'വെന്‍ഡിങ് മെഷീനില്‍നിന്ന് മരുന്ന്, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ സ്‌ക്രീനില്‍; ചൈനയിലെ ആശുപത്രികള്‍ നെക്സ്റ്റ് ലെവലാണ്'

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ചൈനയിലെ ആശുപത്രികളിലെ ആധുനിക സൗകര്യങ്ങളെക്കുറിച്ചുള്ള വീഡിയോ. വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള ഡോക്ടര്‍മാരുടെ സേവനം അതിവേഗം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ അടക്കമുള്ളവയെക്കുറിച്ചാണ് വീഡിയോയില്‍ പ്രതിപാദിക്കുന്നത്. വീഡിയോ വൈറലായതോടെ ചൈനയിലെ 'നെക്സ്റ്റ് ലെവല്‍' ആശുപത്രി സൗകര്യങ്ങളെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രശംസിക്കുകയാണ്.

മരുന്ന് വിതരണത്തിനായി ഹൈടെക് വെന്‍ഡിങ് മെഷീനുകളും ഡോക്ടര്‍മാരുടെ യോഗ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ഡിജിറ്റല്‍ സ്‌ക്രീനുകളും ചൈനയില്‍ വ്യാപകമായിക്കഴിഞ്ഞുവെന്ന് വീഡിയോ അവകാശപ്പെടുന്നു.

സ്‌കാന്‍ ആന്‍ഡ് ഗോ മെഡിസിന്‍ വെന്‍ഡിംഗ് മെഷീനുകളാണ് ചൈനയിലെ ആശുപത്രികളുടെ പ്രധാന സവിശേഷതകളിലൊന്ന്. ഈ മെഷീനുകളില്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കുറിപ്പടിയിലുള്ള മരുന്നുകള്‍ തല്‍ക്ഷണം ലഭിക്കും. ഈ സംവിധാനം മരുന്നുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കുകയും രോഗികളുടെ കാത്തിരിപ്പും തിക്കും തിരക്കും ഒഴിവാക്കുകയും ചെയ്യുന്നു. ഡോക്ടര്‍മാര്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത. ഡോക്ടര്‍മാരുടെ ഫോട്ടോകള്‍, യോഗ്യതകള്‍, വൈദഗ്ധ്യമുള്ള മേഖലകള്‍ എന്നിവ ആശുപത്രികളിലെ വലിയ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.രോഗികള്‍ക്ക് മികച്ച ഡോക്ടറെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by •Pari (@_parified)

ഓരോ വാര്‍ഡിന് പുറത്തും രോഗികളുടെ വിവരങ്ങള്‍, ബെഡ് നമ്പറുകള്‍, ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പേരുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതും ആധുനിക രീതിയിലാണ്. സുതാര്യതയും സുഗമമായ ആശുപത്രി നടത്തിപ്പും ഉറപ്പാക്കുന്നതാണ് ഈ സംവിധാനങ്ങള്‍. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തെ നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ചൈനയിലെ ആശുപത്രികള്‍ മികച്ച ചികിത്സ വാഗ്ദാനം ചെയ്യുന്നതെന്ന് വീഡിയോ അവകാശപ്പെടുന്നു. കാലങ്ങളായി തെളിയിക്കപ്പെട്ട ചികിത്സാരീതികളെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളുമായി സംയോജിപ്പിച്ച് രോഗികള്‍ക്ക് മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുന്നു.

ചൈന ജീവിക്കുന്നത് 2050-ലാണെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. 'ഞാന്‍ വര്‍ഷത്തില്‍ രണ്ടുതവണ ചൈനയിലേക്ക് പോകുന്നത് ചികിത്സയ്ക്ക് വേണ്ടിയാണ്. എനിക്ക് യുഎസ്എയില്‍ ചികിത്സ തേടാന്‍ കഴിയില്ല. ഞാന്‍ എല്ലാ മാസവും ആരോഗ്യ ഇന്‍ഷുറന്‍സിനായി വലിയൊരു തുക അടയ്ക്കുന്നു, അതിനുശേഷവും കയ്യില്‍ നിന്ന് പണം നല്‍കേണ്ടിവരുന്നു. യുഎസ്എയിലെ ഏറ്റവും വലിയ തട്ടിപ്പാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്' - ഒരു ഉപയോക്താവ് എഴുതി. ഇതുകൊണ്ടാണ് ട്രംപിന് ചൈനയോട് ഇത്രയധികം വെറുപ്പെന്നും എല്ലാത്തിലും വളരെ മുന്നിലാണ് അവരെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Discover China`s advanced hospitals featuring scan-and-go medicine vending machines, digital doctor directories, and transparent patient info. See the future of healthcare