ചൈനയുടെ ബഹിരാകാശ വിമാനം വീണ്ടും ഭ്രമണപഥത്തിൽ, ദൗത്യമെന്ത്? അടിമുടി ദുരൂഹത

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം നാലാം തവണയും ഭ്രമണപഥത്തിലെത്തിച്ച് ചൈന. അതീവ രഹസ്യമായാണ് നീക്കങ്ങളെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ബഹിരാകാശ വിമാനം നാലാം തവണയും വിക്ഷേപിച്ചതിലൂടെ എന്ത് ദൗത്യമാണ് ചൈന ലക്ഷ്യമിടുന്നത് എന്നകാര്യം അജ്ഞാതമായി തുടരുകയാണ്.

നിരീക്ഷകർ 'ഡിവൈൻ ഡ്രാഗൺ' എന്നർഥം വരുന്ന ഷെൻലോങ് എന്നാണ് ഈ ബഹിരാകാശ പേടകത്തെ വിശേഷിപ്പിക്കുന്നത്. ഫെബ്രുവരി ഏഴിന് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുകുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് ലോങ്മാർച്ച്-2എഫ് റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. 2020-ൽ ആരംഭിച്ച വിക്ഷേപണങ്ങളുടെ പരമ്പരയിൽ ഒടുവിലത്തേതാണിത്. ചൈനീസ് വൃത്തങ്ങൾ അധികൃതർ പേടകത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും എത്രകാലം ഭ്രമണപഥത്തിൽ തുടരും എന്നതിനെക്കുറിച്ചും നാമമാത്രമായ വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

ഭാവിയിലെ സമാധാനപരമായ ആവശ്യങ്ങൾക്കായി സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ബഹിരാകാശ യാത്രകളെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ വിക്ഷേപണമെന്ന് സർക്കാരിനെ ഉദ്ധരിച്ച് ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാഹനത്തിന്റെ രൂപകൽപ്പന, പേലോഡുകൾ, പ്രവർത്തനം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ അധികം പുറത്തുവിട്ടിട്ടില്ല.

ദുരൂഹത നിലനിൽക്കുന്നതിനാൽ ഉപഗ്രഹ ഡാറ്റ, അമച്വർ നിരീക്ഷണങ്ങൾ, ഭ്രമണപഥ ട്രാക്കിങ് എന്നിവയിൽ നിന്നുള്ള സൂചനകൾ നിരീക്ഷകർ ശേഖരിച്ചു വരികയാണ്. മുമ്പത്തെ ഷെൻലോങ് ദൗത്യങ്ങൾ ഏതാനും ദിവസങ്ങൾ മുതൽ എട്ട് മാസത്തിൽ കൂടുതൽ വരെ നീണ്ടുനിന്നിട്ടുണ്ട്. ബഹിരാകാശ വിമാനം ചെറിയ വസ്തുക്കൾ ഭ്രമണപഥത്തിലേക്ക് പുറംതള്ളിയതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചെറിയ ഉപഗ്രഹങ്ങളോ ടെസ്റ്റ് ഹാർഡ്വെയറോ ആയിരിക്കാം ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് സ്‌പേസ് ഫോഴ്‌സ് പ്രവർത്തിപ്പിക്കുന്ന ബോയിങ് എക്‌സ്-37ബി (Boeing X-37B) യുമായി സാമ്യമുള്ളതാണ് ഈ ബഹിരാകാശ പേടകം എന്നാണ് സൂചനകൾ. അമേരിക്കൻ പേടകങ്ങളെപ്പോലെ ഷെൻലോങിനും താഴ്ന്ന ഭ്രമണപഥത്തിൽ സാധാരണ ഉപഗ്രഹങ്ങൾക്ക് സാധ്യമാകുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇവയെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്.

രഹസ്യാത്മകത നിലനിർത്തുമ്പോഴും ചൈനയുടെ ഇത്തരം വാഹനങ്ങളുടെ ആവർത്തിച്ചുള്ള വിക്ഷേപണങ്ങൾ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടക സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന താൽപ്പര്യങ്ങളെ അടിവരയിടുന്നുതാണ്. ഇവയ്ക്ക് ഭ്രമണപഥത്തിലെ സർവീസിങ്, ഉപഗ്രഹ വിന്യാസം എന്നിവ അടക്കമുള്ളവയെ പിന്തുണയ്ക്കാൻ കഴിയും. എന്നിരുന്നാലും ഷെൻലോങ്ങിന്റെ ഏറ്റവും പുതിയ ദൗത്യത്തിന്റെ കൃത്യമായ ലക്ഷ്യം അജ്ഞാതമായി തുടരുകയാണ്.

Content Highlights: China`s secretive reusable space plane, Shenlong (Divine Dragon), is on its 4th orbital mission.