എഐയില്‍ കണ്ണുവെച്ച് താരങ്ങളും; പെര്‍പ്ലെക്‌സിറ്റിയില്‍ നിക്ഷേപം നടത്തി റോണാള്‍ഡോ, നന്ദിപറഞ്ഞ് അരവിന്ദ് ശ്രീനിവാസ്

നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റി എഐയില്‍ നിക്ഷേപം നടത്തി പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്റ്റാര്‍ട്ടപ്പ് സ്ഥാപകനും ഇന്ത്യയില്‍ നിന്നുള്ള സംരംഭകനുമായ അരവിന്ദ് ശ്രീനിവാസാണ് റൊണാള്‍ഡോയുടെ നിക്ഷേപം സംബന്ധിച്ച വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.റൊണാള്‍ഡോയുടെ പിന്‍ബലത്തോടെ നിര്‍മിതബുദ്ധിയുടെ രംഗത്ത് മുന്നേറാനും ആഗോള സ്വാധീനം വര്‍ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ഗൂഗിള്‍ ജെമിനി എന്നിവയുമായി മത്സരിക്കുന്ന ഒരു പ്രമുഖ എഐ പ്ലാറ്റ്‌ഫോമാണ് പെര്‍പ്ലെക്‌സിറ്റി.
ക്രിസ്റ്റ്യാനോയുമായി സഹകരിക്കുന്നതും അദ്ദേഹത്തെ പെര്‍പ്ലെക്‌സിറ്റിയില്‍ ഒരു നിക്ഷേപകനായി സ്വാഗതം ചെയ്യുന്നതും ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ് കുറിച്ചു. അദ്ദേഹം എക്കാലത്തെയും മികച്ച താരമായിരിക്കാനുള്ള കാരണം ഇതാണ്. പുതിയ കാര്യങ്ങള്‍ കണ്ടെത്താനായി അദ്ദേഹം എപ്പോഴും പരിശ്രമിക്കുന്നു. പെര്‍പ്ലെക്‌സിറ്റിയെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഏറ്റവും മികച്ച എഐ ആക്കി മാറ്റാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ലോകത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന കായിക താരങ്ങളിലൊരാള്‍ കമ്പനിയെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് ഈ സഹകരണം ഒരു 'എലൈറ്റ് കോളാബ്' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മഹത്തായ കാര്യങ്ങള്‍ക്ക് ജിജ്ഞാസ അത്യാവശ്യമാണെന്ന് റൊണാള്‍ഡോ പ്രതികരിച്ചു. ഓരോ ദിവസവും പുതിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നാല്‍ നിങ്ങള്‍ വിജയിക്കും. അതുകൊണ്ടാണ് പെര്‍പ്ലെക്‌സിറ്റിയിലെ നിക്ഷേപം പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നത്. പെര്‍പ്ലെക്‌സിറ്റി ലോകത്തിന്റെ ജിജ്ഞാസയെ ശക്തിപ്പെടുത്തുന്നു. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ എല്ലാവരെയും പ്രചോദിപ്പിക്കും. ഇതൊരു തുടക്കം മാത്രമാണെന്നും റൊണാള്‍ഡോ എക്‌സില്‍ കുറിച്ചു.
Content Highlights: Cristiano Ronaldo backs Perplexity AI, a leading AI platform competing with ChatGPT & Gemini. Discover how this partnership will `power the world`s curiosity