ജിഎസ്എംഎ അധ്യക്ഷനായി ഗോപാൽ വിത്തൽ വീണ്ടും; റാൽഫ് മുപിതയും മാർഗരീത്ത ഡെല്ല വാലെയും കോ-ഡെപ്യൂട്ടി അധ്യക്ഷർ

#ടെക്നോളജി ഡെസ്ക്
ജിഎസ്എംഎ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഭാരതി എയർടെൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ. | Photo: www.gsma.com
ജിഎസ്എംഎ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഭാരതി എയർടെൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ. | Photo: www.gsma.com

കൊച്ചി: ആഗോള ടെലികോം സംഘടനയായ ജിഎസ്എംഎയുടെ (GSMA) അധ്യക്ഷനായി ഭാരതി എയർടെൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തലിനെ വീണ്ടും തിരഞ്ഞെടുത്തു. 2027–2028 ഭരണകാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2028 ഡിസംബർവരെ അധ്യക്ഷസ്ഥാനത്ത് തുടരും. റാൽഫ് മുപിതയെ കോ-ഡെപ്യൂട്ടി അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തപ്പോൾ മാർഗരീത്ത ഡെല്ല വാലെയെ പുതിയ കോ-ഡെപ്യൂട്ടി അധ്യക്ഷയായി നിയമിച്ചു.

കഴിഞ്ഞ പത്തുവർഷമായി ജിഎസ്എംഎ ബോർഡിന്റെ ഭാഗമായ വിത്തൽ 2025-മുതൽ അധ്യക്ഷനായി പ്രവർത്തിച്ചുവരികയാണ്. ലോകമെമ്പാടുമുള്ള മൊബൈൽ സേവനദാതാക്കളെയും അനുബന്ധ കമ്പനികളെയും പ്രതിനിധീകരിക്കുന്ന സംഘടനയുടെ തന്ത്രപരമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും.

“ജിഎസ്എംഎ ബോർഡിന്റെ അധ്യക്ഷനായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്. അത്യാധുനിക നെറ്റ്‌വർക്കുകൾ, നിർമിത ബുദ്ധി (എഐ), ഓപ്പൺ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ സാമ്പത്തികവും സാമൂഹികവുമായ മൂല്യം സൃഷ്ടിക്കുന്ന പുതിയ കാലഘട്ടത്തിലേക്ക് ടെലികോം മേഖല കടക്കുകയാണ്. സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നത്. രാജ്യങ്ങളെയും ഉപഭോക്താക്കളെയും ഭീഷണികളിൽനിന്നും തട്ടിപ്പുകളിൽനിന്നും സംരക്ഷിക്കുന്നതിനൊപ്പം സാങ്കേതിക മുന്നേറ്റങ്ങൾക്കായുള്ള നിക്ഷേപവും മികച്ച ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും ഉറപ്പാക്കേണ്ടതുണ്ട്,” ഗോപാൽ വിത്തൽ പറഞ്ഞു.

റാൽഫ് മുപിത എംടിഎൻ ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമാണ്. മാർഗരീത്ത ഡെല്ല വാലെ വോഡഫോൺ ഗ്രൂപ്പിന്റെ സിഇഒ ആയി പ്രവർത്തിക്കുന്നു. ഇരുവരും 2028 അവസാനംവരെ കോ-ഡെപ്യൂട്ടി അധ്യക്ഷരായി തുടരും.

Content Highlights: Bharti Airtel Executive Vice Chairman Gopal Vittal has secured a second term as the Chair of the global telecom body GSMA for 2027–2028, underscoring India's growing influence in the digital infrastructure sector. He will lead the board's strategic initiatives alongside co-deputy chairs Ralph Mupita and Margherita Della Valle to advance secure, AI-driven digital networks worldwide.