യു.എസ് ടെക് കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്തിയാൽ 100% തീരുവ; ട്രംപിന്റെ ഭീഷണി

മുംബൈ: മറ്റൊരു തീരുവയുദ്ധത്തിനു കളമൊരുക്കി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ടെക് കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ഈടാക്കുന്ന രാജ്യങ്ങളിൽനിന്ന് യു.എസിലേക്ക് ഇറക്കുമതിചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും നൂറുശതമാനം തീരുവചുമത്തുമെന്നാണ് ഭീഷണി. നിലവിലുള്ളതോ ഭാവിയിൽ ഉണ്ടാക്കുന്നതോ ആയ വാണിജ്യ കരാറുകളെ മറികടക്കുന്ന രീതിയിലാകും തീരുവ കൊണ്ടുവരുകയെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ചില യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്കൻ ടെക്‌നോളജി കമ്പനികൾക്ക് ഡിജിറ്റൽ സേവനനികുതി കൊണ്ടുവരാൻ ഈ രാജ്യങ്ങൾ ചർച്ചകൾ നടത്തിവരുന്ന പശ്ചാത്തലത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട നടപടികളുമായിമുന്നോട്ടുപോയാൽ ഉടനടി തീരുവകൊണ്ടുവരുമെന്നും ട്രംപ് പറയുന്നു.
ടെക്‌നോളജി കമ്പനികൾക്ക് ഡിജിറ്റൽ അഡ്വർടൈസിങ്, ഉപഭോക്താക്കളുടെ വിവരശേഖരം തുടങ്ങിയവയിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽ ഡിജിറ്റൽ സേവനനികുതി കൊണ്ടുവരുന്നതാണ് രാജ്യങ്ങൾ പരിഗണിക്കുന്നത്. അമേരിക്ക ഇതിനെ ശക്തമായി എതിർത്തുവരുകയാണ്. അമേരിക്ക ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനികളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നതാണ് വാദം.
2016-ൽ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഇക്വിലൈസേഷൻ ലെവിയായി ഡിജിറ്റൽ സേവനനികുതി ഇന്ത്യ അവതരിപ്പിച്ചിരുന്നു. ഓൺലൈൻ പരസ്യങ്ങൾക്കും മറ്റു അനുബന്ധ പെയ്മെന്റുകൾക്കുമായി ആറുശതമാനംവരെ നികുതിയാണ് ചുമത്തിയത്. വിദേശ കമ്പനികൾക്കായിരുന്നു ഇതു ബാധകമായിരുന്നത്. ഫിനാൻസ് ആക്ട് ഭേദഗതിയിലുടെ 2025 ഏപ്രിൽ ഒന്നു മുതൽ ഈ നികുതി ഇന്ത്യ ഒഴിവാക്കിയിരുന്നു.
Content Highlights: Trump threatens 100% tariffs on imports from countries taxing US tech giants., Targeted at European nations planning digital service taxes on US companies., US opposes taxes on digital advertising and data collection revenues., India abolished its equalization levy on digital services effective April 2025.