'അമേരിക്കയെ ആശ്രയിക്കുന്നത് അപകടകരം'; വിൻഡോസ് ഒഴിവാക്കാൻ ഫ്രാൻസ്, പകരം ലിനക്‌സ്

#ടെക്‌നോളജി ഡെസ്‌ക്
1. ഡൊണാള്‍ഡ് ട്രംപ്. 2. പ്രതീകാത്മകചിത്രം | Photo - AP, AFP
1. ഡൊണാള്‍ഡ് ട്രംപ്. 2. പ്രതീകാത്മകചിത്രം | Photo - AP, AFP

മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോഗം അവസാനിപ്പിക്കാനുള്ള നീക്കവുമായി ഫ്രാൻസ്. അമേരിക്കൻ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വിശാലമായ യൂറോപ്യൻ നീക്കത്തിന്റെ ഭാഗമാണിത്. വിൻഡോസ് ഉപേക്ഷിച്ച് ലിനക്‌സ് സ്വീകരിക്കാനാണ് തീരുമാനം. സ്വന്തമായ ബദലുകൾ ലഭ്യമല്ലെങ്കിലും യൂറോപ്യൻ യൂണിയൻ (ഇ.യു) സാധ്യമായിടത്തെല്ലാം അമേരിക്കൻ സാങ്കേതികവിദ്യകൾ ഉപേക്ഷിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

അമേരിക്കൻ ടെക് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഡിജിറ്റൽ സംവിധാനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് മന്ത്രി ഡേവിഡ് അമീൽ പറയുന്നു. ഡേറ്റയുടെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചറിന്റെയും നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം ഫ്രഞ്ച് സർക്കാരിന് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫ്രഞ്ച് സർക്കാർ ഈ മാറ്റത്തിനുള്ള പ്രത്യേക സമയ പരിധി നിശ്ചയിച്ചിട്ടില്ല. സർക്കാരിന്റെ ഡിജിറ്റൽ ഏജൻസിയായ DINUM-ലെ കമ്പ്യൂട്ടറുകളിൽ നിന്നായിരിക്കും മാറ്റം തുടങ്ങുക.

വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഡിജിറ്റൽ പരമാധികാരത്തിനും വേണ്ടിയുള്ള വിശാലമായ നീക്കം യൂറോപ്പിലുടനീളം നടക്കുന്നുണ്ട്. അമേരിക്കൻ, ചൈനീസ് സാങ്കേതികവിദ്യകളെ അകറ്റിനിർത്തുന്നതടക്കം അതിൽ ഉൾപ്പെടുന്നു. അമേരിക്കൻ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്ന് സർക്കാർ അവകാശപ്പെടുന്നു.

വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുന്ന മേഖലകൾ കണ്ടെത്താൻ യൂറോപ്യൻ കമ്മീഷനോട് നിർദ്ദേശിക്കുന്ന ഒരു റിപ്പോർട്ട് സ്വീകരിക്കുന്ന വിഷയത്തിൽ ഈ വർഷം ജനുവരിയിൽ യൂറോപ്യൻ പാർലമെന്റിൽ വോട്ടെടുപ്പ് നടന്നിരുന്നു. ഡിജിറ്റൽ പരമാധികാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയൻ ഫെബ്രുവരിയിൽ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞിരുന്നു.

Content Highlights: France is migrating government workstations from Windows to Linux to ensure data control., The initiative is part of a broader 2026 European movement for digital sovereignty., French officials emphasize regaining control over national digital infrastructure., The move follows increasing geopolitical tensions regarding US tech influence and trade policies.