കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: യു.കെയെ വിമർശിച്ച് മസ്‌ക്, 'യഥാർഥ ലക്ഷ്യം വേറെ'

കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം തടയാനുള്ള യു.കെയുടെ നീക്കത്തിനെതിരെ വിമർശനവുമായി ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ട്രില്യണയറുമായ ഇലോൺ മസ്‌ക്. ബ്രിട്ടന്റെ നീക്കത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രശംസിച്ചതിന് പിന്നാലെയാണ് മസ്‌ക് നീക്കത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത മക്രോൺ ബ്രിട്ടന് സമൂഹിക മാധ്യമമായ എക്‌സിലൂടെ നന്ദി പറഞ്ഞിരുന്നു. പിന്നാലെയാണ് വിമർശനവുമായി മസ്‌ക് രംഗത്തെത്തിയത്. യു.കെ ഒരു പോലീസ് സ്‌റ്റേറ്റ് ആണെന്ന് മസ്‌ക് വിമർശനം ഉന്നയിച്ചു. 'ഈ സെൻസർഷിപ്പ് നിയമം ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ്. യുകെ സർക്കാരിന് എല്ലാവരെയും ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കും. അതാണ് യഥാർത്ഥ ലക്ഷ്യം.' - മറ്റൊരു പോസ്റ്റിൽ മസ്‌ക് ആരോപിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം തടയുന്നതിനുള്ള പദ്ധതികളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ മുന്നോട്ട് പോകുന്നതിനിടെയാണ് മസ്‌കിന്റെ വിമർശനം.
ടിക് ടോക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്‌സ്, യുട്യൂബ് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലേക്ക് കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്ന നിയമങ്ങളാണ് ബ്രിട്ടൻ പരിഗണിക്കുന്നത്. വാട്ട്സ്ആപ്പ്, സിഗ്‌നൽ എന്നിവ പോലെയുള്ള എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കൽ സേവനങ്ങൾ കുട്ടികൾക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താൻ അനുവദിക്കും എന്നതിനാൽ അവയെ വിലക്കിൽനിന്ന് ഒഴിവാക്കുമെന്നും യുകെ സർക്കാർ അറിയിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈനിൽ അപരിചിതരുമായി ഇടപഴകാൻ അനുവദിക്കുന്ന ചില ഓൺലൈൻ ഗെയിമിംഗ്, ലൈവ്- സ്ട്രീമിങ് സംവിധാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യു.കെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കുട്ടികൾക്ക് ശക്തമായ ഓൺലൈൻ സംരക്ഷണം ആവശ്യമാണ് എന്നാണ് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ പറയുന്നത്.
Content Highlights: Elon Musk criticizes UK's proposed social media ban for minors as a move toward a surveillance state., The UK government plans to block access to major platforms like TikTok, Instagram, and X for children under 16., Encrypted messaging apps like WhatsApp and Signal remain exempt from the proposed restrictions., PM Keir Starmer justifies the ban as a necessary step to protect children from online risks., Musk faces legal setbacks in the US, including the dismissal of his lawsuit against OpenAI.