നിർമിതബുദ്ധിയിൽ അമേരിക്ക പതറുന്നു? ഓപ്പൺസോഴ്സ് കരുത്തിൽ യുഎസിനെ വിറപ്പിച്ച് ചൈനീസ് മോഡലുകൾ

നിർമിതബുദ്ധി (AI) മേഖലയിൽ ആഗോളാധിപത്യം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ അമേരിക്കയെ കടത്തിവെട്ടി ചൈന മുന്നേറുന്നതായി റിപ്പോർട്ട്. അത്യാധുനിക ചിപ്പുകൾക്ക് യുഎസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെ മറികടന്നാണ് ഓപ്പൺസോഴ്സ് സാങ്കേതികവിദ്യയിലൂടെ ചൈന ഈ നേട്ടം കൈവരിക്കുന്നത്. യുഎസ് കോൺഗ്രഷണൽ അഡ്വൈസറി ബോഡി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അമേരിക്കയ്ക്ക് ലഭിക്കുന്ന കനത്ത തിരിച്ചടിയെക്കുറിച്ച് മുന്നറിയിപ്പുള്ളത്.
കൂടുതൽ പണം ചെലവാക്കി സബ്സ്ക്രിപ്ഷൻ എടുക്കേണ്ടിവരുന്ന യുഎസ് മോഡലുകൾക്ക് പകരം, കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ചൈനീസ് ഓപ്പൺസോഴ്സ് മോഡലുകളെ ലോകം ഏറ്റെടുക്കുകയാണെന്ന് യുഎസ് വിദഗ്ധർ വിലയിരുത്തി. ഹഗ്ഗിങ് ഫേസ് (HuggingFace), ഓപ്പൺ റൂട്ടർ (OpenRouter) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അലിബാബ, മൂൺഷോട്ട്, മിനിമാക്സ് തുടങ്ങിയ ചൈനീസ് സ്ഥാപനങ്ങളുടെ ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) ആഗോള ഉപയോഗത്തിൽ ഇപ്പോൾ മുൻപന്തിയിലാണ്.
നിർമാണ മേഖല, ഫാക്ടറികൾ, ലോജിസ്റ്റിക് ശൃംഖലകൾ, റോബോട്ടിക്സ് എന്നിവയുടെ നവീകരണത്തിനായി വിവിധ മേഖലകളിൽ നിർമിതബുദ്ധി വിന്യസിക്കാനുള്ള ചൈനയുടെ നീക്കം യഥാർത്ഥ ലോകത്തെ വിവരശേഖരണത്തിന് (real-world data) സഹായിക്കുന്നുണ്ടെന്നും, ഇത് എഐ മോഡലുകളുടെ ഗുണനിലവാരം വർധിപ്പിക്കാൻ വീണ്ടും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
"കംപ്യൂട്ടിങ് ശേഷിയിൽ വലിയ നിയന്ത്രണങ്ങൾ നേരിടുന്നുണ്ടെങ്കിലും, ഈ ഓപ്പൺ ഇക്കോസിസ്റ്റം ചൈനയെ സാങ്കേതിക രംഗത്ത് മുൻനിരയിൽതന്നെ നിൽക്കാനും നവീകരണങ്ങൾ നടത്താനും പ്രാപ്തമാക്കുന്നു," എന്ന് യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കുറിച്ചു. പ്രകടനത്തിൽ പാശ്ചാത്യ മോഡലുകളുടെ അടുത്തെത്തുന്ന പ്രകടനമാണ് ചൈനീസ് മോഡലുകളുടേതെന്നും റിപ്പോർട്ടിൽ നിരീക്ഷണമുണ്ട്.
ചൈനയുടെ കംപ്യൂട്ടിങ് ശേഷി വർധിക്കുന്നത് തടയുന്നതിനായി 2022 മുതൽ യുഎസിൽനിന്നുള്ള എഐ ചിപ്പുകളുടെ കയറ്റുമതിക്ക് യുഎസ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിവരികയാണ്. എങ്കിലും കഴിഞ്ഞ ഡിസംബറിൽ എൻവിഡിയയുടെ (Nvidia) ശക്തമായ രണ്ടാമത്തെ ചിപ്പ് കയറ്റുമതി ചെയ്യാൻ യുഎസ് അനുമതി നൽകിയിരുന്നു.
എഐ രംഗത്ത് മുൻനിരയിലെത്താൻ യുഎസിലെ വൻകിട കമ്പനികൾ കോടികൾ മുടക്കുമ്പോഴാണ് എൻവിഡിയയുടേതുൾപ്പെടെയുള്ള അതിശക്തവും വിലകൂടിയതുമായ എഐ ചിപ്പുകളുടെ പിൻബലമില്ലാതെ കുറഞ്ഞ ചെലവിൽ ചൈനീസ് കമ്പനികൾ യുഎസിനെ വെല്ലുവിളിക്കുന്നത്. ഓപ്പൺസോഴ്സ് സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിനാൽ അതിന് ജനപ്രീതിയും വർധിക്കുന്നു. സബ്സ്ക്രിപ്ഷൻ നിരക്കുൾപ്പെടെ വൻ തുക ഈടാക്കുന്ന യുഎസ് കമ്പനികൾക്ക് ഈ നീക്കം കനത്ത തിരിച്ചടിയാണ് നൽകുന്നത്.
അടുത്തിടെ ഇലോൺ മസ്കും ഇതേ നിരീക്ഷണവുമായി രംഗത്തെത്തിയിരുന്നു. യുഎസ് കമ്പനികൾക്ക് നിലവിൽ എഐ രംഗത്ത് ആത്യന്തികമായി ആധിപത്യം ഉണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ചൈന ആയിരിക്കും ഈ രംഗത്തെ വിജയി എന്ന് മസ്ക് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ഡീപ് സീക്കിന്റെ (DeepSeek) ആർ1 (R1) മോഡൽ, യുഎസ് ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുകയും ചാറ്റ് ജിപിടിയെ മറികടക്കുകയും ചെയ്തിരുന്നു. കൂടാതെ, അലിബാബയുടെ ക്വെൻ (Qwen) സീരീസ് മോഡലുകൾ ആഗോള ഡൗൺലോഡ് എണ്ണത്തിൽ മെറ്റയുടെ (Meta) ലാമയെ (Llama) പിന്നിലാക്കിയിട്ടുണ്ടെന്നാണ് ഹഗ്ഗിങ് ഫേസ് (HuggingFace) നൽകുന്ന വിവരം.
Content Highlights: China is successfully bypassing US chip sanctions by leveraging cost-effective open-source AI models, with platforms like Alibaba and DeepSeek now challenging the global dominance of American tech giants.