AI ഭീഷണി: എല്ലാം തട്ടിപ്പെന്ന് ട്രംപ്, ഹുവാങ്ങിന് അപ്രതീക്ഷിത ഫോൺകോൾ, 'അമോദെയി മാലാഖ ചമയേണ്ട'

#ടെക്‌നോളജി ഡെസ്‌ക്
ഡൊണാള്‍ഡ് ട്രംപ്, ജെന്‍സന്‍ ഹുവാങ്, ഡാരിയോ അമോദെയി | Photo - AFP
ഡൊണാള്‍ഡ് ട്രംപ്, ജെന്‍സന്‍ ഹുവാങ്, ഡാരിയോ അമോദെയി | Photo - AFP

എഐ വികസനത്തിന്റെ വേഗത കുറയ്ക്കാമെന്ന ടെക് കമ്പനി മേധാവികളുടെ നിലപാടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിർമിതബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പർ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് എഐ ഗവേഷകർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്ന പശ്ചാത്തലത്തിലാണ് എഐ വികസനം മന്ദഗതിയിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഈ നീക്കം ചൈനയ്ക്ക് ഗുണം ചെയ്യുമെന്നാണ് ട്രംപിന്റെ വാദം.

അതിനിടെ വ്യവസായ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന എൻവിഡിയ സിഇഓ ജെൻസൻ ഹുവാങ്ങിനെ ട്രംപ് ഫോണിൽവിളിച്ച് എഐ മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയിക്കെതിരായ രൂക്ഷ വിമർശനവും ശ്രദ്ധനേടുന്നുണ്ട്.

യുഎസിൽ നടന്ന വ്യവസായ ഉച്ചകോടിക്കിടെയാണ് ലോകത്തെ മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങിനെത്തേടി ട്രംപിന്റെ ഫോൺകോൾ എത്തുന്നത്. ഫോൺ സംഭാഷണത്തിൽ എഐയെ പിന്തുണച്ചുകൊണ്ട് ട്രംപ് ശക്തമായി വാദിച്ചു. ഹുവാങ് കോൾ സ്പീക്കറിലാക്കിയ ശേഷമാണ് ട്രംപ് സംസാരിച്ചത്.

ആശങ്കകൾ വെറും തട്ടിപ്പെന്ന് ട്രംപ്

എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വെറും തട്ടിപ്പാണെന്ന് വിശേഷിപ്പിച്ച ട്രംപ് എഐ നവീകരണത്തിലും വികസനത്തിലും അമേരിക്കയ്ക്ക് ചൈനയെ തോൽപ്പിക്കേണ്ടതുണ്ടെന്ന് ഓൾ-ഇൻ ഉച്ചകോടിക്കിടെ ജെൻസൻ ഹുവാങ്ങിനോട് പറഞ്ഞു. റോബോട്ടുകൾ ഭരണം പിടിച്ചെടുക്കില്ല. എഐ ലോകം കീഴടക്കില്ല. ഇതെല്ലാം വെറും തട്ടിപ്പാണ്. എഐയെ വിമർശിക്കുന്നവർ അമേരിക്കയുടെ എഐ മുന്നേറ്റം ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരുടെയോ ചൈനയുടെയോ തന്ത്രങ്ങൾക്ക് അനുസരിച്ച് കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ഡേറ്റ സെന്ററുകൾ അടുത്ത 20-25 വർഷത്തെ എണ്ണ'

ഡേറ്റ സെന്ററുകൾക്കെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അവയെ ന്യായീകരിക്കാനും ട്രംപ് മറന്നില്ല. ഡേറ്റാ സെന്ററുകൾ വളരെ മികച്ചതാണെന്നും അവ ജനങ്ങളെയും സംസ്ഥാനങ്ങളെയും സമ്പന്നരാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവ അടുത്ത 20-25 വർഷത്തെ എണ്ണയാണ്. ഇന്റർനെറ്റിനേക്കാളും എഐയേക്കാളും വളരെ വിലപ്പെട്ടതാണ്. ജനങ്ങൾ ശ്രദ്ധാലുക്കളായിരിക്കണം വിവേകത്തോടെ കാര്യങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതിനിടെ, ട്രംപും ഹുവാങ്ങും തമ്മിൽ നടത്തിയ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കാൻ എൻവിഡിയ തയ്യാറായിട്ടില്ല. ഈ വിഷയം ചർച്ച ചെയ്യാൻ ട്രംപും ഹുവാങ്ങും കൂടിക്കാഴ്ച നടത്തുമോ എന്നതിനെക്കുറിച്ചും വ്യക്തതയില്ല.

അമോദെയി നിഷ്‌കളങ്കനായ മാലാഖയെന്ന് നടിക്കേണ്ട

ട്രൂത്ത് സോഷ്യലിലൂടെഡാണ് ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയിക്കെതിരെ ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചത്. അദ്ദേഹം തികച്ചും നിഷ്‌കളങ്കനായ ഒരു മാലാഖയാണെന്ന് നടിക്കുകയാണെന്ന് ട്രംപ് വിമർശിച്ചു.

എഐയെ അപകടത്തിൽനിന്ന് രക്ഷിക്കാൻ പ്രാപ്തമായ ഒരേയൊരു സുരക്ഷാ കവചം താനാണെന്ന് യുഎസ് പ്രസിഡന്റ് സാമൂഹിക മാധ്യമ പോസ്റ്റിൽ അവകാശപ്പെട്ടു. 'എഐക്ക് ആവശ്യമായ ഒരേയൊരു നിയന്ത്രണമോ സുരക്ഷാ കവചമോ ശക്തനും മിടുക്കനുമായ ഒരു പ്രസിഡന്റാണ്, യു.എസ്.എയ്ക്ക് അത്തരത്തിലുള്ള ഒരാളുണ്ട്'' - അദ്ദേഹം എഴുതി.

Content Highlights: President Donald Trump dismissed AI safety concerns and doomsday scenarios as a hoax during a call with Nvidia CEO Jensen Huang., Trump emphasized that the United States must outpace China in AI innovation and development, declaring 'Whoever wins AI, wins.', The remarks come as industry leaders like Anthropic CEO Dario Amodei, OpenAI's Sam Altman, and Elon Musk call for cautious safeguards and slowing down AI development., Trump claimed his administration serves as the only necessary 'guardrail' for AI and defended data centers as the 'oil of the next 20, 25 years.'