മത്സ്യമല്ല, അണ്ടർവാട്ടർ റോബോട്ടാണ്; നിരീക്ഷണത്തിനും ചാരവൃത്തിക്കും ഉപയോഗപ്പെടുത്താം

വലിയ ശ്രദ്ധനേടി ബെയ്ജിങ്ങിൽ നടക്കുന്ന CIFTIS (ചൈന ഇന്റർനാഷണൽ ഫെയർ ഫോർ ട്രേഡ് ഇൻ സർവീസസ്) പ്രദർശിപ്പിച്ച ചൈനയുടെ ബി.ജി-5 ഗോൾഡൻ ഡ്രാഗൺ ഫിഷ് അണ്ടർവാട്ടർ റോബോട്ട്. ജലത്തിനടിയിലൂടെ സ്വയം സഞ്ചരിക്കാൻ കഴിയുന്ന മത്സ്യത്തിന്റെ രൂപത്തിലുള്ള റോബോട്ടാണിത്. മനുഷ്യർ നിശ്ചയിച്ച പാതയിലൂടെയല്ല ഈ റോബോട്ട് സഞ്ചരിക്കുന്നത്. തടസ്സങ്ങൾ ഒഴിവാക്കി മുന്നേറാൻ കഴിയുംവിധം സഞ്ചാരപാത സ്വയം ആസൂത്രണം ചെയ്യും. ദൗത്യങ്ങൾ മറ്റ് അണ്ടർവാട്ടർ റോബോട്ടുകൾക്ക് വിഭജിച്ച് നൽകാനും ഒന്നിലധികം റോബോട്ടുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും കഴിവുകളുള്ള 'ബി.ജി-5വി' എന്ന വകഭേദവുമുണ്ട്.
സമുദ്രത്തിനടിയിലെ നിരീക്ഷണത്തിനും ചാരവൃത്തിക്കും ഉപയോഗിക്കാൻ സാധിക്കുന്ന നൂതന റോബോട്ടിക് സംവിധാനങ്ങളുടെ ചൈനയിൽ നടക്കുന്ന അതിവേഗ മുന്നേറ്റമാണ് ഇത് വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചൈനയിലെ ബോയാഗോങ്ദാവോ മറൈൻ ടെക്‌നോളജി ഗ്രൂപ്പ് വികസിപ്പിച്ചെടുത്തതാണ് ബി.ജി-5 ഗോൾഡൻ ഡ്രാഗൺ ഫിഷ്. ജീവനുള്ള മത്സ്യം നീന്തുന്നതുപോലെ തോന്നിക്കുന്നതിനായി ഇതിൽ ഇതിൽ പല ജോയിന്റുകളുള്ള വാലടക്കം ഉപയോഗിച്ചിട്ടുണ്ട്.
റോബോട്ട് മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലൂടെയല്ല നീന്തുന്നത്. ഇതിലെ സെൻസറുകൾ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് സ്വന്തമായി സഞ്ചാരപാത നിശ്ചയിക്കും. റോബോട്ടിന് 3 കിലോഗ്രാം ഭാരമുണ്ടെന്നും, ഇതിന്റെ മൂന്ന് ജോയിന്റുകളുള്ള വാലിനെ ഏഴ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പരമാവധി 5 മീറ്റർ ആഴത്തിൽ ഇതിന് പ്രവർത്തിക്കാൻ കഴിയും. പരമാവധി വേഗത സെക്കൻഡിൽ 0.6 മീറ്ററാണ്. പരമ്പരാഗത പ്രൊപ്പല്ലറുകൾക്ക് പകരം വാലിലെ ഒന്നിലധികം ജോയിന്റുകളുടെ തരംഗ ചലനത്തിലൂടെയാണ് ഇത് മുന്നോട്ട് നീങ്ങുന്നത്.
ചൈന ലക്ഷ്യമിടുന്നതെന്ത്?
ബി.ജി-5 ന്റെ നിർമ്മാതാക്കളായ ബോയാഗോങ്ദാവോയ്ക്ക് അണ്ടർവാട്ടർ റോബോട്ടിക്സിൽ പ്രതിരോധ മേഖലയുമായി ബന്ധമുണ്ട്. അണ്ടർവാട്ടർ നിരീക്ഷണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന പ്രതിരോധപദ്ധതി ഇവർ ഏറ്റെടുത്തിട്ടുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. സൈന്യവുമായി സഹകരിച്ച് സഹകരിച്ച് അവർ 'റോബോ-ഷാർക്ക്' (ROBO-SHARK) എന്ന മറ്റൊരു അണ്ടർവാട്ടർ റോബോട്ടും വികസിപ്പിച്ചിട്ടുണ്ട്.
ബി.ജി-5-ന്റെ കഴിവുകൾ ചാരവൃത്തിക്കും നിരീക്ഷണത്തിനും അതിനെ ഉപയോഗപ്രദമാക്കിയേക്കാം. വലിയ അണ്ടർവാട്ടർ വാഹനങ്ങൾ പ്രായോഗികമല്ലാത്ത സന്ദർഭങ്ങളിൽ ഇത് ഉപയോഗിക്കാം. ഇടുങ്ങിയതോ ആഴം കുറഞ്ഞതോ ആയ ജലാശയങ്ങളിൽ ഇതിന് പ്രവർത്തിക്കാൻ സാധിക്കും. മീനിന്റേതുപോലെയുള്ള വാലിന്റെ ചലനങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ജലത്തിനടിയിൽ നിരീക്ഷണം നടത്താൻ സഹായിക്കും. ഒന്നിലധികം അണ്ടർവാട്ടർ റോബോട്ടുകളെ ഉപയോഗിച്ച് ഏകോപിതമായ തിരച്ചിൽ, നിരീക്ഷണം, ചാരവൃത്തി എന്നിവ നടത്താൻ സഹായിക്കുന്നതാണ് ഇതെനനാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: China showcased the BG-5 Golden Dragon Fish biomimetic robot at CIFTIS 2026 in Beijing., Modelled on the golden arowana, it features a multi-joint tail and autonomous obstacle avoidance., Weighs 3 kg with potential applications in shallow-water reconnaissance and multi-robot surveillance missions.