻ യഥാർത്ഥ ചോദ്യപേപ്പർ ഉൾപ്പെടുത്തി ആ പഴയ മെസ്സേജ് അവർ എഡിറ്റ് ചെയ്യുകയും ചെയ്യും. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ അയച്ചിരുന്നുവെന്ന് വിശ്വസിപ്പിച്ച് പണം തട്ടാൻ വേണ്ടിയാണിത്.
ഈ സാഹചര്യത്തിലാണ് തട്ടിപ്പുകൾ തടയുന്നതിനായി, ജൂൺ 22 വരെ ഇന്ത്യയിൽ ടെലഗ്രാം ആക്സസ് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും, ജൂൺ 30 വരെ മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ പ്രവർത്തനരഹിതമാക്കാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദ്ദേശം നൽകിയത്. പരീക്ഷയ്ക്ക് മുൻപ് ആർക്കും ചോദ്യപേപ്പർ ലഭ്യമല്ലെന്നും ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ പൂർണ്ണമായും തട്ടിപ്പാണെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: The Indian government has imposed a temporary restriction on the Telegram app and disabled its message-editing feature until June 22, 2026, to prevent cheating rackets and the spread of misinformation ahead of the NEET-UG re-examination