കുട്ടികളില്‍ ട്രാന്‍സ്ജെന്‍ഡര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നു, നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കാന്‍ ആഹ്വാനവുമായി മസ്‌ക്

Elon Musk | Photo by Allison ROBBERT / AFP
Elon Musk | Photo by Allison ROBBERT / AFP

നെറ്റ്ഫ്‌ളിക്‌സിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനുകള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സ്വന്തം സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് മസ്‌ക് 'എക്‌സ്' പ്ലാറ്റ്ഫോമിലൂടെ ഈ ആവശ്യം ഉന്നയിച്ചത്. കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റായ ചാര്‍ലി കിര്‍ക്കിന്റെ മരണത്തെ അപമാനിച്ച നെറ്റ്ഫ്‌ളിക്‌സ് ജീവനക്കാരന്റെ നടപടിയും, ട്രാന്‍സ് അനുകൂല ഉള്ളടക്കങ്ങളും വെള്ളക്കാരോടുള്ള വംശീയ വിവേചനവും ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് മസ്‌കിനെ പ്രകോപിപ്പിച്ചത്.

എന്താണ് മസ്‌കിനെ പ്രകോപിപ്പിച്ചത്?

കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെ നെറ്റ്ഫ്‌ളിക്‌സിലെ ഒരു ജീവനക്കാരന്‍ ആഘോഷിച്ചു എന്നാരോപിച്ച് ഒരു 'എക്‌സ്' ഉപഭോക്താവ് പങ്കുവെച്ച പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ടാണ് മസ്‌ക് നെറ്റ്ഫ്‌ളിക്‌സിനെതിരെ രംഗത്തുവരുന്നത്.

Same https://t.co/laEKx2n1Ms

— Elon Musk (@elonmusk) September 30, 2025

നെറ്റ്ഫ്‌ളിക്‌സിലെ 'ഡെഡ് എന്‍ഡ്: പാരാനോര്‍മല്‍ പാര്‍ക്ക്' എന്ന ആനിമേറ്റഡ് സീരീസിന്റെ നിര്‍മാതാവായ ഹാമിഷ് സ്റ്റീല്‍ ആണ് വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ മാസം ബ്ലൂ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ വെടിയേറ്റു മരിച്ച ചാര്‍ലി കിര്‍ക്കിനെ 'നാസി' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ മരണത്തെ നിന്ദ്യമായ ഭാഷയില്‍ പരിഹസിക്കുകയും ചെയ്തു എന്നാണ് ആരോപണം.

മസ്‌ക് ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങള്‍

1. കുട്ടികളില്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നു: ട്രാന്‍സ്‌ജെന്‍ഡര്‍, ക്വിയര്‍ അനുകൂല ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മസ്‌ക് ആരോപിക്കുന്നു. ഇതിന് ഉദാഹരണമായി 'ദി ബേബി-സിറ്റേഴ്‌സ് ക്ലബ്' എന്ന ഷോയിലെ ഒരു രംഗം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

2. വംശീയ വിവേചനം: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നെറ്റ്ഫ്‌ളിക്‌സ് വെള്ളക്കാരായ ആളുകളോട് വിവേചനം കാണിക്കുന്നു എന്നും മസ്‌ക് ആരോപിക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളിലും സംവിധായകരിലും വെള്ളക്കാരുടെ പ്രാതിനിധ്യം കുറവാണെന്ന വാദവും അദ്ദേഹം ഏറ്റുപിടിക്കുന്നു. ഈ ആരോപണത്തെ പിന്തുണയ്ക്കുന്ന കണക്കുകള്‍ സഹിതമുള്ള ഒരു പോസ്റ്റും മസ്‌ക് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകളുടെ ആധികാരികത വ്യക്തമല്ല.

Content Highlights: Elon Musk called for a Netflix boycott after canceling his subscription, citing a director's alleged mockery of conservative activist Charlie Kirk's murder and accusations of promoting transgender content to children plus racial bias against white creators.