സ്ക്രോളിങ് ഇനി സൂപ്പർഫാസ്റ്റ്! ആൻഡ്രോയിഡ് ഫോണുകൾക്കായി എക്സിന്റെ സർപ്രൈസ് അപ്‌ഡേറ്റ്

#ടെക്നോളജി ഡെസ്ക്
X App | Photo: Gettyimages
X App | Photo: Gettyimages

ലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ പരിഷ്കരിച്ച ആൻഡ്രോയിഡ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു വർഷത്തോളം നീണ്ട വികസന പ്രവർത്തനങ്ങൾക്കൊടുവിലാണ് ജൂലായ് 20-ന് പരിഷ്കരിച്ച ആപ്പ് അവതരിപ്പിച്ചത്. കമ്പനിയുടെ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ എഞ്ചിനീയറിങ് പ്രൊജക്ട് ആയിരുന്നു ഇത്.

കേവലമൊരു അപ്‌ഡേറ്റ് എന്നതിലുപരി, പൂർണമായും ആദ്യം മുതൽ നിർമിച്ചെടുത്ത പുതിയൊരു ആപ്ലിക്കേഷനാണിത് എന്ന് എക്സിന്റെ പ്രൊഡക്റ്റ് മേധാവി നികിത ബിയർ വ്യക്തമാക്കി. പഴയ ആപ്പിനേക്കാൾ കൂടുതൽ വേഗമേറിയ പ്രവർത്തനം, സുഗമമായ സ്ക്രോളിങ്, കുറഞ്ഞ ലോഡിങ് സമയം, മെച്ചപ്പെട്ട നോട്ടിഫിക്കേഷനുകൾ എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

വർഷങ്ങളായി ഐഒഎസ് പതിപ്പിനെ അപേക്ഷിച്ച് ആൻഡ്രോയിഡ് ആപ്പ് പിന്നിലായതിനാലാണ് പുതിയൊരു മാറ്റത്തിന് കമ്പനി തയ്യാറായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത്തരം ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതിനായി എക്സ് ഒരു പ്രത്യേക ആൻഡ്രോയിഡ് "ഡ്രീം ടീമിനെ" തന്നെ സജ്ജമാക്കിയിരുന്നു.

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ആഗോളതലത്തിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതിനാൽ, ഈ മാറ്റം അന്താരാഷ്ട്ര വിപണിയിൽ എക്സിന്റെ സ്വാധീനം ശക്തമാക്കാൻ സഹായിക്കും. കഴിഞ്ഞ വർഷം ലിങ്കുകളിൽ ടാപ്പ് ചെയ്താൽ പോസ്റ്റുകൾ ലോഡ് ആവാത്തത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ ആൻഡ്രോയിഡ് ഉപയോക്താക്കൾ നേരിട്ടിരുന്നു. ഒക്ടോബറിൽ ആൻഡ്രോയിഡ് ഡൗൺലോഡുകളിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതിന് ശേഷമാണ് ആൻഡ്രോയിഡ് ആപ്പ് മെച്ചപ്പെടുത്താൻ കമ്പനി തീരുമാനിച്ചത്.

പുതിയ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും, കൂടുതൽ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് എക്സ്. പഴയ ആൻഡ്രോയിഡ് ഫോണുകളിലും മികച്ച പ്രകടനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കമ്പനി തുടരുകയാണ്. കൂടാതെ, ലൈവ് ഓഡിയോ ഫീച്ചറായ സ്പേസസ്, പുതിയ വീഡിയോ എഡിറ്റർ, റിയാക്റ്റ്-വിത്ത്-വീഡിയോ, ക്യാഷ്‌ടാഗുകൾ, കസ്റ്റം ടൈംലൈനുകൾ തുടങ്ങിയ പുതിയ ഫീച്ചറുകൾ വരും അപ്‌ഡേറ്റുകളിൽ ആൻഡ്രോയിഡ് ആപ്പിൽ ഉൾപ്പെടുത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സമീപകാലത്തായി എക്സ് മണി, എക്സ് ചാറ്റ് തുടങ്ങിയ സേവനങ്ങൾക്കായി പ്രത്യേക ആപ്പുകളും പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു.

Content Highlights: Elon Musk's social media platform X has officially released a completely rebuilt Android app designed from scratch to deliver faster loading times, smoother scrolling, and enhanced overall performance.