ചൈനയിൽ എഐ സൈക്കോസിസ് പെരുകുന്നു ; വെർച്വൽ പങ്കാളികൾക്ക് പൂട്ടിടാൻ പുതിയ നിയമം

ചൈനയിൽ നിർമിത ബുദ്ധി അധിഷ്ഠിത വെർച്വൽ പങ്കാളികൾക്കും എഐ ഗേൾഫ്രണ്ട്സിനും കർശന നിയന്ത്രണം വരുന്നു. ഉപഭോക്താക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് ഈ നീക്കം. ജൂലായ് 15 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ എഐ ഗേൾഫ്രണ്ടുകൾ, വെർച്വൽ പങ്കാളികൾ എന്നീ സേവനങ്ങൾ ചൈനയിൽ ലഭ്യമാകില്ല. അതിവേഗം വളരുന്ന നിർമിത ബുദ്ധി സാങ്കേതികവിദ്യയ്ക്ക് മേലുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സർക്കാർ എഐ കംപാനിയൻഷിപ്പ് ആപ്പുകൾക്കെതിരെ നടപടിയെടുക്കുന്നത്.
ഇതിന്റെ ഭാഗമായി ആലിബാബ, ബൈറ്റ്ഡാൻസ്, ടെൻസെന്റ് തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് കമ്പനികളെല്ലാം തങ്ങളുടെ എഐ ചാറ്റ്ബോട്ടുകളിലെ കസ്റ്റമൈസ് ചെയ്യാവുന്ന 'പെർസോണ' (persona) ഫീച്ചറുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബൈറ്റ്ഡാൻസിന്റെ ജനപ്രിയ ചാറ്റ്ബോട്ടായ ഡൗബാവോ (Doubao), ആലിബാബയുടെ ക്വെൻ (Qwen) എന്നിവ ജൂലായ് 15 മുതൽ ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കും.
നെറ്റ്ഈസ് ക്ലൗഡ് മ്യൂസിക്കിന്റെ എഐ ആപ്പായ മിയാവോഷി (Miaoshi) ജൂലായ് 14-ന് തന്നെ നിർത്തലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചാറ്റ്ബോട്ടുകളുടെ സ്വഭാവം, സംസാരരീതി എന്നിവ മാറ്റി അവയെ വ്യക്തിഗത സഹായികളോ, അധ്യാപകരോ, വെർച്വൽ ബന്ധുക്കളോ, കാമുകീ-കാമുകന്മാരോ ആയി മാറ്റാൻ ഉപയോക്താക്കളെ സഹായിച്ചിരുന്ന ഫീച്ചറുകളാണ് ഇതോടെ ഇല്ലാതാകുന്നത്.
എഐ ചാറ്റ്ബോട്ടുകളുടെയും റോൾ-പ്ലേയിംഗ് ബോട്ടുകളുടെയും അമിതമായ ഉപയോഗം മൂലം ഉപയോക്താക്കൾക്ക് യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്ന 'എഐ സൈക്കോസിസ്' എന്ന അവസ്ഥയുണ്ടാകുന്നുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകൾ വളരെ എളുപ്പത്തിൽ അശ്ലീല ഉള്ളടക്കങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുള്ളതും ഈ മേഖല കർശന പരിശോധനയ്ക്ക് വിധേയമാകാനിടയാക്കി.
പുതിയ നിയമപ്രകാരം, പ്രായപൂർത്തിയാകാത്തവർക്ക് വെർച്വൽ റൊമാന്റിക് പങ്കാളികൾ, വെർച്വൽ കുടുംബാംഗങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മനുഷ്യസ്വഭാവമുള്ള നിർമിത ബുദ്ധി സേവനങ്ങൾ നൽകണമെങ്കിൽ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ പൂർണ സമ്മതം നിർബന്ധമാണ്.
ഈ വർഷം ഏപ്രിലിൽ ചൈനയിലെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ എഐ ആപ്പുകളുടെ നിയമലംഘനങ്ങൾക്കെതിരെ രാജ്യവ്യാപകമായി നാല് മാസം നീണ്ട നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ നിയമം ലംഘിച്ച 3,500-ലധികം എഐ ആപ്പുകളും ഉൽപ്പന്നങ്ങളും നീക്കം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ എഐ നിർമ്മിത വ്യാജ വാർത്തകൾക്കും അശ്ലീല ഉള്ളടക്കങ്ങൾക്കുമെതിരെ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.
Content Highlights: Starting July 15, China is implementing strict regulations on AI companion apps and persona features, citing concerns over mental health, AI psychosis, and the potential for inappropriate content.