വെളിച്ചം ഡോണട്ട് ആകൃതിയിൽ വളച്ചെടുത്ത് ചൈനക്കാർ, വയർലെസിന്‍റെ ഭാവി കുറിക്കുമോ പുതിയ കണ്ടെത്തൽ ?

പ്രകാശത്തിന് ആകൃതി കൊടുക്കാനാവുമോ? അതിനൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. പ്രകാശത്തെ ഡോണട്ടിന്റെ ആകൃതിയുള്ള അതിസൂക്ഷ്മമായ തിളങ്ങുന്ന വലയങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൗതികശാസ്ത്രത്തിൽ സ്കിർമിയോൺസ് എന്നാണ് ഈ രൂപങ്ങളെ വിളിക്കുന്നത്. ഇത് ബാഹ്യസ്വാധീനങ്ങളിൽ മാറ്റമില്ലാതെ ആകൃതി നിലനിർത്തുംവിധം സ്ഥിരതയുള്ളതും വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളതുമാണിത്.
ടിയാൻജിൻ സർവകലാശാലയിലെ ലി നിയു, ഷൂക്വിയാൻ ഷാങ് എന്നിവരാണ് ലേസറുകളും അത്യാധുനിക നാനേസ്കെയിൽ പ്രതലങ്ങളും ഉപയോഗിച്ച് പ്രകാശത്തെ രണ്ട് വ്യത്യസ്ത രീതികളിലേക്ക് മാറ്റാൻ സാധിക്കുമെന്ന് കണ്ടെത്തിയത്. ടെറാഹെർട്സ് തരംഗദൈർഘ്യത്തിൽ പ്രകാശത്തിൽ മാറ്റങ്ങളുണ്ടാക്കാനാണ് ഇവർ ശ്രമിച്ചത്. ഈ കണ്ടുപിടിത്തം ഭാവിയിൽ കൂടുതൽ വേഗതയുള്ളതും കാര്യക്ഷമവുമായ വയർലെസ് വാർത്താവിനിമയത്തിന് വഴിയൊരുക്കിയേക്കാം. ഒപ്റ്റിക്ക ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രത്യേകതരം നാനോ സ്കെയിൽ പ്രതലങ്ങളാണ് ഇതിലെ പ്രധാന ഘടകമായി ശാസ്ത്രജ്ഞർ ഉപയോഗിച്ചത്, ഈ പ്രതലത്തിൽ ലേസർ പതിക്കുമ്പോൾ പ്രകാശം വലയരൂപം പ്രാപിക്കുന്നു. പ്രകാശത്തെ ഇലക്ട്രിക് മോഡിലേക്കും മാഗ്നറ്റിക് മോഡിലേക്കും പരസ്പരം മാറ്റാനാവുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് പൂർണമായും നിയന്ത്രണത്തിലാക്കാനും സാധിക്കും.
സ്കിർമിയോണുകളുടെ പ്രയോജനമെന്ത് ?
സ്കിർമിയോണുകളുടെ സഹായത്തോടെ വിവരങ്ങൾ പുതിയ രീതിയിൽ എൻകോഡ് ചെയ്യാനും കൈമാറ്റം ചെയ്യാനും സാധിക്കും. കൂടുതൽ ദൂരത്തേക്ക് തടസങ്ങളില്ലാതെ വിവരങ്ങൾ വഹിക്കാൻ ഈ പ്രകാശ വലയങ്ങൾക്ക് ശേഷിയുണ്ടാവും. നിലവിലുള്ള വയർലെസ് ആശയവിനിമയങ്ങളുടെ പരിമിതികൾ മറികടക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും ടെറാഹെർട്സ് ഫ്രീക്വൻസിയുള്ള നെറ്റ് വർക്കുകളിൽ ഇത് വിപ്ലവം തീർക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Content Highlights: Can We Shape Light? Chinese Scientists Create ‘Light Donuts’ to Revolutionize Wireless Tech.