ഇന്ത്യന്‍ ഐഫോണ്‍ ഉത്പാദനത്തിനെതിരെ ചൈനീസ് നീക്കമോ ? ഇന്ത്യന്‍ ഫാക്ടറികള്‍ പ്രതിസന്ധിയിലായേക്കും

പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

ചൈനയുടെ ആവശ്യപ്രകാരം 300 ഓളം ചൈനീസ് എഞ്ചിനീയര്‍മാരെയാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണ ഫാക്ടറികളില്‍ നിന്ന് തിരിച്ചുവിളിച്ചത്. ഇത് ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചുരുങ്ങിയ കാലത്തേക്ക് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഫോക്‌സ്‌കോണ്‍ ഫാക്ടറികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ വിദഗ്ദരായ തൊഴിലാളികളെ ഉള്‍പ്പെടെയാണ് ചൈന തിരികെ വിളിച്ചത്. ഇവര്‍ക്ക് പകരം തായ് വാനില്‍ നിന്നുള്ള വിദഗ്ദരെ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുമെങ്കിലും ചൈനയുടെ ഈ നീക്കം ഹ്രസ്വകാലത്തേക്ക് ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഏറ്റവും വലിയ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പ്രതിസന്ധികള്‍ ചരക്കുനീക്കത്തെ സാരമായി ബാധിച്ചുതുടങ്ങിയതോടെയാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഉത്പാദനം വിപുലീകരിക്കാന്‍ തീരുമാനിച്ചത്. സമീപകാലത്തായി ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തിവരുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. 

യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചിരുന്നു. ഫോക്‌സോണിന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ഉത്പാദനം നടക്കുന്നതും നിര്‍മാണം പുരോഗമിക്കുന്നതുമായ പ്ലാന്റുകളുണ്ട്.

ഇന്ത്യയില്‍ ഐഫോണ്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കാനും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫോക്സ്‌കോണിന്റെ ചൈനയിലെ പ്ലാന്റില്‍നിന്നുള്ള എഞ്ചിനീയര്‍മാരെത്തിയത്. ഇന്ത്യയില്‍ ഉത്പാദനം കൂട്ടാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതിനിടെയാണ് വിദഗ്ധരായ ചൈനീസ് പൗരന്മാരെ കമ്പനി തിരിച്ചുവിളിച്ചത്. ഇതിന്റെ കാരണം കമ്പനി വ്യക്തമാക്കിയില്ലെങ്കിലും ഇന്ത്യയിലേക്ക് സാങ്കേതിക വിദ്യകളും ഉപകരണങ്ങളും വൈദഗ്ധ്യവും കയറ്റി അയക്കുന്നതില്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. 

ചൈനീസ് എഞ്ചിനീയര്‍മാര്‍ക്ക് പകരം തായ് വാനില്‍ നിന്നുള്ള വിദഗ്ദരെ ഇന്ത്യയില്‍ ഉപയോഗിക്കാനാവുമെങ്കിലും ഫാക്ടറികളിലേക്ക് വേണ്ട യന്ത്രസാമഗ്രികളുടെ കാര്യത്തിലാണ് ചൈനയുടെ ഈ നിയന്ത്രണം പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് ഇ.ടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഫാക്ടറികളിലേക്കുള്ള യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണിക്ക് ചൈനീസ് വിദഗ്ദരെ ആവശ്യമുള്ളതിനാല്‍ ഫാക്ടറികള്‍ പ്രയാസത്തിലാവും. നിര്‍മാണ ഉപകരണങ്ങള്‍ ലാഭകരമായി വാങ്ങാനാവുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഇന്ത്യന്‍ ഫാക്ടറികളിലെ ഉപകരണങ്ങളില്‍ പലതിനും ചൈനീസ് സാങ്കേതിക വിദഗ്ദരുടെ പിന്തുണ ആവശ്യമാണ്. ചൈനയില്‍ നിന്നുള്ള വിദഗ്ദര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തടസം നേരിട്ടാല്‍ അത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാണ്. ഇതിന് പുറമെ ചൈനയില്‍ നിന്നുള്ള യന്ത്രോപകരണ കയറ്റുമതിയില്‍ കാലതാമസമുണ്ടായാല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മാണ് കമ്പനികളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും. 

അതേസമയം ഈ സംഭവവികാസങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും കാര്യമായി ബാധിക്കില്ലെന്നും മറ്റൊരു വിഭാഗം വിലയിരുത്തുന്നു. 

Content Highlights: Foxconn recalls 300 Chinese engineers from its Indian iPhone factories, impacting production.