യുക്രൈനിലെ സ്റ്റാർഷീൽഡ് സേവനം പരിമിതപ്പെടുത്താൻ ഉത്തരവിട്ടത് ഇലോൺ മസ്ക് തന്നെ - റിപ്പോർട്ട്

യുക്രൈനിന് നൽകുന്ന സ്റ്റാർഷീൽഡ് (Starshield) ഉപഗ്രഹ സേവനങ്ങൾ പരിമിതപ്പെടുത്താൻ ഉത്തരവിട്ടത് സ്പേസ് എക്സ് (SpaceX) സി.ഇ.ഒ. ഇലോൺ മസ്ക് തന്നെയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. സ്റ്റാർഷീൽഡ് സേവനത്തിന്റെ വേഗത തീരുമാനിക്കുന്നത് യുഎസ് പ്രസിഡന്റാണെന്ന മസ്കിന്റെ വാദത്തിനെതിരാണ് ഈ റിപ്പോർട്ട്. യുക്രൈൻ ഉപകരണങ്ങളുടെ കണക്റ്റിവിറ്റി വേഗത മസ്ക് പരിമിതപ്പെടുത്തിയതിനെ തുടർന്ന് യുക്രൈനിന്റെ ചില ഡ്രോണുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
യു.എസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് യുക്രൈനിന് സൈനികാവശ്യങ്ങൾക്കായി സ്റ്റാർഷീൽഡ് എന്ന പേരിൽ ഉപഗ്രഹ ഇന്റർനെറ്റ് കണക്ടിവിറ്റി സ്റ്റാർലിങ്ക് ലഭ്യമാക്കിയത്. ഇത് സാധാരണ വാണിജ്യ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വ്യത്യസ്തമാണ്. യുക്രൈനിലെ ആശയവിനിമയ സംവിധാനങ്ങൾ റഷ്യൻ ആക്രമണങ്ങളിൽ താറുമാറായതിനാൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ജനങ്ങൾക്കും സ്റ്റാർഷീൽഡ് പ്രതിരോധ ആവശ്യങ്ങൾക്കും ഉപകരിച്ചിരുന്നു. യുദ്ധമുഖത്തെ സന്ദേശവിനിമയത്തിനും റഷ്യൻ അധിനിവേശ പ്രദേശങ്ങളിലെ ആക്രമണങ്ങൾക്കും ഡ്രോണുകൾക്കും യുക്രൈൻ പ്രധാനമായും ഉപയോഗിക്കുന്നത് സ്റ്റാർഷീൽഡാണ്.
സ്റ്റാർഷീൽഡിന്റെ വേഗത നിയന്ത്രിച്ചതിനെ വിമർശിച്ച് യുക്രൈൻ രംഗത്തുവന്നിരുന്നു. എന്നാൽ സ്റ്റാർഷീൽഡിന്റെ വേഗതയിലോ ഉപയോഗത്തിലോ വരുത്തുന്ന ഏതൊരു നിയന്ത്രണവും യു.എസ്. സൈന്യവും യു.എസ്. പ്രസിഡന്റുമാണ് തീരുമാനിക്കുന്നതെന്ന് മസ്ക് നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ, സ്റ്റാർഷീൽഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പെന്റഗൺ അത്തരം യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും നിലവിലെ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വ്യക്തമാക്കി.
റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾ ആക്രമിക്കുന്നത് നിർത്താൻ ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സേവനങ്ങളിൽ തടസ്സം നേരിട്ടതായി യുക്രൈൻ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ റഷ്യൻ ഡീസൽ അനുവദിക്കുന്ന യു.എസ്. കരാറിനെതിരെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി രംഗത്തുവന്നതോടെ യു.എസും യുക്രൈനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സ്റ്റാർലിങ്ക്, സ്റ്റാർഷീൽഡ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചതായി സെലെൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Wall Street Journal reports that SpaceX CEO Elon Musk directly ordered a speed slowdown and restrictions on Starshield/Starlink services for Ukraine.