GTA 6 ഗെയിം കളിക്കാൻ കൂട്ടത്തോടെ ലീവ്; ഇന്ത്യയിലടക്കം കമ്പനികൾ അവധി പ്രഖ്യാപിച്ചു

#ടെക്നോളജി ഡെസ്ക്
ജിടിഎ 6  ന്റെ പരസ്യം | Photo by Philip FONG / AFP
ജിടിഎ 6 ന്റെ പരസ്യം | Photo by Philip FONG / AFP

ജോലിയിൽനിന്നു ലീവെടുക്കാൻ പല കാരണങ്ങളുമുണ്ടാകും. ആഘോഷങ്ങളും അസുഖങ്ങളും യാത്രകളുമൊക്കെ ആ പട്ടികയിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ, ഒരു വീഡിയോ ഗെയിം കളിക്കാനായി ലോകമെമ്പാടുമുള്ളവർ കൂട്ടത്തോടെ ലീവെടുക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? ലോകപ്രശസ്തമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജി.ടി.എ.) എന്ന വീഡിയോ ഗെയിമിന്റെ ആറാം പതിപ്പായ ജി.ടി.എ.6 നവംബർ 19-ന് റിലീസ് ചെയ്യുമെന്ന വാർത്ത പുറത്തുവന്നതോടെ ലീവ് ആവശ്യപ്പെട്ടവരുടെ എണ്ണം കുതിച്ചുയർന്നെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലടക്കം ചില സ്ഥാപനങ്ങളാകട്ടെ ആ ദിവസം അവധിയും പ്രഖ്യാപിച്ചു.

ജോർജിയയിലെ യു.എസ്. സൈന്യത്തിന്റെ ഒൻപതാം ബ്രിഗേഡ് ബെറ്റാലിയനാകട്ടെ അതുക്കുംമേലെയാണ് ചിന്തിച്ചത്. ഉടനടി രണ്ടുവർഷത്തെ പുനർനിയമനക്കരാറിൽ ഒപ്പുവെക്കുന്ന സൈനികർക്ക് ഗെയിം ഇറങ്ങുന്ന സമയത്ത് നാലുദിവസത്തെ പ്രത്യേക പാസിന് അർഹതയുണ്ടായിരിക്കും എന്ന് ഒാഗസ്റ്റിൽതന്നെ ഉത്തരവിട്ടു.

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡെ ബൈ ചെയർകാർട്ടെ എന്ന ഇന്റീരിയർ ഡിസൈൻ സ്ഥാപനം, സ്വിസ് അമേരിക്കൻ ടെക് കമ്പനിയായ ലോഗിടെക്, കനേഡിയൻ ഇലക്‌ട്രിക് ട്രക്ക് നിർമാതാക്കളായ എഡിസൺ മോട്ടോഴ്‌സ്, കാലിഫോർണിയൻ കമ്പനിയായ ബർഗർ മോട്ടോർസ്പോട്‌സ്, പോകറ്റ്‌പെയർ എന്ന ജാപ്പനീസ് ഗെയിം നിർമാതാക്കൾ എന്നിവയെല്ലാം ഗെയിം പുറത്തിറങ്ങുന്നത് പ്രമാണിച്ച് അവധി പ്രഖ്യാപിച്ച കമ്പനികളാണ്.

അവധിവേണമെന്നും തന്നില്ലെങ്കിൽ രാജിവെക്കുമെന്നും അവധി അപേക്ഷയിൽ എഴുതിയാൽപിന്നെ എന്തുചെയ്യും?

Content Highlights: Following the November 19 release announcement of Grand Theft Auto 6 (GTA 6), leave requests surged globally, prompting several companies—including Chennai-based Inde by Chairkarte, Logitech, Edison Motors, Burger Motorsports, and Pocketpair—to declare a holiday for employees.