ഡീപ്‌ഫേക്കിനും ഹാക്കിങ്ങിനും തടയിടാൻ EU; നിയമം ലംഘിച്ചാൽ AI കമ്പനികൾക്ക് വിലക്ക് വരും

#ടെക്‌നോളജി ഡെസ്‌ക്
1. യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ 2. പ്രതീകാത്മകചിത്രം | Getty
1. യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ 2. പ്രതീകാത്മകചിത്രം | Getty

ബ്രസൽസ്: ഡീപ്ഫേക്കുകൾ, എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങൾ, ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ (ഇ.യു.) പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്ചമുതൽ പ്രാബല്യത്തിൽവരുന്ന എ.ഐ. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പുതിയ നിയമപ്രകാരം ചാറ്റ്‌ബോട്ടുകളോ മറ്റ് എ.ഐ. സങ്കേതങ്ങളോ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാൻ ലേബലോ ഡിജിറ്റൽ വാട്ടർമാർക്കോ നിർബന്ധമാകും. ലൈംഗിക ചൂഷണപരമായ ഉള്ളടക്കം, ഡീപ്ഫേക്ക്, പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങൾ, സൈബർ ചട്ടലംഘനങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ പ്രത്യേകശ്രദ്ധ നൽകും.

ഇതിനായി ബ്രസൽസിലെ എ.ഐ. ഓഫീസിൽ 38 പുതിയ ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. ഓപ്പൺ എ.ഐ., ഡീപ് സീക്ക് ഉൾപ്പെടെയുള്ള എ.ഐ. കമ്പനികളുടെ പ്രവർത്തനങ്ങളും ഇവർ നിരീക്ഷിക്കും. അന്വേഷണത്തിനിടെ കമ്പനികളുടെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനും ആവശ്യമായ രേഖകൾ ഹാജരാക്കാൻ നിർദേശിക്കാനും യൂറോപ്യൻ കമ്മിഷന് അധികാരമുണ്ടാകും.

നിയമലംഘനങ്ങൾ രഹസ്യമായി അറിയിക്കാൻ ടെക് ജീവനക്കാർക്കായി 'വിസിൽബൗളർ ടൂളും' ജനങ്ങൾക്കായി മറ്റൊരു സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻ പിഴ ചുമത്തുകയോ യൂറോപ്യൻ വിപണിയിൽനിന്ന് വിലക്കുകയോ ചെയ്‌തേക്കാം.

ഓപ്പൺ എ.ഐ.യുടെയും ആന്ത്രോപിക്കിന്റെയും ചില എ.ഐ. മോഡലുകൾ ഈയിടെ നടത്തിയ സുരക്ഷാവീഴ്ചകളാണ് യൂറോപ്യൻ യൂണിയന്റെ നടപടികൾക്ക് വേഗംപകർന്നത്. ''ജനങ്ങൾക്ക് വിശ്വസിക്കാനാകുന്ന എ.ഐ. സംവിധാനമാണ് ലക്ഷ്യം. അതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് പുതിയ നടപടി'' -യൂറോപ്യൻ കമ്മിഷന്റെ സാങ്കേതിക പരമാധികാരവിഭാഗം മേധാവി ഹെന്ന വിർക്കുനൻ പറഞ്ഞു.

Content Highlights: Implementation of strict EU AI regulations targeting deepfakes and cyber attacks., Mandatory digital watermarking for AI-generated images and videos., Deployment of 38 new officials to monitor major AI firms like OpenAI and DeepSeek., Introduction of whistleblower tools for reporting AI compliance violations., Strict penalties including potential bans from the European market for non-compliance.