ഗൂഗിള്‍ ഉപയോക്താവിനെ വഴി തെറ്റിക്കുന്ന പ്രശ്‌നം കണ്ടെത്തി; ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് മലയാളി

ആഗോള സാങ്കേതികരംഗത്തെ ഭീമന്മാരാണെങ്കിലും ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ എല്ലായ്‌പ്പോഴും സൈബറാക്രമണ ഭീഷണി നേരിടുന്നുണ്ട്. സാങ്കേതികവിദ്യയിലെ ചെറിയ പഴുതു പോലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാള്‍ ഓഫ് ഫെയിം അംഗീകാരത്തിന് അര്‍ഹനായിരിക്കുകയാണ് ഒരു മലയാളി.
മൂവാറ്റുപുഴ സ്വദേശി ഹരിശങ്കറാണ് ഗൂഗിളിന്റെ ഒരു സബ്‌ഡൊമൈനിലെ ടെക്സ്റ്റ് ബോക്‌സിലെ വലിയൊരു സുരക്ഷാവീഴ്ച കണ്ടെത്തിയതിന് ഗൂഗിളിന്റെ അംഗീകാരത്തിന് അര്‍ഹനായത്. ഗൂഗിള്‍ സേവനങ്ങളില്‍ വിവരങ്ങള്‍ തിരയുന്നതിനായി വാക്കുകള്‍ ടൈപ്പ് ചെയ്യുന്നയിടമാണ് ടെക്സ്റ്റ് ബോക്‌സ്. ഇവിടെ ചില കോഡുകള്‍ പ്രവര്‍ത്തിപ്പിച്ച് ഉപയോക്താവിനെ മറ്റ് സൈറ്റുകളിലേക്ക് വഴി തിരിച്ചുവിടാന്‍ സാധിക്കുമായിരുന്ന വീഴ്ചയാണ് ഹരിശങ്കര്‍ കണ്ടെത്തി ഗൂഗിളിനെ അറിയിച്ചത്.
ഇത്തരം തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്കായി പ്രതിഫലത്തുകയും അംഗീകാരവും നല്‍കുന്ന പരിപാടിയാണ് ഹാള്‍ ഓഫ് ഫെയിം. നിരവധി എത്തിക്കല്‍ ഹാക്കര്‍മാരും വിദഗ്ദരും ഇതിനായി ശ്രമിക്കാറുണ്ട്.
പ്ലസ്ടു കഴിഞ്ഞ് മര്‍ച്ചന്റ് നേവി കോഴ്‌സ് കഴിഞ്ഞ ഹരിശങ്കര്‍ ഇപ്പോള്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. നേരംപോക്കിന് തുടങ്ങിയ കംപ്യൂട്ടര്‍ ഹാക്കിങും മറ്റും തല്‍ക്കാലം നിര്‍ത്തിവെക്കാനൊരുങ്ങുകയാണെന്നും 20-കാരനായ ഹരിശങ്കര്‍ പറഞ്ഞു.
Content Highlights: google hall of fame hari shankar moovattupuzha, Vulnerablity, Security Issue, Bug
Content Highlights: