ഏറ്റവും വലിയ ധനികൻ ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിൽ പങ്കാളിയാവുന്നു- മസ്കിനെതിരെ ബിൽഗേറ്റ്സ്

Elon Musk and Bill gates | Photo: GettyImages
Elon Musk and Bill gates | Photo: GettyImages

ട്രംപ് ഭരണകൂടത്തിന് കീഴില്‍ വിദേശ സഹായങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ എഫിഷ്യന്‍സി വകുപ്പ് മേധാവി ഇലോണ്‍ മസ്‌ക് ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലെ കുട്ടികളെ കൊല്ലുകയാണെന്ന ആരോപണവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. 'ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍ ലോകത്തിലെ ഏറ്റവും ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിന്റെ ചിത്രം മനോഹരമല്ല' എന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ദരിദ്ര രാജ്യങ്ങളിലെ അഞ്ചാംപനി, എച്ച്‌ഐവി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മസ്‌കിന്റെ നീക്കം മന്ദഗതിയിലാക്കിയിട്ടുണ്ടെന്നും ഗേറ്റ്‌സ് വിശ്വസിക്കുന്നു.

എന്നാല്‍ ബില്‍ഗേറ്റ്‌സിന്റെ ആരോപണങ്ങള്‍ മസ്‌ക് നിഷേധിച്ചു. 'ഗേറ്റ്‌സ് ഒരു വലിയ നുണയനാണ്' എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. 

ഗേറ്റ്‌സിന്റെ പ്രസ്താവനയ്‌ക്കെതിരെ വൈറ്റ് ഹൗസും രംഗത്തുവന്നു. ഭരണകൂടത്തില്‍ മസ്‌കിന്റെ ഇടപെടലിനെ പിന്തുണച്ചുകൊണ്ടാണ് വൈറ്റ് ഹൗസ് വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കിയത്. ധൂര്‍ത്ത്, തട്ടിപ്പ് , ദുരുപയോഗം എന്നിവ ഇല്ലാതാക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ ദൗത്യം നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന ദേശസ്‌നേഹിയാണ് ഇലോണ്‍ മസ്‌ക് എന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. 'അമേരിക്കന്‍ നികുതിദായകരെ പിന്തുണയ്ക്കാന്‍ സമയം ചെലവഴിക്കുന്ന അമേരിക്കയിലെ ഏറ്റവും നൂതന സംരംഭകന്റെ നിസ്വാര്‍ത്ഥ ശ്രമങ്ങളെ പിന്‍സീറ്റിലിരിക്കുന്നവര്‍ ആഘോഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഗോള ഭരണകൂടങ്ങള്‍ നടത്തുന്ന വലിയ ധനസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് മരണ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി പതിറ്റാണ്ടുകളായി കൈവരിച്ച പുരോഗതി ഇല്ലാതാക്കുമെന്നും അടുത്ത നാല് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ അതിന്റെ ആഘാതം അനുഭവപ്പെടുമെന്നും ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ആദ്യമായി മരണ സംഖ്യ ഉയരുമെന്നും വിഭവങ്ങള്‍ കാരണം ദശലക്ഷക്കണക്കിന് മരണങ്ങള്‍ സംഭവിക്കുമെന്നും ഗേറ്റ്‌സ് പറയുന്നു. 

യുഎസ്എയ്ഡ് (യുഎസ്എഐഡി) ഇല്ലാതാക്കിയതില്‍ അഭിമാനം പ്രകടിപ്പിക്കുന്നയാളാണ് മസ്‌ക്. ഏജന്‍സിയുടെ 80 ശതമാനം പരിപാടികളും നിര്‍ത്തലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ല്‍ ലോകമെമ്പാടും വികസനപ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 4400 കോടി ഡോളര്‍ യുഎസ് എയ്ഡ് ചിലവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മസ്‌കിന് ഒരു മനുഷ്യസ്‌നേഹിയായി തുടരാനാവും, എന്നാല്‍ അതിനിടിയല്‍ ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍ ലോകത്തിലെ ഏറ്റവും ദരിദ്രരായ കുട്ടികളുടെ മരണത്തില്‍ പങ്കാളിയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Bill Gates accuses Elon Musk of harming impoverished nations by cutting foreign aid