മസ്‌കിന്റെ 'ബേക്കറി'; പ്രവര്‍ത്തിക്കുന്നത് ചൊവ്വയിലടക്കം മനുഷ്യവാസം സാധ്യമാക്കുന്നതിനുവേണ്ടി

സ്പേസ് എക്സ്, ടെസ്ല, എക്സ് എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ഇലോണ്‍ മസ്‌കിന് അധികമാര്‍ക്കും അറിയാത്ത ഒരു സംരംഭം കൂടിയുണ്ട്. ഒരു ബേക്കറികൂടി അദ്ദേഹം വിജയകരമായി നടത്തുന്നുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് നടത്തുന്നത് മറ്റാര്‍ക്കുമില്ലാത്ത തരത്തിലുള്ള ഒരു ബേക്കറിയാണ്.
ഫ്‌ളോറിഡയിലുള്ള പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഈ സംരംഭം ഭാവിയില്‍ ചന്ദ്രനിലും ചൊവ്വയിലും ജീവന്‍ നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതികള്‍ക്ക് നിര്‍ണായകമാണ്. ഈ ബേക്കറി ബണ്ണുകള്‍ക്കും ബ്രെഡ്ഡുകള്‍ക്കും പകരം സ്റ്റാര്‍ഷിപ്പ് ദൗത്യത്തിനുള്ള ആയിരക്കണക്കിന് ഹീറ്റ് ഷീല്‍ഡ് ടൈലുകളാണ് ഓരോ ദിവസവും വന്‍തോതില്‍ നിര്‍മ്മിക്കുന്നത്. ബഹിരാകാശ പേടകങ്ങളെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുമ്പോഴുള്ള കൊടുംചൂടില്‍ നിന്ന് സംരക്ഷിക്കാന്‍, സൂക്ഷ്മമായി നിര്‍മ്മിച്ച സെറാമിക് ടൈലുകളാണ് ഇവ. ബഹിരാകാശ യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് നേരിടാന്‍ ലക്ഷ്യമിട്ടാണ് ഈ അത്യാധുനിക നിര്‍മാണശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ബേക്കറിയുടെ പ്രധാന ഉല്‍പ്പന്നമായ ഹീറ്റ് ഷീല്‍ഡ് ടൈലുകള്‍ക്ക് അന്തരീക്ഷത്തിലൂടെ തിരിച്ചിറങ്ങന്ന ഘട്ടത്തില്‍ 1,400°C വരെ എത്തുന്ന താപനിലയെ അതിജീവിക്കാന്‍ കഴിവുണ്ടാകണം. സ്പേസ് ഷട്ടില്‍ പോലുള്ള ആദ്യകാല ബഹിരാകാശ വാഹനങ്ങള്‍ക്ക് ഓരോ പറക്കലിനു ശേഷവും മാസങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായിരുന്നു. എന്നാല്‍ സ്പേസ് എക്സ് ആഗ്രഹിക്കുന്നത് സ്റ്റാര്‍ഷിപ്പ് അതിന്റെ നൂതനമായ ടൈല്‍ സംവിധാനത്തിന്റെ സഹായത്തോടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ലാന്‍ഡ് ചെയ്യുകയും വീണ്ടും വിക്ഷേപിക്കുകയും ചെയ്യാന്‍ സാധിക്കണം എന്നാണ്.
സ്റ്റാര്‍ഷിപ്പിന്റെ അടിഭാഗം ഏകദേശം 18,000 ടൈലുകള്‍ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ഇവ ഓരോന്നും ഭാരം കുറഞ്ഞതും കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ നൂതന സെറാമിക് ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്.
ഈ ടൈലുകളുടെ വന്‍തോതിലുള്ള ഉത്പാദനം, ഗുണമേന്മ ഉറപ്പാക്കല്‍, കൃത്യതയോടെയുള്ള സ്ഥാപിക്കല്‍ എന്നിവ സ്പേസ് എക്സിന് നിര്‍ണായകമാണ്. ചന്ദ്രന്‍, ചൊവ്വ എന്നിവിടങ്ങളിലേക്ക് പതിവായി പോകേണ്ടിവരുന്ന ഭാവിയിലെ പേടകങ്ങള്‍ക്ക് ഒന്നിലധികം തവണ തിരിച്ചിറങ്ങാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്നതിന് ഇവ അത്യാവശ്യമാണ്. സ്റ്റാര്‍ഷിപ്പിന്റെ പുനരുപയോഗിക്കാവുന്ന ഷീല്‍ഡ് സാങ്കേതികവിദ്യയ്ക്ക് ബഹിരാകാശ പേടകങ്ങളെ ഗ്രഹങ്ങള്‍ക്കിടയില്‍ ചരക്കുകളും ആളുകളെയും കൊണ്ടുപോകാനും, അന്യഗ്രഹങ്ങളിലെ അന്തരീക്ഷത്തില്‍ സുരക്ഷിതമായി ഇറങ്ങാനും, ചന്ദ്രനിലും ചൊവ്വയിലും വാസസ്ഥലങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കാനും കഴിഞ്ഞേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Discover Elon Musk`s surprising venture: a high-tech `bakery` mass-producing critical heat shield tiles for SpaceX`s Starship program, enabling interplanetary travel.