എഐ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ പരാജയം; മുൻ ജീവനക്കാരെ തിരികെ വിളിച്ച് ഫോർഡ്

#ടെക്നോളജി ഡെസ്ക്

നിർമിത ബുദ്ധി സാങ്കേതികവിദ്യയും ഓട്ടോമേറ്റഡ് ക്വാളിറ്റി സംവിധാനങ്ങളും പ്രതീക്ഷിച്ച ഫലം നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ പരിചയസമ്പന്നരായ എൻജിനീയർമാർ ഉൾപ്പെടെയുള്ള മുൻജീവനക്കാരെ തിരിച്ചെടുത്ത്‌ ഫോർഡ്. വിദഗ്ധരെ തിരിച്ചെത്തിച്ചത്‌ ഫലം കണ്ടുവെന്ന് കമ്പനി പറയുന്നു. ഈ നീക്കം ചെലവ് കുറയ്ക്കുന്നതിനൊപ്പം പുതിയ ജെ.ഡി. പവർ ഇനിഷ്യൽ ക്വാളിറ്റി സർവേയിൽ മുഖ്യധാരാ ബ്രാൻഡുകൾക്കിടയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ ഫോർഡിനെ സഹായിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.

എഐ അധിഷ്ഠിതമായ ഓട്ടോമേറ്റഡ് ഗുണനിലവാര സംവിധാനങ്ങൾ പ്രതീക്ഷിച്ച ഫലം നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുൻ ജീവനക്കാരും സപ്ലയർ കമ്പനികളിൽ നിന്നുള്ള വിദഗ്ധരും ഉൾപ്പെടെ 350-ഓളം പരിചയസമ്പന്നരായ എൻജിനീയർമാരെ ഫോർഡ് തിരിച്ചെത്തിച്ചിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

പല തലമുറകളിലെ വാഹനങ്ങളിൽ പ്രവർത്തിച്ച് പതിറ്റാണ്ടുകളുടെ അനുഭവപരിചയം നേടിയെടുത്ത എൻജിനീയർമാരെ അവഗണിച്ച് കമ്പനി ഓട്ടോമേഷനെ അമിതമായി ആശ്രയിക്കുകയായിരുന്നുവെന്ന് ഫോർഡ് ഉദ്യോഗസ്ഥർ പറയുന്നു. നിർമിത ബുദ്ധിയെക്കുറിച്ച് തങ്ങൾക്കുണ്ടായിരുന്നത് അമിതപ്രതീക്ഷയായിരുന്നുവെന്ന് ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്‌വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ തുറന്നുസമ്മതിച്ചു.

"നിർമിത ബുദ്ധിയും ഞങ്ങളുടെ കയ്യിലുള്ള ഡിസൈനുകളും ഉണ്ടെങ്കിൽ ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങളുണ്ടാക്കാനാകുമെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചു." പൂൺ പറയുന്നു. "എഐ ഒരു അതിശയകരമായ ഉപകരണമാണ്. എന്നാൽ അതിനെ പരിശീലിപ്പിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന വിവരങ്ങളുടെ അത്രമാത്രം നിലവാരമേ അതിനുണ്ടാവൂ." പൂൺ കൂട്ടിച്ചേർത്തു.

“അനുഭവസമ്പന്നരായ ജീവനക്കാർ കമ്പനി വിട്ടുപോവുന്നതിന് മുമ്പ് അവരുടെ അറിവുകൾ ശേഖരിക്കാൻ ഞങ്ങൾ കാര്യമായൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. തത്ഫലമായി നിർമാണപ്രക്രിയയുടെ തുടക്കത്തിൽ തന്നെ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ തിരിച്ചറിയാൻ ആവശ്യമായ യഥാർത്ഥ പരിചയസമ്പത്ത് എ.ഐ. സംവിധാനങ്ങൾക്ക് ഇല്ലാതെപോയി.”

ആ കുറവ് പരിഹരിക്കാൻ വേണ്ടിയാണ് 350-ലധികം പരിചയസമ്പന്നരായ എൻജിനീയർമാരെ ഫോർഡ് തിരികെ കൊണ്ടുവന്നത്. ‘ഗ്രേ ബേർഡ്’(gray beard) എൻജിനീയർമാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിദഗ്ധരാണ് ഇപ്പോൾ പ്രായം കുറഞ്ഞ ജീവനക്കാർക്ക് മാർഗനിർദേശം നൽകുകയും എ.ഐ. ടൂളുകളെ വീണ്ടും പരിശീലിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നത്. ഒപ്പം ഗുണനിലവാര പ്രശ്നങ്ങൾ ഫാക്ടറി ഫ്ലോറിൽ എത്തുന്നതിന് മുൻപ് തന്നെ തിരിച്ചറിയാനും ഇവരാണ് സഹായിക്കുന്നത്. ഇതിന്റെ ഫലമായി പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുക എന്നതിന് പകരം പ്രശ്നങ്ങൾ ആദ്യം തന്നെ തടയാൻ കമ്പനിക്ക് സാധിച്ചു തുടങ്ങി.

അതേസമയം, തങ്ങൾ എ.ഐ. പൂർണ്ണമായി ഉപേക്ഷിക്കില്ലെന്ന് ഫോർഡ് വ്യക്തമാക്കി. പകരം, പരിചയസമ്പന്നരായ എൻജിനീയർമാരിൽനിന്നുള്ള മികച്ച വിവരങ്ങൾ നൽകി സാങ്കേതികവിദ്യയെ കൂടുതൽ സ്മാർട്ടാക്കാൻ ശ്രമിക്കും.

Content Highlights: Ford has rehired approximately 350 veteran engineers to identify and fix manufacturing quality issues that their AI and automated systems failed to detect, a move that successfully boosted their ranking in the recent J.D. Power survey.