ഗ്രോക്കിന്റെ ആദ്യ എഐ ചലച്ചിത്രം 'ദി ഒഡീസി': ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ആദ്യ എപ്പിസോഡ് പുറത്തുവിട്ടു

ചലച്ചിത്രരംഗത്തേക്ക് കടക്കുകയാണ് ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ഗ്രോക്ക് (Grok). ‘ചരിത്രപരമായ കൃത്യത’ ഉറപ്പാക്കുന്ന ഒരു മുഴുനീള ചിത്രം നിർമ്മിക്കുമെന്ന് മൂന്ന് മാസം മുൻപ് മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പുരാതന ഗ്രീക്ക് ഇതിഹാസമായ 'ദി ഒഡീസി'യെ ആസ്പദമാക്കി തയ്യാറാക്കിയ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.
വരാനിരിക്കുന്ന പരമ്പരയിലെ ആദ്യ എപ്പിസോഡാണിതെന്ന് കമ്പനി പറയുന്നു. വണ്ടർ സ്റ്റുഡിയോസും സംവിധായകൻ ദേവ് വാക്കറുമായി സഹകരിച്ച് 'ഗ്രോക്ക് ഇമാജിൻ' (Grok Imagine) എന്ന എഐ ടൂൾ ഉപയോഗിച്ചാണ് ഹ്രസ്വചിത്രം നിർമ്മിച്ചത്.
ട്രോജൻ യുദ്ധത്തിന് പുറപ്പെടാൻ തയ്യാറെടുക്കുന്ന ഗ്രീക്ക് നായകൻ ഒഡീസിയസ്, യാത്രയ്ക്കു ധൈര്യം പകരുന്ന ഭാര്യ പെനലോപ്പി, കടലിലൂടെ നീങ്ങുന്ന ഗ്രീക്ക് കപ്പലുകൾ, ആയോധന പരിശീലനം നടത്തുന്ന മകൻ ടെലിമാക്കസ് എന്നിവയാണ് പ്രധാന രംഗങ്ങൾ. കടലിലെ കപ്പലുകളുടെ ദൃശ്യങ്ങൾ യഥാർത്ഥ ലൈവ്-ആക്ഷൻ ദൃശ്യങ്ങളോട് കിടപിടിക്കുന്നതാണ്.
ചരിത്രപരമായ കൃത്യത ഉറപ്പാക്കുമെന്ന് മസ്ക് പറഞ്ഞിരുന്നെങ്കിലും അതിൽനിന്ന് വിരുദ്ധമായി ഇതിലെ കഥാപാത്രങ്ങൾ പുരാതന ഗ്രീക്കിന് പകരം വീഡിയോ ഗെയിമുകളിലേതുപോലുള്ള സാധാരണ ബ്രിട്ടീഷ് ഉച്ചാരണത്തിലാണ് സംസാരിക്കുന്നതെന്ന ആക്ഷേപമുണ്ട്.
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി' ലൈവ്-ആക്ഷൻ പതിപ്പ് ജൂലൈയിൽ തിയേറ്ററുകളിൽ എത്തി വൻ ബോക്സ് ഓഫീസ് വിജയം നേടിയതിന് പിന്നാലെയാണ് ഈ എഐ വീഡിയോ വരുന്നത്.
നോളന്റെ സിനിമയിൽ ട്രാൻസ്ജെൻഡർ, വെള്ളക്കാരല്ലാത്ത അഭിനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തിയതിനെ മസ്ക് കഠിനമായി വിമർശിച്ചിരുന്നു; ഇതിനു മറുപടിയായാണ് ഗ്രോക്കിന്റെ എഐ പതിപ്പിലെ കഥാപാത്രങ്ങളെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം, യാതൊരുവിധ വികാരങ്ങളോ മാനുഷിക സ്പർശമോ ഇല്ലാത്തതും നിർജ്ജീവവും വിരസവുമാണ് ഈ സൃഷ്ടിയെന്നതുൾപ്പടെയുള്ള നെഗറ്റീവ് പ്രതികരണങ്ങൾ ഉയരുന്നുണ്ട്.
Content Highlights: Elon Musk's artificial intelligence platform, Grok, has released a 7-minute short film adapting the ancient Greek epic The Odyssey using the Grok Imagine tool. While the visual quality has drawn attention, the AI-generated film has also faced mixed reactions and criticism regarding character voice accents and emotional depth.