ഭൂമിയിൽനിന്ന് അയച്ച പ്രോംപ്റ്റിന് ബഹിരാകാശത്തുനിന്ന് ഉത്തരം ലഭിച്ചു; പ്രോജക്ട് സൺക്യാച്ചറിൽ മുന്നേറി Google

എഐ (നിർമിതബുദ്ധി) ഡാറ്റാ സെന്ററുകൾ ബഹിരാകാശത്ത് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഗൂഗിളിന്റെ സൺ ക്യാച്ചർ പദ്ധതിയിൽ മുന്നേറ്റം. ഈ മാസം ആദ്യം വിക്ഷേപിച്ച ഡാറ്റാ സെന്റർ ക്ലാസ് TPU (ടെൻസർ പ്രോസസിങ് യൂണിറ്റ്)-ൽ നിന്ന് ഗൂഗിളിന് ആദ്യ പ്രതികരണം ലഭിച്ചതായി സിഇഓ സുന്ദർ പിച്ചൈ വെളിപ്പെടുത്തി.
എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഹലോ വേൾഡ്, പ്രോജക്റ്റ് സൺക്യാച്ചറിൽ ഒരു സുപ്രധാന നാഴികക്കല്ല്. ആഴ്ചകൾക്ക് മുമ്പ് ഞങ്ങളുടെ പ്രോട്ടോടൈപ്പ് ഉപഗ്രഹം വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതാണത്. ഭ്രമണപഥത്തിലേക്ക് ഞങ്ങൾ വിജയകരമായി ഒരു കമാൻഡ് അയക്കുകയും, TPU ബൂട്ട് ചെയ്യുകയും, പ്രോംപ്റ്റ് പ്രവർത്തിപ്പിക്കുകയും, ഭൂമിയിലേക്ക് ആദ്യത്തെ പ്രതികരണം അയയ്ക്കുകയും ചെയ്തിരിക്കുന്നു.' - സുന്ദർ പിച്ചൈ എഴുതി.
ബഹിരാകാശത്തെ എഐ ഡാറ്റാ സെന്ററുകൾ
ഗൂഗിളിന്റെ കസ്റ്റം ടെൻസർ പ്രൊസസിങ് യൂണിറ്റുകൾ (TPUs) അടങ്ങിയ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ച് ബഹിരാകാശത്ത് AI ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ഗൂഗിളിന്റെ പ്രോജക്റ്റ് സൺക്യാച്ചർ. വൈദ്യുതി ഉപയോഗമടക്കം കുറയ്ക്കാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഭ്രമണപഥത്തിലെ എഐ കമ്പ്യൂട്ടിങ്ങിന് ഊർജ്ജം പകരാൻ സൗരോർജം ഉപയോഗിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
എഐ സംവിധാനങ്ങൾക്ക് ബഹിരാകാശത്ത് പ്രവർത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഒക്ടോബർ ആദ്യം ഗൂഗിൾ നാല് TPU-കൾ ഭ്രമണപഥത്തിലേക്ക് അയച്ചിരുന്നു. ഇവ ഓൺ ചെയ്യാനും, ഒരു പ്രോംപ്റ്റ് പ്രോസസ്സ് ചെയ്യാനും, ഭൂമിയിലേക്ക് പ്രതികരണം തിരികെ അയക്കാനും കഴിയുമോ എന്ന് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിൽ വിജയിച്ചിരിക്കുന്നു എന്നാണ് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Google's Project Suncatcher achieved its first AI response from an orbital data center-class TPU., The satellite successfully processed a prompt using the Gemma 4 open model and generated a haiku from space., The research initiative explores using solar power in orbit to run AI computing, reducing land and energy strain on Earth.