283 കോടി രൂപ മുടക്കിയത് പണമുണ്ടാക്കാനല്ല! ‘ടെമ്പിൾ’ തട്ടിപ്പാണെന്ന വിമർശനത്തിന് മറുപടിയുമായി ദീപീന്ദർ ഗോയൽ

സൊമാറ്റോ സ്ഥാപകനായ ദീപീന്ദർ ഗോയൽ പുറത്തിറക്കുന്ന വെയറബിൾ ഉപകരണമായ ടെമ്പിൾ വിൽപ്പനയ്ക്കൊരുങ്ങുകയാണ്. വിപണിയിൽ പുതിയൊരു ഉപകരണം എത്തുന്നതിന്റെ ആവേശം ഇന്റർനെറ്റിൽ ഒരു കോണിലുണ്ടെങ്കിലും മറ്റ് ചിലർ ഇതിന്റെ ശാസ്ത്രീയ വശങ്ങൾ ചോദ്യം ചെയ്യുകയാണ്. ടെമ്പിൾ ഒരു തട്ടിപ്പാണെന്ന ആരോപണം തന്നെ ഉയരുന്നുണ്ട്.
ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഇപ്പോൾ ദീപീന്ദർ ഗോയൽ. ഇതൊരു തട്ടിപ്പല്ലെന്ന് അദ്ദേഹം പറയുന്നു. സൊമാറ്റോയുടെ മാതൃസ്ഥാപനമായ എറ്റേണലിന്റെ സിഇഒ സ്ഥാനം ഉപേക്ഷിച്ച് ടെമ്പിളിനായി പ്രവർത്തിക്കുന്നത് പണം സമ്പാദിക്കാനല്ലെന്നും ശാസ്ത്രീയമായി പ്രയോജനകരമായ ഒരു ഉത്പന്നം വികസിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ടെമ്പിളിന് തലച്ചോറിലേക്കുള്ള രക്തയോട്ടം കൃത്യമായി അളക്കാൻ കഴിയുമോ എന്നതാണ് ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. അത്തരമൊരു അവകാശവാദത്തിന് സ്വതന്ത്രമായ ശാസ്ത്രീയ തെളിവുകളും ക്ലിനിക്കൽ പഠനങ്ങളും വേണമെന്നാണ് അവരുടെ നിലപാട്.
എന്നാൽ ഇത് ഒരു മെഡിക്കൽ ഉപകരണമല്ലെന്നും ഫിറ്റ്നസ് ട്രാക്കറും വെൽനസ് ഉപകരണവുമാണെന്നും ദീപീന്ദർ ഗോയൽ വ്യക്തമാക്കുന്നു. സ്മാർട് വാച്ച് ഒരു വാച്ച് ആണെന്നും, സ്മാർട് റിങ് വെറുമൊരു മോതിരമാമെന്നും അത് പോലെ ടെമ്പിൾ ഒരു ടെമ്പിൾ മാത്രമാണെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഇതിലെ ഏതെങ്കിലും അളവുകൾക്ക് ക്ലിനിക്കലി സ്ഥിരീകരണം ലഭിച്ചാൽ അത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ടെമ്പിൾ വികസിപ്പിക്കാൻ മൂന്നുകോടി ഡോളർ (ഏകദേശം 283.36 കോടി രൂപ) മുടക്കിയിട്ടുണ്ട്. അതിൽ 20 കോടി (ഏകദേശം 188 കോടി രൂപ) സ്വന്തം പണമാണെന്നും അദ്ദേഹം പറയുന്നു. കമ്പനിയുടെ ജീവനക്കാരും ഉപഭോക്താക്കളും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇത് തട്ടിപ്പല്ലെന്നതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതുകൂടാതെ, ഉത്പന്നം വാങ്ങിയിട്ട് 14 ദിവസത്തിനുള്ളിൽ യാതൊരു ചോദ്യങ്ങളുമില്ലാതെ തിരിച്ചുനൽകാനുള്ള സൗകര്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആപ്പിൾ പോലും നൽകാത്ത ആനുകൂല്യമാണിത്. ഉത്പന്നം പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ തുടക്കത്തിൽത്തന്നെ പരാജയപ്പെടും. ഗവേഷണത്തിനും വികസനത്തിനുമായി ചെലവഴിച്ച തുകയുടെ പത്തിലൊന്ന് പോലും തിരിച്ചുപിടിക്കുന്നതിന് മുമ്പ് കമ്പനി അടച്ചുപൂട്ടേണ്ടിവരും.
വൂപ്പ് (WHOOP) പോലുള്ള വെയറബിൾ ഉപകരണ കമ്പനികളും തുടക്കത്തിൽ ആഭ്യന്തര പഠനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് ദീപീന്ദർ ചൂണ്ടിക്കാട്ടി. അവയിൽ പലതിന്റെയും ശാസ്ത്രീയ പഠനങ്ങൾ പുറത്തുവന്നത് വർഷങ്ങൾക്ക് ശേഷമാണ്. ഞങ്ങൾ ഇതിലും ഉയർന്ന നിലവാരമാണ് ലക്ഷ്യമിടുന്നത്. ടെമ്പിളിനെക്കുറിച്ചുള്ള പ്രീപ്രിന്റ് പഠനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറയുന്നു. ടെമ്പിൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഉപകരണം വിപണിയിലെത്തുന്നതോടെ സ്വതന്ത്ര പഠനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Zomato founder Deepinder Goyal has strongly refuted allegations from doctors claiming his new $30 million health wearable, Temple, is a medical scam. He clarified that the device is a science-driven fitness and wellness tracker rather than a diagnostic tool, emphasizing that his massive personal investment aims for true innovation rather than a quick profit.