ഗ്രോക്ക് AI ബോട്ടുകളെ തടഞ്ഞ് ആമസോൺ, പ്രതികരിച്ച് മസ്‌ക്; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം X ഷോപ്പ് വരുമോ?

#ടെക്‌നോളജി ഡെസ്‌ക്
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | Getty Images
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | Getty Images

ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്‌ക് ആമസോണിന് ബദലായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങുമോ? മസ്‌ക് എക്‌സിൽ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ആഭ്യൂഹം പ്രചരിക്കുന്നത്. ഗ്രോക്ക് എഐ ബോട്ടുകൾക്ക് ആമസോൺ വിലക്കേർപ്പെടുത്തിയ നടപടി ടെക് ശതകോടീശ്വരനെ ചൊടിപ്പിച്ചതോടെ അദ്ദേഹം പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി രംഗത്തെത്തുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.

എഐ ബോട്ടുകളെ ഇ-കോമഴ്‌സ് ഭീമൻ തടയുന്നു എന്നതിനെക്കുറിച്ച് എക്‌സിൽ ചർച്ച നടന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഇലോൺ മസ്‌ക് രംഗത്തെത്തിയത്. ആമസോണിന് എതിരാളിയെ അവതരിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് മസ്‌ക് സൂചന നൽകി. മസ്‌ക് സ്വന്തമായി ഒരു ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് ഒരു എക്‌സ് ഉപയോക്താവാണ് നിർദേശിച്ചത്. പിന്നാലെ തന്റെ കമ്പനികൾക്ക് ആമസോണുമായി നേരിട്ട് മത്സരിക്കാൻ കഴിയുമെന്ന് ശതകോടീശ്വരൻ പ്രതികരിച്ചു.

ആമസോണിന് ഒരു എതിരാളി ആവശ്യമാണെന്ന് മസ്‌ക്

ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ കയറി ഓർഡറുകൾ നൽകുന്നതിൽ നിന്ന് ഗ്രോക്ക് ബോട്ടുകളെ ആമസോൺ തടയുന്നുവെന്ന് ഒരു ഉപയോക്താവ് പരാതിപ്പെട്ടതോടെയാണ് ഈ വിഷയത്തിലുള്ള ചർച്ച തുടങ്ങിയത്. അതിനിടെ ഉപയോക്താവ് മസ്‌കിനോട് ഒരു 'എക്‌സ് ഷോപ്പ്' (X Shop) ആരംഭിക്കാൻ നിർദ്ദേശിച്ചു. എഐ ഏജന്റുകൾ വഴി ആളുകൾക്ക് ഷോപ്പിംഗ് നടത്താൻ ഇത് അവസരം ഒരുക്കിയേക്കാം എന്ന് ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇതോടെയാണ് ആമസോണിന് ഒരു എതിരാളി ആവശ്യമാണെന്ന തരത്തിൽ മസ്‌ക് പ്രതികരിച്ചത്.

എന്നാൽ കൂടുതൽ വിശദാംശങ്ങളൊന്നും മസ്‌ക് പങ്കുവെച്ചിട്ടില്ല. എങ്കിലും എഐ അസിസ്റ്റന്റുകളെ ഉപയോക്താക്കൾക്ക് വേണ്ടി സ്റ്റോറുകൾ ബ്രൗസ് ചെയ്യാനും സാധനങ്ങൾ വാങ്ങാനും അനുവദിക്കണമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ തലപുകയ്ക്കുന്ന സമയത്താണ് മസ്‌കിന്റെ പരാമർശം ശ്രദ്ധനേടുന്നത്.

എഐ ഷോപ്പിങ് ഏജന്റുകളെ വിലക്കുന്നത് എന്തിന്?

ഷോപ്പിങ് നടത്താൻ ശ്രമിക്കുന്ന തേർഡ്-പാർട്ടി എഐ ഏജന്റുകൾക്കുമേലുള്ള നിയന്ത്രണങ്ങൾ ആമസോൺ കർശനമാക്കി വരികയാണ്. കസ്റ്റമേഴ്‌സിന് വേണ്ടി Amazon.com-ൽ ഷോപ്പിങ് നടത്തുന്നതിൽ നിന്ന് മെറ്റയുടെ മ്യൂസ് പേഴ്‌സണൽ എഐ ഏജന്റിനെ തടഞ്ഞതായി കമ്പനി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. സ്വകാര്യത, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ കാരണമാണിതെന്ന് കമ്പനി പറയുന്നു. ഉൽപ്പന്നങ്ങൾ കണ്ടെത്തുക, വില താരതമ്യം ചെയ്യുക, ഓർഡറുകൾ നൽകുക തുടങ്ങിയ ജോലികൾ എഐ അസിസ്റ്റന്റുകൾ കൂടുതലായി ഏറ്റെടുക്കുമ്പോൾ ഇവയ്ക്കുമേൽ റീട്ടെയിലർമാർക്ക് കൂടുതൽ നിയന്ത്രണം വേണമെന്നാണ് കമ്പനിയുടെ നിലപാട്.

Content Highlights: Elon Musk hinted at launching an Amazon rival after an X discussion about AI bots., Amazon blocked third-party AI shopping bots like Meta's Muse and Grok., Retailers are grappling with the role of AI agents accessing online stores and handling purchases., Amazon cited privacy, security, and lack of transparency as reasons for blocking unauthorized AI agents.