2TB വരെ ക്ലൗഡ് സ്റ്റോറേജും ജെമിനി AI Pro-യും 11 രൂപയ്ക്ക്; ദീപാവലി ഓഫറുമായി ഗൂഗിള്‍

ദീപാവലി ഓഫറുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് 2TB വരെയുള്ള ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജും ജെമിനി AI ഫീച്ചറുകളും പ്രതിമാസം 11 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം നല്‍കുന്നതാണ് ഓഫര്‍. പ്രത്യേക ലിമിറ്റഡ് ഓഫര്‍ പ്രകാരം 100GB മുതല്‍ 2TB വരെയുള്ള ഗൂഗിള്‍ വണ്‍ സ്റ്റോറേജ് പ്ലാനുകള്‍ രാജ്യത്ത് വെറും 11 രൂപയ്ക്ക് നേടാം.
2025 ഒക്ടോബര്‍ 31-വരെയാണ് ലിമിറ്റഡ് പീരിയഡ് ഓഫർ. എപ്പോള്‍ വേണമെങ്കിലും പ്ലാന്‍ റദ്ദാക്കാനുള്ള സൗകര്യവും ഗൂഗിള്‍ നല്‍കുന്നുണ്ട്. പ്രതിമാസം 1,950 രൂപ വിലയുള്ള പ്രീമിയം പ്ലാന്‍ തിരഞ്ഞെടുത്താലും മൂന്നു മാസത്തേക്ക് 11 രൂപയേ ചെലവ് വരൂ. ഗൂഗിള്‍ വണ്ണിന്റെ വാര്‍ഷിക/ഒരു വര്‍ഷത്തെ പ്ലാനുകള്‍ക്കും ഈ പ്രത്യേക ദീപാവലി ഓഫര്‍ ബാധകമാണ്.
ഗൂഗിള്‍ വണ്‍/ഡ്രൈവ് സ്റ്റോറേജ് 100GB മുതലാണ് ആരംഭിക്കുന്നത്. ഇതിന് സാധാരണയായി പ്രതിമാസം 130 രൂപയാണ് നല്‍കേണ്ടിവരുന്നത്. പ്രീമിയം AI പ്രോ പതിപ്പിന് പ്രതിമാസം 1,950 രൂപ നല്‍കണം. എന്നാല്‍ ഗൂഗിള്‍ വണ്ണിന്റെ ദീപാവലി ഓഫര്‍ പ്രകാരം ഈ പ്രതിമാസ പ്ലാനുകളെല്ലാം വെറും 11 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറിലൂടെ നിങ്ങള്‍ക്ക് 5,817 രൂപ വരെ ലാഭിക്കാനാകും. 2TB AI പ്രോ പ്ലാന്‍ 11 രൂപയെന്ന പ്രത്യേക വിലയില്‍ 3 മാസത്തേക്ക് പ്ലാന്‍ ഉപയോഗിക്കാന്‍ കഴിയും.
AI പ്രോ പ്ലാനാണ് കൂട്ടത്തില്‍ ഏറ്റവും പ്രീമിയം. കാരണം, ഇതില്‍ 2TB ഡ്രൈവ് സ്റ്റോറേജ് ലഭിക്കുന്നതിനൊപ്പം ജിമെയില്‍, ഡോക്സ്, വിഡ്സ് പോലുള്ള ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ജെമിനിയും, ജെമിനി 2.5 പ്രോ AI മോഡലിലേക്കുള്ള ആക്സസും, പ്രതിമാസം 1000 AI ക്രെഡിറ്റുകളും മറ്റ് AI ടൂളുകളും ലഭിക്കും.
ദീപാവലി ഓഫര്‍ സമയത്ത് ഗൂഗിള്‍ വണ്‍ പ്ലാനുകളില്‍ 37 ശതമാനം വരെ ലാഭിക്കാനും അവസരമുണ്ട്. അടിസ്ഥാന 100GB പ്ലാന്‍ ഒരു വര്‍ഷത്തേക്ക് വെറും 1000 രൂപയ്ക്ക് നേടാം. പ്രീമിയം 2TB പതിപ്പാണ് വേണ്ടതെങ്കില്‍, 5,000 രൂപയില്‍ താഴെ നല്‍കിയാല്‍ മതിയാകും. ഇത് മൂന്നു മാസത്തേക്ക് മാത്രമാണെങ്കിലും, ഓരോ മാസവും 11 രൂപ നല്‍കാന്‍ ആവശ്യപ്പെടുന്നതിലൂടെ, ജെമിനി AI പ്രധാന ഫീച്ചറായുള്ള പ്ലാന്‍ ഉള്‍പ്പെടെയുള്ള വിവിധ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് പരീക്ഷിച്ച് നോക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നു.
Content Highlights: Google`s Diwali offer lets you get up to 2TB cloud storage & Gemini AI features for just ₹11/month. Limited period deal with flexible plans.