വാര്‍ത്തകള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കണം; മാധ്യമങ്ങളുടെ പരാതിയില്‍ ഗൂഗിളിനെതിരെ അന്വേഷണം

Google | Photo: AP
Google | Photo: AP

വാര്‍ത്താ വിതരണ രംഗത്തെ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്ന ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പരാതിയില്‍ ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍. 

ഗൂഗിള്‍, ഗൂഗിള്‍ എല്‍എല്‍സി, ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിള്‍ അയര്‍ലന്‍ഡ് ലിമിറ്റഡ്, ഗൂഗിള്‍ ഏഷ്യ പസഫിക് തുടങ്ങിയ സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ന്യൂസ് റെഫറല്‍, സേവന രംഗത്തും ഓണ്‍ലൈന്‍ മാധ്യമ വിപണിയിലെ പരസ്യവിതരണ സാങ്കേതിക സേവന രംഗത്തുമുള്ള തങ്ങളുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്യുകയാണെന്ന് ഐഎന്‍എസ് ആരോപിക്കുന്നു. 

വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടും വാര്‍ത്താ പ്രസാധകര്‍ക്ക് അവര്‍ സൃഷ്ടിച്ച് പുറത്തിറക്കുകയും ഗൂഗിള്‍ അവരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് ന്യായമായ മൂല്യം പ്രതിഫലമായി നല്‍കുന്നില്ലെന്നും ഐഎന്‍എസ് ആരോപിച്ചു. 

സെര്‍ച്ച് റിസള്‍ട്ടില്‍ കാണിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കണം എന്ന് നിര്‍ദേശിക്കുന്ന പ്രത്യേക നിയമങ്ങള്‍ ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌പെയ്ന്‍ പോലുള്ള നിരവധി രാജ്യങ്ങള്‍ പാസാക്കിയിട്ടുണ്ട്. 

ഗൂഗിളിന് ലഭിക്കുന്ന മൊത്തം പരസ്യ വരുമാനത്തെ കുറിച്ചും മാധ്യമങ്ങള്‍ക്ക് എത്ര ശതമാനമാണ് നല്‍കുന്നതെന്നത് സംബന്ധിച്ചുമുള്ള യാതൊരു വിവരവും മാധ്യമ സ്ഥാപനങ്ങള്‍ക്കറിയില്ല. 

യൂറോപ്യന്‍ പബ്ലിഷേഴ്‌സ് കൗണ്‍സിലും ഗൂഗിള്‍ തങ്ങളുടെ മേല്‍കോയ്മ ദുരുപയോഗം ചെയ്യുന്നതായി കാണിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഐഎന്‍എസ് പറഞ്ഞു. 

ഐഎന്‍എസിന്റെ വാദങ്ങള്‍ പരിശോധിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍, ആരോപണങ്ങള്‍ 2002-ലെ കോമ്പറ്റീഷന്‍ ആക്ടിന്റെ പരിധിയില്‍ പെടുന്നതാണെന്നും ഡയറക്ടര്‍ ജനറലിന്റെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഐഎന്‍എസ് സമര്‍പ്പിച്ച വിവരങ്ങളും സമാനമായ തര്‍ക്കമുള്ള ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്‍ നല്‍കിയ വിവരങ്ങളും സംയോജിപ്പിക്കാനും സിസിഐ  ഉത്തരവിറക്കി.


 

Content Highlights: google, competition commission of india, Indian Newspaper Society