നത്തിങ്ങിന്റെ CMF ഇനി ഇന്ത്യൻ കമ്പനി, ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കി ഒപ്റ്റിമസ് ഗ്രൂപ്പ്

#ടെക്നോളജി ഡെസ്ക്
nothing cmf phone 1 | Photo: .cmf.tech
nothing cmf phone 1 | Photo: .cmf.tech

ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങിന്റെ സബ് ബ്രാൻഡ് എന്ന നിലയിൽ പ്രശസ്തമായ ഇലക്ട്രോണിക്സ് ബ്രാൻഡാണ് സിഎംഎഫ്. സ്മാർട്ഫോണുകൾ, സ്മാർട് വാച്ചുകൾ, ഹെഡ്ഫോണുകൾ, ഇയർബഡുകൾ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങൾ പുറത്തിറക്കിയ സിഎംഎഫ് ഇനിമുതൽ ഒരു ഇന്ത്യൻ കമ്പനിയാണ്. ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ ഒപ്റ്റിമസ് ഗ്രൂപ്പ് സിഎംഎഫിന്റെ ഭൂരിഭാഗം ഓഹരിയും ഏറ്റെടുത്തു. കമ്പനിയിലെ 51.1 ശതമാനം ഓഹരിയും ഇപ്പോൾ ഒപ്റ്റിമസിന്റെ ഉടമസ്ഥതയിലാണെന്നാണ് റിപ്പോർട്ടുകൾ.

ഉത്തർ പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒപ്റ്റിമസ് ഇൻഫ്രാകോം ലിമിറ്റഡ് എന്ന ഒപ്റ്റിമസ് ഗ്രൂപ്പ്. ഉപകരണ നിർമാണത്തിനായി നേരത്തെ തന്നെ സഹകരിച്ച് പ്രവർത്തിക്കുന്നവരാണ് നത്തിങും ഒപ്റ്റിമസും. പുതിയ നീക്കത്തിലൂടെ സിഎംഎഫ് ബ്രാൻഡിന്റെ ഉടമസ്ഥാവകാശവും ഗവേഷണ വികസന പ്രവർത്തനങ്ങളിലും ഒപ്റ്റിമസും നത്തിങും പങ്കാളികളാവും.

ഫോണുകൾ കേവലം അസംബിൾ ചെയ്യുന്നതിനപ്പുറം, ഇൻഡസ്ട്രിയൽ ഡിസൈൻ, മെക്കാനിക്കൽ എൻജിനീയറിങ്, ക്യാമറ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ എൻജിനീയറിങ്, കണക്റ്റിവിറ്റി, കമ്പോണന്റ് എൻജിനീയറിങ് എന്നിവയുൾപ്പെടെ എൻഡ്-ടു-എൻഡ് (full-stack) R&D ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ഫോൺ ബ്രാൻഡായി സിഎംഎഫിനെ വളർത്താനാണ് ഈ പങ്കാളിത്തത്തിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതോടെ സിഎംഎഫ് ഉത്പന്നങ്ങൾ പൂർണമായും ഇന്ത്യൻ നിർമിതമായി മാറും.

ഓപ്റ്റിമസിന് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുണ്ടെങ്കിലും, നത്തിങ്ങിന്റെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടിയാവും പുതിയ സ്മാർട്ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കും വേണ്ടി നിക്ഷേപിക്കുക. ഇതിനായി കേന്ദ്ര സർക്കാരിന്റെ മൊബൈൽ ഫോൺ മാനുഫാക്ചറിംഗ് സ്കീമും (MPMS) കമ്പനികൾ പ്രയോജനപ്പെടുത്തും.

Content Highlights: Optimus Group has acquired a 51.1% majority stake in CMF by Nothing, transforming the popular electronics brand into an Indian-owned entity focused on end-to-end local research and development.