ഭക്ഷണശാല സ്വയം കണ്ടെത്തും, വഴി തിരഞ്ഞെടുക്കും; ഇനി ചിന്തിക്കുന്ന കാറുകളുടെ കാലം

അടിമുടി മാറാനൊരുങ്ങി കാറുകൾ. നിലവിലെ കാറുകൾ യാത്രക്കാർക്ക് സുഖസൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കരുത്തും വേഗവുമുള്ള യന്ത്രങ്ങൾ ആയിരുന്നുവെങ്കിൽ ഇനി അങ്ങനെ ആയിരിക്കില്ല. ഉപയോക്താക്കൾക്കുവേണ്ടി ചിന്തിക്കുകയും സ്വയം പ്രവർത്തിക്കുകയും ചെയ്യുന്ന കാറുകളാണ് ഇനി വരാനിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ലാസ് വെഗാസിൽ ജനുവരി ആദ്യവാരം നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ CES 2026ൽ ഇത്തരം കാറുകളുടെ സവിശേഷതകൾ പ്രദർശനത്തിനെത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന കാറുകൾ
സോഫ്റ്റ്‌വെയർ ഡിഫൈൻഡ് വെഹിക്കിൾസ് (SDVs) ആണ് ഭാവിയിൽ വരാനിരിക്കുന്നത്. സ്മാർട്ട്‌ഫോണുകളെപ്പോലെ സ്വയം അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്ന കാറുകളാവും അവ. ഇന്ന് വാങ്ങുന്ന കാറിൽ അടുത്ത വർഷം നിർമാണക്കമ്പനിയുടെ സർവീസ് സെന്ററിൽ പോകാതെതന്നെ പുതിയ ഫീച്ചറുകൾ ലഭ്യമാകുന്നതായി സങ്കൽപ്പിക്കുക. അതാവും SDVs-വാഹനങ്ങളിൽ സംഭവിക്കുക.
പറഞ്ഞാൽ മതി, ഭക്ഷണശാല കണ്ടെത്തി അവിടെ എത്തിക്കും
ഏജന്റിക് AI കാറിൽ എത്തുന്നതോടെ കാർ ഉപയോക്താവിനുവേണ്ടി ചിന്തിക്കും. ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണശാല കണ്ടെത്താൻ ബുദ്ധിമുട്ടേണ്ട. ലളിതമായ ഭാഷയിൽ കാറിനോട് പറയുക മാത്രം ചെയ്താൽ മതിയാകും. നല്ല ഭക്ഷണശാലയുള്ള റൂട്ടും, പാർക്കിംഗ് സ്ഥലവുമടക്കം കാർ സ്വയം കണ്ടെത്തും. റസ്റ്ററന്റിന് പുറത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടോ? അവിടെ ഇ.വി ചാർജറുണ്ടോ എന്നെല്ലാം ഇത്തരത്തിൽ സ്വയം കണ്ടെത്താൻ കാറിന് കഴിയും. കാറുകളിൽ മാത്രമല്ല വാണിജ്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിലും കാര്യത്തിലും ഈ സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾ വരുത്തും. ഡെലിവറി ട്രക്കുകൾക്ക് കടന്നുപോകാൻ കഴിയാത്ത താഴ്ന്ന പാലങ്ങൾ സ്വയം ഒഴിവാക്കി സഞ്ചരിക്കാനും ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും സാധിക്കും.
നാവിഗേഷൻ ഓൺ ഓട്ടോപൈലറ്റ്
വരാനിരിക്കുന്ന മറ്റൊരു സവിശേഷതയാണ് നാവിഗേഷൻ ഓൺ ഓട്ടോപൈലറ്റ് (NOA). നിലവിൽ കാർ യാത്രക്കാർ മാപ്പുകൾ ഉപയോഗിച്ച് വഴി കണ്ടെത്തുകയും ആ വഴിയിലൂടെ സ്വയം ഡ്രൈവ് ചെയ്യുകയുമാണ് ചെയ്യുന്നത്. NOA വരുന്നതോടെ അതിന് മാറ്റംവരും. കാർ തന്നെ റൂട്ട് കണ്ടെത്തുകയും ആ റൂട്ട് സ്വയം പിന്തുടരുകയും ലെയ്ൻ മാറ്റങ്ങൾ, ഇന്റർചേഞ്ചുകൾ, വേഗക്രമീകരണങ്ങൾ എന്നിവ ഓട്ടോമാറ്റിക്കായി നടപ്പാക്കുകയും ചെയ്യും. നിങ്ങൾ ഡ്രൈവിങ് സീറ്റിലിരിക്കുമ്പോൾതന്നെ കാർ നിങ്ങൾക്കുവേണ്ടി ഇതെല്ലാം ചെയ്യും. പൂർണമായും ഡ്രൈവറില്ലാതെ സ്വയം ഓടുന്ന സംവിധാനമല്ല ഇത്. എന്നാൽ ഡ്രൈവിങ് സമ്മർദ്ദരഹിതവും കൂടുതൽ ഇന്റലിജന്റും ആകുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്. ഈ സാങ്കേതിക മുന്നേറ്റങ്ങൾ ഡ്രൈവിങ് കൂടുതൽ സുരക്ഷിതവും എളുപ്പവും രസകരവുമാക്കും.
Content Highlights: Discover the future of cars: self-updating, AI-driven assistants, and advanced autopilot navigation. Get ready for smarter, safer, and more convenient journeys