എഐ മേധാവികൾ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ആശങ്കകൾ തള്ളി ട്രംപ്; എഐ വികസനവേഗം കുറയ്ക്കുന്നത് ചൈനയ്ക്ക് മുൻതൂക്കം നൽകും

#ടെക്നോളജി ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: AP/PTI
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: AP/PTI

നിർമിത ബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ട് മുൻനിര എഐ കമ്പനികളുടെ മേധാവികൾ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ്. എഐ വികസന വേഗം കുറയ്ക്കണമെന്ന കമ്പനി മേധാവികളുടെ ആഹ്വാനം തള്ളിക്കൊണ്ടാണ് ട്രംപിന്റെയും ഹൗസ് സ്പീക്കർ മൈക്ക് ജോൺസന്റെയും പ്രതികരണം.

എഐ വ്യവസായ മേഖല അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് ഇവർ കരുതുന്നു. എ.ഐ.യെക്കുറിച്ച് അനാവശ്യമായി ഭയം സൃഷ്ടിക്കുന്ന നിഷേധാത്മക ശക്തികളാണ് ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നതെന്ന് ട്രംപ് പറഞ്ഞു. എ.ഐയെ കടുത്ത രീതിയിൽ നിയന്ത്രിച്ചാൽ ചൈനയുമായുള്ള സാങ്കേതിക മത്സരത്തിൽ യു.എസ്. പിന്നിലാകുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ മുന്നറിയിപ്പുനൽകി. അത് യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

നിർമിത ബുദ്ധി സാങ്കേതികവിദ്യ ഇതിനകം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് എഐ കമ്പനിയായ ആന്ത്രോപിക് വ്യാഴാഴ്ച ത്രെട്ട് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനിയുടെ ക്ലോഡ് അടക്കമുള്ള എഐ ടൂളുകൾ ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

ഇതിനു പിന്നാലെ ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെ കഴിഞ്ഞ ദിവസം പങ്കുവെച്ച ബ്ലോഗ് പോസ്റ്റിൽ എഐ വികസന വേഗം കുറയ്ക്കാനും സുരക്ഷയുറപ്പാക്കാനുമായി മൂന്നിന നിർദേശങ്ങളും മുന്നോട്ടുവെച്ചു. എഐ കമ്പനികൾ എഐ മോഡലുകളുടെ വികസന വേഗം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചുവെന്ന് ഉറപ്പാക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഫലപ്രദമാണെന്ന് ഉറപ്പാക്കാനും പുറത്തുനിന്നുള്ള സുരക്ഷാ പരിശോധകരെ അനുവദിക്കണം എന്നായിരുന്നു ഇതിലെ പ്രധാന നിർദേശം.

ഇതുകൂടാതെ ആഗോളതലത്തിൽ എഐ കമ്പനികൾ ഒന്നിച്ചു പ്രവർത്തിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കണമെന്നും അമേരിക്ക ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങൾ ചൈന പോലുള്ള രാജ്യങ്ങളുമായി പോലും എഐ സുരക്ഷയിൽ സാധ്യമായ രീതിയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കണമെന്നുമുള്ള നിർദേശങ്ങളും അമോഡെ മുന്നോട്ടുവെച്ചു. ഈ നിർദേശത്തോട് അനുകൂല നിലപാടാണ് ഇലോൺ മസ്ക്, സാം ഓൾട്ട്മാൻ, ഡെമിസ് ഹസാബിസ് എന്നിവർ സ്വീകരിച്ചത്.

എന്നാൽ, എഐ രംഗത്ത് ചൈനയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് റിപ്പബ്ലിക്കൻ ഭരണകൂടത്തിനുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രതികരണം.

Content Highlights: Donald Trump and House Speaker Mike Johnson have rejected calls from top tech leaders like Anthropic CEO Dario Amodei to slow down artificial intelligence development, arguing that imposing curbs or regulations will only hand a critical strategic advantage to China and endanger US national security.