ഇന്റർനെറ്റ് വേണ്ടാത്ത മെസേജിങ് ആപ്പുകളിലേക്ക് സിജെപി പ്രക്ഷോഭകർ മാറിയോ? എന്താണിതിന്റെ സാങ്കേതികത?

#ടെക്നോളജി ഡെസ്ക്
ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ നിന്ന് | Photo by Idrees MOHAMMED / AFP
ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ നിന്ന് | Photo by Idrees MOHAMMED / AFP

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസ്, ജന്തർ മന്തർ എന്നിവിടങ്ങളിൽ പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രവർത്തകർ ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന പ്രത്യേക മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നതായി സംശയം. പോലീസ് ഈ മേഖലകളിൽ 4G, 5G ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചെങ്കിലും, ഇന്റർനെറ്റ് റദ്ദാക്കലുകളെയും മൊബൈൽ നെറ്റ്‌വർക്ക് നിരോധനങ്ങളെയും മറികടക്കാൻ പ്രക്ഷോഭകർ ബ്ലൂടൂത്ത് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത് എങ്ങനെ?

മൊബൈൽ ഡാറ്റ, വൈഫൈ, സെല്ലുലാർ നെറ്റ്‌വർക്കുകൾ എന്നിവയുടെ സഹായമില്ലാതെ തന്നെ സ്മാർട്ട്‌ഫോണുകൾ വഴി സന്ദേശങ്ങൾ കൈമാറാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകളിൽനിന്ന് വ്യത്യസ്തമായി സ്മാർട്ട്‌ഫോണുകളിലെ 'ബ്ലൂടൂത്ത് ലോ എനർജി' (BLE) സംവിധാനമാണ് ഇത്തരം ഓഫ്‌ലൈൻ ആപ്പുകൾ ഉപയോഗപ്പെടുത്തുന്നത്.

ഈ ആപ്പുകളിൽനിന്ന് അയക്കുന്ന സന്ദേശങ്ങൾ മൊബൈൽ ടവറുകൾ വഴിയോ സെർവറുകൾ വഴിയോ പോകുന്നതിന് പകരം, ബ്ലൂടൂത്ത് വഴി തൊട്ടടുത്തുള്ള ഉപകരണങ്ങളിലേക്ക് എൻക്രിപ്റ്റ് ചെയ്ത് നേരിട്ട് അയക്കപ്പെടുന്നു. ഒരേ ആപ്പ് ഉപയോഗിക്കുന്ന കൂടുതൽ ആളുകൾ ഒരു പ്രദേശത്ത് ഉണ്ടാകുമ്പോൾ അതൊരു 'മെഷ് നെറ്റ്‌വർക്ക്' (mesh network) ആയി മാറുകയും, സന്ദേശങ്ങൾ ഒരു ഫോണിൽനിന്ന് മറ്റൊന്നിലേക്ക് റിലേ ചെയ്യപ്പെട്ട് അതായത് സമീപത്തുള്ള ഫോണുകളിലൂടെ സഞ്ചരിച്ച് ഉദ്ദേശിച്ച ആളിലേക്ക് എത്തുകയും ചെയ്യുന്നു.

2025 ജൂലൈയിൽ ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി പുറത്തിറക്കിയ 'ബിറ്റ്‌ചാറ്റ്' (Bitchat) ആണ് ഇത്തരം ഓഫ്‌ലൈൻ മെസേജിങ് ആപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിനകം പത്ത് ലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഈ ആപ്പിൽ അക്കൗണ്ട് നിർമിക്കാതെയോ ഫോൺ നമ്പറില്ലാതെയോ സന്ദേശങ്ങൾ കൈമാറാം. ഹോങ്കോങ്, ഉക്രെയ്ൻ, നേപ്പാൾ എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിലും പ്രകൃതി ദുരന്തങ്ങളുടെ സമയത്തും സമാനമായ ആപ്പുകൾ മുമ്പ് ഉപയോഗിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

പോലീസ് അന്വേഷണം

ഈ ആപ്പുകളുടെ ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡൽഹി പോലീസ്, ആപ്പ് നിർമാതാക്കളിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്. ഇതിനുപുറമെ, ഐ.പി.ഡി.ആർ (IPDR) രേഖകൾ, സിസിടിവി ദൃശ്യങ്ങൾ, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് പ്രക്ഷോഭകരെ തിരിച്ചറിയാനും അധികൃതർ ശ്രമിക്കുന്നുണ്ട്.

Content Highlights: Amid internet shutdowns in Delhi's Connaught Place and Jantar Mantar, CJP protesters are suspected of using offline Bluetooth mesh messaging apps like Bitchat to communicate without cellular networks.