AI: അമേരിക്കയേയും ചൈനയേയും ആശ്രയിക്കുന്നതില്‍ ആശങ്ക, സ്വന്തം നിലയില്‍ മുന്നേറാന്‍ യൂറോപ്യന്‍ യൂണിയന്‍

ഡൊണാൾഡ് ട്രംപ്, ഉര്‍സുല വോൺ ഡെര്‍ ലെയ്ൻ | Photo - AP, AFP
ഡൊണാൾഡ് ട്രംപ്, ഉര്‍സുല വോൺ ഡെര്‍ ലെയ്ൻ | Photo - AP, AFP

നിര്‍മിതബുദ്ധി (എഐ) യുടെ മേഖലയില്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും യൂറോപ്പില്‍ നിര്‍മ്മിച്ച എഐ പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍. ഇതിനുവേണ്ടി പുതിയ തന്ത്രം ആവിഷ്‌കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ഇയു ടെക് മേധാവി ഹെന്ന വിര്‍ക്കുനെന്‍ ഉടന്‍ ഇതുസംബന്ധിച്ച പദ്ധതി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയെയും ചൈനയെയും സാങ്കേതികമായി ആശ്രയിക്കുന്നതില്‍ ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. തദ്ദേശീയ എഐ സാങ്കേതികവിദ്യകളുടെ വികസനവും ഉപയോഗവും ത്വരിതപ്പെടുത്തി സുരക്ഷ, പ്രതിരോധശേഷി, വ്യാവസായിക മത്സരക്ഷമത എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് യൂറോപ്യന്‍ കമ്മീഷന്റെ പുതിയ 'എഐ സ്ട്രാറ്റജി'.

എഐ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനും പരിശീലിപ്പിക്കാനും നിയന്ത്രിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും സോഫ്റ്റ്വെയറുകളുടെയും ബാഹ്യ ആശ്രിതത്വം സര്‍ക്കാര്‍, സര്‍ക്കാരിതര ശക്തികള്‍ക്ക് ആയുധമാക്കാന്‍ കഴിയുമെന്നും അത് ഭീഷണി ഉയര്‍ത്തുന്നുവെന്നും കരട് നിര്‍ദ്ദേശം മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ യൂറോപ്യന്‍ നിര്‍മ്മിതവും, വികസിപ്പിക്കാനാകുന്നതുമായ ജനറേറ്റീവ് എഐ സൊല്യൂഷനുകളുടെ ഉപയോഗം വേഗത്തിലാക്കുന്ന നയങ്ങള്‍ പ്രോത്സാഹിപ്പിച്ച് യൂറോപ്പിന്റെ എഐ പരമാധികാരം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും കരട് രേഖയില്‍ പറയുന്നു. ആരോഗ്യം, പ്രതിരോധം, നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളില്‍ എഐ ഉപയോഗം വ്യാപകമാക്കും. ഇതിനായി 1 ബില്യണ്‍ (100 കോടി) യൂറോ കമ്മീഷന്‍ സമാഹരിക്കും.

പുതിയ സാങ്കേതികവിദ്യയില്‍ യൂറോപ്പ് പിന്നോട്ട് പോകാതിരിക്കാനായി അപ്ലൈ എഐ സ്ട്രാറ്റജിയിലൂടെ എല്ലാ മേഖലകളിലും എഐയുടെ ഉപയോഗം വേഗത്തിലാക്കാന്‍ യൂണിയന്‍ ആഗ്രഹിക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വെള്ളിയാഴ്ച ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. പ്രതിരോധ മേഖലയില്‍ യൂറോപ്യന്‍ നിര്‍മ്മിത എഐ അധിഷ്ഠിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് യൂണിയന്‍ മുന്‍ഗണന നല്‍കും. സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യുദ്ധക്കളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഉപയോഗിക്കുന്ന സംവിധാനങ്ങളായ 'യൂറോപ്യന്‍ എഐ അധിഷ്ഠിത' കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ (C2) സംവിധാനങ്ങളുടെ വികസനവും വിന്യാസവും ത്വരിതപ്പെടുത്തും. ബഹിരാകാശ പ്രതിരോധ സാങ്കേതികവിദ്യയ്ക്കായി പ്രത്യേക മോഡലുകളുടെ വികസനത്തെ പിന്തുണയ്ക്കാനും കമ്മീഷന്‍ ലക്ഷ്യമിടുന്നുണ്ട്.

Content Highlights: The EU is launching a new strategy to foster European AI development, aiming for tech independence and bolstering security in critical sectors like defense and healthcare