മനസിൽ പറഞ്ഞത് ശബ്ദമായി, 'ഐ ലവ് യൂ' പറഞ്ഞ് രോഗി; വിസ്മയിപ്പിച്ച് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക്!

ഒന്നു ചിന്തിച്ചാൽ മാത്രം മതി, വാക്കുകൾ പുറത്തേക്ക് വരും! ശബ്ദമുണ്ടാക്കാതെ ചിന്തകൾ കൊണ്ടുമാത്രം സംസാരിക്കാൻ കഴിഞ്ഞാൽ അത് എത്ര വലിയ വിസ്മയമായിരിക്കും? ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി പങ്കുവെച്ച ആ വാർത്തയിലേക്ക്.
സംസാരശേഷിക്ക് പ്രയാസം നേരിടുന്ന ഒരു വ്യക്തി തന്റെ മനസ്സുകൊണ്ട് പങ്കാളിയോട് സംസാരിക്കുന്ന 23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ന്യൂറാലിങ്ക് തങ്ങളുടെ X പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. 'A beautiful surprise' എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയിൽ, ആ വ്യക്തി മനസ്സിൽ കരുതിയ ചിന്തകളെ മുന്നിലിരുന്ന കമ്പ്യൂട്ടർ ശബ്ദമാക്കി മാറ്റി. അദ്ദേഹം മനസ്സുകൊണ്ട് ആദ്യം പറഞ്ഞ വാക്കുകൾ ഇതായിരുന്നു: 'I love you'
മനുഷ്യ മസ്തിഷ്കത്തെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന അൾട്രാ-ഹൈ-ബാൻഡ്‌വിഡ്ത്ത് BCI സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയിലുള്ള വ്യക്തിയുടെ പേരോ രോഗാവസ്ഥയുടെ കൃത്യമായ വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) സാങ്കേതികവിദ്യ എങ്ങനെ തടസ്സമില്ലാതെ സംസാരിക്കാൻ സഹായിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ചിന്തകൾ കൊണ്ട് സാങ്കേതികവിദ്യ നിയന്ത്രിച്ച് ന്യൂറാലിങ്ക് ലോകത്തെ അമ്പരപ്പിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ രണ്ടു വർഷമായി ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ കഴ്സറുകൾ ചലിപ്പിക്കുന്ന പരീക്ഷണങ്ങൾ ന്യൂറാലിങ്ക് നടത്തിവരുന്നുണ്ട്. ഈ വർഷം മാർച്ച് മാസത്തിൽ, നട്ടെല്ലിന് പരിക്കേറ്റ് കഴുത്തിന് താഴോട്ട് തളർന്നുപോയ ജോൺ എൽ. നോബിൾ എന്ന ബ്രിട്ടീഷ് സൈനിക വെറ്ററൻ, N1 ഇംപ്ലാന്റ് വഴി ചിന്തകൾ കൊണ്ട് മാക്ബുക്കിന്റെ കഴ്സർ വിജയകരമായി നിയന്ത്രിച്ചിരുന്നു.
നിലവിൽ ഈ ഉപകരണങ്ങൾ പരീക്ഷണഘട്ടത്തിലാണെന്നും എഫ്ഡിഎയുടേയോ മറ്റ് ഏതെങ്കിലും അതോറിറ്റികളുടേയോ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ന്യൂറാലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല ഈ ഉപകരണം എല്ലാവരിലും ഭാവിയിൽ ഒരുപോലെ വിജയകരമാവണമെന്നില്ലെന്നും കമ്പനി ഓർമിപ്പിക്കുന്നു. സംസാരിക്കാൻ സാധിക്കാത്തവർക്കും കാഴ്ചശേഷി നഷ്ടപ്പെട്ടവർക്കും പുതിയൊരു പ്രതീക്ഷ നൽകുന്നതാണ് ഈ മുന്നേറ്റം.
Content Highlights: Elon Musk’s neurotech venture Neuralink demonstrated its Brain-Computer Interface (BCI) decoding a speech-impaired individual's thoughts directly into spoken words via a computer, successfully voicing "I love you" to their partner.