ഇന്ത്യയിൽ വീണ്ടും നിക്ഷേപം നടത്താൻ ഗൂഗിൾ; ഡ്രോൺ നിർമാണം അടക്കമുള്ള പദ്ധതികൾ

#ടെക്‌നോളജി ഡെസ്‌ക്
1. ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - AP, AFP
1. ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - AP, AFP

ഇന്ത്യയിൽ വീണ്ടും നിക്ഷേപം നടത്താൻ ആഗോള ടെക് ഭീമനായ ഗൂഗിൾ. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. ക്ലൗഡ്, സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾക്ക് അപ്പുറമുള്ള സാന്നിധ്യം ടെക് ഭീമൻ രാജ്യത്ത് വിപുലീകരിക്കാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

എഐ (നിർമിതബുദ്ധി) അടിസ്ഥാന സൗകര്യങ്ങളിലും സെർവറുകളുടെയും ഡ്രോണുകളുടെയും നിർമ്മാണത്തിലും ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന കാര്യമാണ് ഗൂഗിൾ പരിഗണിക്കുന്നതെന്ന് കമ്പനി എക്സിക്യൂട്ടീവുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ വ്യക്തമാക്കി.

ഗൂഗിളിന്റെ ഇതുവരെയുള്ള ഇന്ത്യയിലെ പ്രഖ്യാപനങ്ങൾ അധികവും ക്ലൗഡ്, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, എഐ നൈപുണ്യ വികസനം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ പ്രാദേശിക ഹാർഡ്‌വെയർ നിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഗൂഗിൾ ക്ലൗഡ് ഇന്ത്യയിലെ നിക്ഷേപം സംബന്ധിച്ച ഏറ്റവും വലിയ പ്രഖ്യാപനം നടത്തി മാസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം. 2026-2030 കാലയളവിൽ 15 ബില്യൺ (1500 കോടി) ഡോളറിന്റെ നിക്ഷേപം നടത്തി വിശാഖപട്ടണത്ത് ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ഗൂഗിൾ അടുത്തിടെ നടത്തിയത്.

Content Highlights: Google is exploring expansion into local hardware manufacturing for servers and drones in India., A massive $15-billion investment is planned for 2026-2030 to build an AI hub in Visakhapatnam., The initiative marks a strategic shift from software-only services to physical hardware production., Google continues to support the Indian startup ecosystem through AI-focused accelerators.