AI മസ്‌കിനെ സമ്പന്നനാക്കും ദശലക്ഷം പേര്‍ക്ക് തൊഴിലില്ലാതാകും; മുന്നറിയിപ്പുമായി AI-യുടെ ഗോഡ്ഫാദര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരം ഇലോണ്‍ മസ്‌കിനെ പോലുള്ള സാങ്കേതിക രംഗത്തെ കോടീശ്വരന്മാരെ കൂടുതല്‍ സമ്പന്നരാക്കിമാറ്റുമെന്നും അതേസമയം ഒട്ടോമേഷന്‍ കാരണം ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നുമുള്ള മുന്നറിയിപ്പുമായി എഐയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍. നൊബേല്‍ പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം.
എഐക്ക് വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും 'അതിശയകരമായ നല്ല കാര്യങ്ങള്‍' ചെയ്യാന്‍ കഴിവുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ടെങ്കിലും എഐ ഭീഷണിയാകാന്‍ കാരണം സമൂഹത്തിന്റെ ഘടന ആ രീതിയില്‍ ആയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മസ്‌കിനെ പോലുള്ളവര്‍ കൂടുതല്‍ ധനികരാവുകയും ധാരാളം ആളുകള്‍ക്ക് തൊഴിലില്ലാതാവുകയും ചെയ്യും. മസ്‌ക് അത് കാര്യമാക്കില്ല. അത് എഐയുടെ കുഴപ്പമല്ലെന്നും സമൂഹം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് എങ്ങിനെയാണെന്നതിന്റെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എഐയില്‍ നിന്ന് പണം സമ്പാദിക്കണമെങ്കില്‍ മനുഷ്യന്റെ അധ്വാനം മാറ്റിസ്ഥാപിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലൂംബെര്‍ഗ് ടെലിവിഷന്റെ വാള്‍ സ്ട്രീറ്റ് വീക്ക് പ്രോഗ്രാമിന് നല്‍കിയ അഭിമുഖത്തിലാണ് നൊബേല്‍ സമ്മാന ജേതാവായ ഹിന്റണ്‍ എഐ മൂലമുള്ള തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചും എഐ സംവിധാനങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ചുമുള്ള വിവിധ വിഷയങ്ങളില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
ഇതില്‍ നിന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗം എന്താണ് എന്നതാണ് എന്റെ ആശങ്ക. ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഫീസ് ഈടാക്കുന്നത് അല്ലെങ്കില്‍ മനുഷ്യരുടെ ജോലികള്‍ മാറ്റിസ്ഥാപിക്കുക എന്നതാണത്. തൊഴിലാളികളെ ചെലവ് കുറഞ്ഞ ഒന്ന് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമ്പോഴാണ് ഒരു കമ്പനി ലാഭത്തിലാവുന്നത്. ഇതാണ് എഐയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന പ്രേരണ. അദ്ദേഹം പറഞ്ഞു.
മുമ്പ് കുഴിയെടുത്തിരുന്ന ജോലിയില്ലാതായാല്‍ കോള്‍ സെന്ററില്‍ ജോലിയുണ്ടാകുമെന്ന് പറയാം. പക്ഷെ ഇപ്പോള്‍ എല്ലാ ജോലികളും ഇല്ലാതാവുകയാണ്. ആ ആളുകള്‍ എങ്ങോട്ട് പോവുമെന്ന് വ്യക്തമല്ല. ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് വലിയ മാറ്റങ്ങള്‍ പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്നാണ്. എന്നെസംബന്ധിച്ച് അങ്ങനെയുണ്ടാകുമോ എന്ന് വ്യക്തമല്ല. വലിയ കമ്പനികള്‍ എഐയെ കൊണ്ടുവന്ന് തൊഴിലുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് കാരണമാവുകയാണ്. കാരണം അതുവഴിയാണ് അവര്‍ക്ക് ലാഭമുണ്ടാകാന്‍ പോവുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ ടെക്ക് കമ്പനികളില്‍ നിന്ന് വ്യാപകമായ പിരിച്ചുവിടലുകള്‍ നടക്കുകയും ആമസോണ്‍ അടുത്തിടെ 14000 പേരെ കൂട്ടമായി പിരിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹിന്റണിന്റെ ഈ പ്രസ്താവനകള്‍ വരുന്നത്. ഈ കമ്പനികളൊന്നും പിരിച്ചുവിടലിന് കാരണം എഐ ആണെന്ന് സമ്മതിച്ചിട്ടില്ല. എങ്കിലും നിയമനങ്ങള്‍ കുറയുന്നതിനും കമ്പനികളില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നതിനുമള്ള കാരണം എഐ തന്നെയാണെന്നാണ് വിദഗ്ധാഭിപ്രായം.
ഹിന്റണ്‍ ലോകത്തിലെ മുന്‍നിര എഐ ഗവേഷകരില്‍ ഒരാളാണെങ്കിലും, റേഡിയോളജിസ്റ്റുകളെ എഐ മാറ്റി സ്ഥാപിക്കും എന്ന അദ്ദേഹത്തിന്റെ മുന്‍ പ്രവചനം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അടുത്തിടെ നടന്ന ഒരു പഠനം കാണിക്കുന്നത് 2055 വരെ റേഡിയോളജി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുമെന്നാണ്.
Content Highlights: 'Godfather of AI' Geoffrey Hinton warns that AI will make billionaires like Elon Musk richer while causing massive job losses due to automation.