അന്താരാഷ്ട്ര ബയോടെക്‌നോളജി രംഗത്ത് ശ്രദ്ധേയയായ ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ അന്തരിച്ചു

#സ്വന്തം ലേഖകന്‍
ഡോ. നിജു നാരായണന്‍
ഡോ. നിജു നാരായണന്‍

കോഴിക്കോട്: അന്താരാഷ്ട്ര ബയോടെക്‌നോളജി ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി ഡോ. നിജു നാരായണൻ (47) കാലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു.

ജനിതകഘടകങ്ങളിൽ മാറ്റംവരുത്തിയ സൂക്ഷ്മജീവികളെ ഉപയോഗിച്ച് പ്രോട്ടീനുകളും എൻസൈമുകളും പോലുള്ള ജൈവരാസ ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യകളാണ് നിജുവിന്റെ മുഖ്യഗവേഷണവിഷയങ്ങൾ. മാലിന്യത്തിൽനിന്നും അസംസ്‌കൃതവസ്തുക്കളിൽനിന്നും ഉപയോഗപ്രദമായ രാസവസ്തുക്കൾ നിർമിക്കുന്നതും മെറ്റബോളിക് എൻജിനിയറിങ്ങും ഇവരുടെ ഗവേഷണത്തിൽ പ്രധാനപ്പെട്ടതായിരുന്നു.

കോഴിക്കോട് പൊറ്റമ്മൽ-പാലാഴി റോഡ്-എരവത്ത്കുന്ന് ക്രോസ് റോഡിലെ 'ചിരാഗി'ലായിരുന്നു താമസം. ഗുജറാത്തിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഡൽഹി ഐ.ഐ.ടി.യിൽനിന്ന് ബയോടെക്‌നോളജി-ബയോകെമിക്കൽ എൻജിനിയറിങ്ങിൽ എം.എസ്. ബിരുദവും കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂവിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ പിഎച്ച്.ഡി.യും നേടിയശേഷം എം.ഐ.ടി.-യിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തി. തുടർന്ന്, ലോസ് അലമോസ് നാഷണൽ ലബോറട്ടറിയിൽ എന്റപ്രണറേറിയൽ ഫെലോഷിപ്പോടെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റായും സേവനമനുഷ്ഠിച്ചു. തുടർന്നാണ് ലോകപ്രശസ്തമായ ബർക്കിലി ലാബിൽ ശാസ്ത്രജ്ഞയായത്.

നരിക്കുനി പാലത്ത് സ്വദേശി നാരായണൻ കണാരക്കുട്ടി പണിക്കരുടെയും (റിട്ട. എൻജിനിയർ, ഇഫ്‌ക്കോ, ഗുജറാത്ത്) വടകര അടയ്ക്കാതെരു തയ്യുള്ളതിൽ ജയശ്രീയുടെയും മകളാണ്. ഭർത്താവ്: എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രീജിത്ത് ശിവൻ (സീനിയർ ഡേറ്റ സയന്റിസ്റ്റ്, വാൾമാർട്ട്). മക്കൾ: അർഷിയാ, അർജുൻ. സഹോദരൻ: നീരജ് നാരായണൻ (സീനിയർ സയന്റിഫിക് മാനേജർ, ബയോക്കോൺ ബയോലോജിക്‌സ്, ബെംഗളൂരു).

അൽപകാലമായി രോഗബാധിതയായ നിജു വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. വെള്ളിയാഴ്ചതന്നെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ അവിടെയെത്തി. കാലിഫോർണിയയിലെ ട്രേസിയിലുള്ള ഫ്രൈ മെമ്മോറിയൽ ചാപ്പലിൽ ബുധനാഴ്ച രാവിലെ പൊതുദർശനത്തിനുവെക്കും. തുടർന്ന് സർക്കാർ ബഹുമതികളോടെ സംസ്‌കരിക്കും.

Content Highlights: Remembering Dr. Niju Narayanan, a brilliant biotechnologist from Kozhikode, who passed away in California. Her groundbreaking research in metabolic engineering and industrial bioproduction made significant contributions.