ചൈനയുടെ രഹസ്യ ബഹിരാകാശ വിമാനം ക്യാമറയിൽ കുടുങ്ങി; അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്!

#ടെക്നോളജി ഡെസ്ക്
യുഎസ് ഇന്റലിജൻസ് ഏജൻസി പുറത്തുവിട്ട ചൈനയുടെ 'ഷെൻലോംഗ്' ബഹിരാകാശ വിമാനത്തിന്റെ ചിത്രം.
യുഎസ് ഇന്റലിജൻസ് ഏജൻസി പുറത്തുവിട്ട ചൈനയുടെ 'ഷെൻലോംഗ്' ബഹിരാകാശ വിമാനത്തിന്റെ ചിത്രം.

ഭൂമിയെ വലം വെക്കുന്ന ചൈനയുടെ രഹസ്യ ബഹിരാകാശവിമാനത്തിന്റെ ചിത്രം പുറത്തുവിട്ട് യുഎസ് ഇന്റലിജൻസ് ഏജൻസി. ഷെൻലോങ് (Shenlong) അഥവാ 'ഡിവൈൻ ഡ്രാഗൺ' എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിക് ബഹിരാകാശ വിമാനം കഴിഞ്ഞ ആറ് വർഷമായി പ്രവർത്തനത്തിലുണ്ട്. ലോ എർത്ത് ഓർബിറ്റിൽ (LEO) അജ്ഞാത വസ്തുക്കൾ നിക്ഷേപിച്ചതിന്റെ പേരിൽ ഈ വിമാനം നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു. ഗ്രൗണ്ട് ബേസ്ഡ് റഡാറുകൾ ഉപയോഗിച്ച് വിവിധ കമ്പനികളും ഗവേഷകരും ഈ വിമാനത്തിന്റെ സഞ്ചാരം നിരീക്ഷിച്ചു വരികയായിരുന്നു. വിമാനത്തിന്റെ സവിശേഷതകളും പ്രവർത്തനശേഷിയും വ്യക്തമാക്കുന്ന തരത്തിലുള്ള വിശദമായ ചിത്രമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

2024-ൽ മാക്സർ ടെക്‌നോളജീസിന്റെ (ഇപ്പോൾ വാൻ്റോർ) ഉപഗ്രഹം ഉപയോഗിച്ചാണ് 90 കിലോമീറ്റർ അകലെനിന്ന് ഈ ചിത്രം എടുത്തത്. യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (DIA) ത്രെട്ട് അസസ്മെന്റ് റിപ്പോർട്ടിന്റെ ഭാഗമായാണ് ഈ ചിത്രം ഉൾപ്പെടുത്തിയത്. ബഹിരാകാശത്തേക്ക് വസ്തുക്കളെ എത്തിക്കാനും, അവ അവിടെ വെച്ച് പരീക്ഷിക്കാനും, തുടർന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനും ഷെൻലോംഗിന് കഴിയും എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പുറത്തുവന്ന ചിത്രത്തിൽ മറ്റൊരു ഉപഗ്രഹവുമായി ഡോക്ക് ചെയ്ത നിലയിലാണ് ഷെൻലോംഗ് കാണപ്പെടുന്നത്. വിമാനത്തിന്റെ സോളാർ പാനലുകൾ വിടർത്തിയ നിലയിലാണുള്ളത്. കൂടാതെ, വിമാനത്തിന്റെ പിൻഭാഗത്തുള്ള പേലോഡ് ഡോർ തുറന്ന നിലയിലാണെന്നും കാണാം.

പുനരുപയോഗിക്കാവുന്ന ഈ ബഹിരാകാശ വിമാനത്തിന് യുഎസിന്റെ ബോയിംഗ് നിർമിത X-37B വിമാനവുമായി വലിയ സാമ്യമുണ്ട്. ഒരു റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിക്കുകയും, ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം സാധാരണ വിമാനം പോലെ ലാൻഡ് ചെയ്യുകയും ചെയ്യുന്ന രീതിയാണിതിന്. ഷെൻലോംഗിന്റെ നീളം 26 അടിയാണെന്ന് വാൻ്റോർ പറയുന്നു. ചൈന ഇതുവരെ ഇതിന്റെ ഔദ്യോഗിക ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഷെൻലോംഗ് ഇപ്പോൾ അതിന്റെ നാലാമത്തെ ദൗത്യത്തിലാണ്. ഈ വർഷം ഫെബ്രുവരി ഏഴിന് ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോംഗ് മാർച്ച് 2F റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്.

Content Highlights: US intelligence has released the first detailed satellite image of China's secret robotic space plane, known as Shenlong or the 'Divine Dragon'. Captured from 90 kilometers away, the image reveals the reusable space plane docked with another object in low Earth orbit.