ChatGPT-ക്കും മുമ്പേ ഗൂഗിളിന് എഐ ചാറ്റ്ബോട്ടുണ്ടായിരുന്നു ! പക്ഷെ പുറത്തിറക്കിയില്ല, കാരണമിതാണ്

#ടെക്നോളജി ഡെസ്ക്
സുന്ദര്‍ പിച്ചൈ | Photo - AP
സുന്ദര്‍ പിച്ചൈ | Photo - AP

ലോകത്തെ ആകമാനം പുതിയ പാതയിൽ വഴിതിരിച്ചുവിട്ടുകൊണ്ടാണ് 2022 നവംബറിൽ ഓപ്പൺഎഐ 'ചാറ്റ്ജിപിടി' (ChatGPT) എന്ന എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്. എന്നാൽ ഇതിനും ഒരുവർഷം മുമ്പ് തന്നെ ഗൂഗിളിന്റെ പക്കൽ സമാനമായ ചാറ്റ്ബോട്ട് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഓപ്പൺ എഐ ജീവനക്കാരൻ. മുൻപ് ഗൂഗിളിൽ പ്രവർത്തിക്കുകയും പിന്നീട് ഓപ്പൺഎഐയിൽ ചേരുകയും ചെയ്ത തിബോൾട്ട് 'ടിബോ' സോട്ടിയോക്സ് ആണ് എക്സിലൂടെ ഈ രഹസ്യം പങ്കുവെച്ചത്.

ഗൂഗിളിൽ 'എൽഎംചാറ്റ്' (LMChat) എന്ന് പേരിട്ടിരുന്ന ഒരു രഹസ്യ ചാറ്റ്ബോട്ട് പ്രോജക്റ്റിന്റെ ഭാഗമായിരുന്നു താനെന്ന് ടിബോ വ്യക്തമാക്കുന്നു. എന്നാൽ സ്വന്തം സെർച്ച് എൻജിൻ വ്യവസായത്തെ ബാധിക്കുമെന്ന ഭയം കാരണം ഗൂഗിൾ ഇത് പുറത്തിറക്കാൻ മടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ ബിസിനസിന് വെല്ലുവിളിയാവുന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ നിന്ന് ഡീപ്മൈൻഡിനെയും കമ്പനി തടഞ്ഞിരുന്നു. കൂടാതെ, എഐ തെറ്റായ വിവരങ്ങൾ നൽകുന്ന 'ഹാലുസിനേഷൻ' പോലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഗൂഗിളിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയും സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള അധികൃതർക്ക് ഉണ്ടായിരുന്നു.

ഇന്ന് നാം ഉപയോഗിക്കുന്ന ലാർജ് ലാംഗ്വേജ് മോഡലുകളുടെ അടിത്തറയായ 'ട്രാൻസ്ഫോർമർ' ആർക്കിടെക്ചർ ഫലത്തിൽ വികസിപ്പിച്ചത് ഗൂഗിളാണ്. 2017-ൽ ഗൂഗിൾ പുറത്തിറക്കിയ അറ്റൻഷൻ ഇസ് ഓൾ യു നീഡ് എന്ന പ്രബന്ധത്തിലാണ് ഈ വിപ്ലവകരമായ സാങ്കേതിക വിദ്യ ആദ്യമായി അവതരിപ്പിച്ചത്. ലളിതമായി പറഞ്ഞാൽ, ചാറ്റ് ജിപിടിയിലെ 'ടി' എന്ന് വിശേഷിപ്പിക്കുന്നത് ഈ ട്രാൻസ്ഫോർമർ ആർക്കിടെക്ചറാണ്.

സുരക്ഷയെ കുറിച്ചും നിലവിലെ വ്യവസായത്തെ കുറിച്ചുമുള്ള ആശങ്കകൾ കാരണം സ്വന്തം ചാറ്റ്ബോട്ടുകൾ ഗൂഗിൾ പുറത്തുവിടാതിരുന്ന സാഹചര്യത്തിലാണ് ഓപ്പൺ എഐ ചാറ്റ്ജിപിടിയുമായി രംഗത്തെത്തുന്നത്. ഇതോടെ അക്കാലത്ത് എഐ രംഗത്തെ മുൻതൂക്കം ഗൂഗിളിന് നഷ്ടമായി. പിന്നീട് 'ബാർഡ്' (Bard), 'ജെമിനി' (Gemini) എന്നിവയിലൂടെ ഓപ്പൺഎഐയ്ക്ക് പിന്നാലെ ഓടി ഒപ്പമെത്തുകയായിരുന്നു.

ഓപ്പൺ എഐയുടേതിന് സമാനമായ സാങ്കേതിക ശേഷികൾ ഗൂഗിളിനും ഉണ്ടെന്ന് 2022-ൽ ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈയും ഡീപ്മൈൻഡ് ചീഫ് സയന്റിസ്റ്റ് ജെഫ് ഡീനും വ്യക്തമാക്കിയിരുന്നു. ഗൂഗിളിൽനിന്നും ലഭിക്കുന്ന വിവരങ്ങളെ ഉപയോക്താക്കൾ അത്രയധികം വിശ്വസിക്കുന്നതുകൊണ്ട്, അതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാലുണ്ടാകുന്ന അപകടസാധ്യത വളരെ കൂടുതലായിരുന്നു. എഐ ചാറ്റ്ബോട്ടുകൾ വസ്തുതകൾക്ക് പകരം തെറ്റായ വിവരങ്ങൾ സ്വന്തമായി നിർമ്മിച്ചു നൽകുന്ന 'ഹാലുസിനേഷൻ' എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള വലിയ ആശങ്ക കമ്പനിക്കുമുണ്ടായിരുന്നതും എഐ ചാറ്റ്ബോട്ടിന്റെ കാര്യത്തിൽ ഗൂഗിളിനെ പിന്നോട്ടുവലിച്ചു.

എന്നാൽ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയുമായുള്ള രംഗപ്രവേശം വിപണിയെ ആകെ മാറ്റിമറിച്ചു. ചാറ്റ് ജിപിടി അതിവേഗം ജനപ്രീതിയാകർഷിച്ചു. അഞ്ച് ദിവസം കൊണ്ട് പത്ത് ലക്ഷം ഉപയോക്താക്കളെയും രണ്ട് മാസം കൊണ്ട് 10 കോടി പേരെയും ചാറ്റ് ജിപിടിയ്ക്ക് കിട്ടി. ഇന്ന് ചാറ്റ് ജിപിടിയ്ക്ക് 100 കോടി ഉപയോക്താക്കളുണ്ട്, 95 കോടിയുമായി ജെമിനി പിന്നിലുണ്ട്. ആന്ത്രോപിക്കും മത്സരത്തിലുണ്ട്.

Content Highlights: Former OpenAI employee Thibault Sottiaux revealed that Google had a secret AI chatbot named 'LMChat' before ChatGPT was released in 2022, but held back its launch due to concerns over AI hallucinations and protecting its search engine business.