ചൂടിനെ നേരിടാൻ നൂതനമാർഗം, വീഡിയോ വൈറൽ; മിസ്റ്റ് സംവിധാനങ്ങളുടെ നേട്ടമെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
യുന്‍ചെങ് നഗരത്തില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള മിസ്റ്റ് സംവിധാനങ്ങള്‍ | screengrab
യുന്‍ചെങ് നഗരത്തില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള മിസ്റ്റ് സംവിധാനങ്ങള്‍ | screengrab

വേനൽ ചൂടിൽ വെന്തുരുകുന്ന ചൈനയിൽ ജനവാസ മേഖലകളിൽ തണുപ്പ് നിലനിർത്താൻ ഉപയോഗിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. വടക്കൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ യുൻചെങ് നഗരത്തിൽ അപ്പാർട്ട്‌മെന്റുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള മിസ്റ്റ് സംവിധാനങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

വായുവിലേക്ക് നേരിയ കണികകളായി വെള്ളം സ്‌പ്രേ ചെയ്യുന്ന സംവിധാനമാണിത്. പ്രദേശത്തെ താപനില കുറയ്ക്കാനും കടുത്ത ചൂടിൽ നിന്ന് അപ്പാർട്ട്‌മെന്റിലെ താമസക്കാർക്ക് ആശ്വാസം നൽകാനും ഇത് ഉപകരിക്കുന്നു.

മേൽക്കൂരകളിൽ നിന്ന് താഴേക്ക് ഒഴുകി ഇറങ്ങുന്ന മഞ്ഞുകണങ്ങൾ താഴെയുള്ള തെരുവുകളും നടപ്പാതകളും തണുപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആകർഷകമായ കാഴ്ച വൈകാതെ ലോകശ്രദ്ധ നേടി. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ നഗരാസൂത്രണത്തിലടക്കം എങ്ങനെ മാറ്റംവരുത്തണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ ദൃശ്യങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്.

ബാഷ്പീകരണത്തിലൂടെയുള്ള തണുപ്പിക്കൽ (evaporative cooling) എന്നറിയപ്പെടുന്ന രീതിയാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള നോസിലുകൾ വായുവിലേക്ക് വളരെ നേരിയ ജല കണികകൾ സ്‌പ്രേ ചെയ്യുന്നു. ഈ കണികകൾ ബാഷ്പീകരിക്കപ്പെടുമ്പോൾ അവ ചുറ്റുമുള്ള വായുവിൽ നിന്ന് താപം വലിച്ചെടുക്കുന്നു. വിയർപ്പ് മനുഷ്യ ശരീരത്തെ തണുപ്പിക്കുന്നതിന് സമാനമായ രീതിയിൽ ഇത് വായുവിനെ തണുപ്പിക്കുന്നു.

താപനില ഏകദേശം 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ ഈ സംവിധാനത്തിന് അഞ്ച് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയ്ക്കാൻ മിനിറ്റുകൾക്കുള്ളിൽ കഴിയുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കണികകൾ വളരെ ചെറുതായതിനാൽ ചൂടേറിയതും താരതമ്യേന വരണ്ടതുമായ കാലാവസ്ഥയിൽ അവ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നു. അതിനാൽ വഴിയാത്രക്കാരെയടക്കം നനയ്ക്കാതെ തന്നെ തണുപ്പിക്കൽ അതിവേഗം സാധ്യമാകും.

വെള്ളം, പമ്പുകൾ, ഉയർന്ന മർദ്ദത്തോടെ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നോസിലുകൾ എന്നിവ മാത്രമാണ് ഇതിനാവശ്യം. അതിനാൽ എയർ കണ്ടീഷനറുകളെക്കാൾ വളരെ കുറഞ്ഞ വൈദ്യുതി മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഇത്തരം മിസ്റ്റ് സംവിധാനങ്ങൾ ചൈനയിലെ നഗരങ്ങളിലും പാർക്കുകൾ, പൊതുസ്ഥലങ്ങൾ, നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും വേനൽക്കാലത്ത് ഉപയോഗിച്ചുവരുന്നു.

Content Highlights: Rooftop misting systems lower temperatures by 5°C to 8°C., Utilizes evaporative cooling to provide relief during heatwaves., Energy-efficient alternative to traditional air conditioning., Addresses urban heat island effect in dense city environments., Global model for climate change adaptation in urban planning.