സമ്പത്ത് ഇനിയും വർധിപ്പിക്കാം; ചൊവ്വയിലും ചന്ദ്രനിലും ഫാക്ടറികൾ വരട്ടെ - മസ്‌ക്

#ടെക്‌നോളജി ഡെസ്‌ക്
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | AP, AI
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | AP, AI

സമ്പത്ത് ഇനിയും വൻതോതിൽ വർധിപ്പിക്കുന്നത് അസാധ്യമല്ലെന്ന് ലോകത്തെ ആദ്യ ട്രില്യണയർ (ഒരു ലക്ഷം കോടിയിലധികം ആസ്തിയുള്ള വ്യക്തി) പദവിയിലെത്തിയ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ക്വാഡ്രില്യണയർ (1,000,000,000,000,000-ലധികം സമ്പത്തുള്ളയാൾ) പദവിയിലെത്തുന്നത് അസാധ്യമല്ല. എന്നാൽ അത്രയധികം സമ്പത്ത് നേടുന്നതിന് ചന്ദ്രനിലും ചൊവ്വയിലും ഫാക്ടറികൾ ആവശ്യമാണെന്നും ഡോളറിനേക്കാൾ പിണ്ഡത്തിലും ഊർജ്ജത്തിലും അളക്കാവുന്ന ഭാവി സമ്പദ്‌വ്യവസ്ഥ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്വാഡ്രില്യണയർ പദവിയിലെത്താൻ ഏകദേശം 999 ട്രില്യൺ ഡോളർ കൂടി ആവശ്യമുണ്ട്. 'അത് അസാധ്യമല്ല, പക്ഷേ അത് നേടാൻ ചന്ദ്രനിലും ചൊവ്വയിലും ഫാക്ടറികൾ ആവശ്യമാണ്. അപ്പോഴേക്കും കറൻസിയായി ഡോളർ ഉപയോഗിക്കില്ലെന്ന് ഞാൻ കരുതുന്നു. പിണ്ഡവും ഊർജ്ജവും മാത്രം.' ഒരു X പോസ്റ്റിന് മറുപടിയായി മസ്‌ക് പറഞ്ഞു.

മസ്‌കിന്റെ കമ്പനിയായ സ്‌പേസ്എക്‌സ് ചരിത്രപരമായ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം വരുന്നത്. IPO -യിലൂടെ ഏകദേശം 75 ബില്യൺ (7500 കോടി) ഡോളർ സമാഹരിച്ച് കമ്പനി വൻനേട്ടം കൈവരിച്ചിരുന്നു. ഓഹരിവില കുതിച്ചുയർന്നു. സ്‌പേസ്എക്‌സിന് 2.1 ട്രില്യൺ ഡോളറിലധികം മൂല്യം അത് നൽകി. ഇതോടെയാണ് മസ്‌കിന്റെ സമ്പാദ്യം ഏകദേശം 1.1 ട്രില്യൺ ഡോളറായി ഉയർന്നത്. അദ്ദേഹം ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറുകയും ചെയ്തു.

അതിനിടെ, 2030 ആകുമ്പോഴേക്കും സ്‌പേസ്എക്‌സിന് 1 ട്രില്യൺ (ഒരു ലക്ഷം കോടി) ഡോളർ വരുമാനം നേടാനാകുമെന്നാണ് മസ്‌കിന്റെ പ്രവചനം. മൂൺ സിറ്റി, ചന്ദ്രനിലെ ഫാക്ടറികൾ, ഭൂമിക്ക് പുറത്തുള്ള എഐ കേന്ദ്രങ്ങൾ എന്നിവ പോലുള്ള ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങളാവും ഇതിന് അടിത്തറ പാകുകയെന്ന് അദ്ദേഹം പറയുന്നു.

Content Highlights: Elon Musk officially becomes the world's first trillionaire., SpaceX IPO on Nasdaq raised $75 billion, valuing the company at $2.1 trillion., Musk envisions a future economy based on mass and energy, not dollars., Strategic shift from rockets to AI infrastructure and lunar manufacturing., Goal of reaching $1 trillion in revenue by 2030 through Moon and Mars expansion.