കൂടുതല്‍ കൃത്യത, സുരക്ഷിതം- GPT-4 പുറത്തിറക്കി ഓപ്പണ്‍ എഐ

കവിതയെഴുതാനും കഥയെഴുതാനും ലേഖനങ്ങളെഴുതാനുമെല്ലാം കഴിവുള്ള ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ടിന്റെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐ പുതിയ നിര്‍മിതബുദ്ധി ഭാഷാമോഡലായ ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ 4 (ജിപിടി-4) അവതരിപ്പിച്ചു. ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന് അടിസ്ഥാനമായ ജിപിടി-3.5 ന്റെ പുതിയ അപ്‌ഡേറ്റാണിത്. മുന്‍ഗാമിയേക്കാള്‍ സുരക്ഷിതവും കൂടുതല്‍ കൃത്യതയും ഉണ്ടാവും പുതിയ പതിപ്പിനെന്ന് കമ്പനി പറയുന്നു.
ചാറ്റ് ജിപിടി ജനപ്രിയമായതോടെ അതിന്റെ അപ്‌ഡേറ്റഡ് പതിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു ഉപഭോക്താക്കള്‍. ജിപിടി-4 വരുന്നതോടെ ചാറ്റ് ജിപിടിയുടെയും കഴിവുകള്‍ മെച്ചപ്പെടും.
കൂടുതല്‍ ക്രിയാത്മകവും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് മുന്‍ പതിപ്പുകളേക്കാള്‍ കൂടുതല്‍ കൃത്യതയോടെ പരിഹാരം കാണാൻ ഇതിന് സാധിക്കുമെന്നും ഓപ്പണ്‍ എഐ വ്യക്തമാക്കി. ഭാവിയില്‍ വാക്കുകള്‍ക്കൊപ്പം ചിത്രങ്ങളും നിര്‍ദേശങ്ങളായി നല്‍കാനാകും. അതുകൊണ്ട് ജിപിടി-4 നെ ഒരു 'മള്‍ട്ടി മോഡല്‍' എന്നാണ് ഓപ്പണ്‍ എഐ വിശേഷിപ്പിക്കുന്നത്. തൊഴില്‍ പരവും, അക്കാദമികവുമായ ചില ജോലികളില്‍ മനുഷ്യന് തുല്യമായ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ ജിപിടി 4ന് സാധിക്കുമെന്ന് ഓപ്പണ്‍ എഐ പറയുന്നു. എങ്കിലും യഥാര്‍ത്ഥ ലോക പശ്ചാത്തലത്തില്‍ മനുഷ്യനേക്കാള്‍ പിറകിലാണ് ജിപിടി-4 എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. അതേസമയം ചിത്രങ്ങള്‍ നല്‍കാനാകുന്ന സൗകര്യം ഇപ്പോള്‍ അവതരിപ്പിച്ചിട്ടില്ല.
ഉദാഹരണത്തിന് ഒരു ഫ്രിഡ്ജ് തുറന്ന് അതിനുള്‍ ഭാഗത്തെ ചിത്രം പകര്‍ത്തി നല്‍കിയാല്‍. അതൊരു ഫ്രിഡ്ജിന്റെ ചിത്രമാണെന്ന് തിരിച്ചറിയുന്നതിനൊപ്പം തന്നെ അതിനകത്തുള്ള വസ്തുക്കള്‍ എന്തെല്ലാമാണെന്നും അവ ഉപയോഗിച്ച് എന്തെല്ലാം ആഹാരങ്ങള്‍ ഉണ്ടാക്കാമെന്നുമെല്ലാം പറഞ്ഞുതരാന്‍ ജിപിടിയ്ക്ക് സാധിക്കും.
ബൈ മൈ ഐസ് (by my eyes) എന്ന സ്ഥാപനവുമായി ചേര്‍ന്ന് അടുത്ത അപ്‌ഡേറ്റിനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ എഐ.
ജിപിടി-4 ന്റെ കഴിവുകള്‍ ഇപ്പോള്‍ ചാറ്റ് ജിപിടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ് ജിപിടി പ്ലസിലാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന്റെ ബിങ് ബ്രൗസറിലും ജിപിടി-4 പരീക്ഷിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ കമ്പനിയാണ് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടിയുടെ വിജയ സാധ്യത തിരിച്ചറിഞ്ഞ മൈക്രോസോഫ്റ്റ് കോടികളാണ് കമ്പനിയില്‍ മുടക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനിലും, എഡ്ജ് ബ്രൗസറിലും ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനുവദനീയമല്ലാത്ത നിര്‍ദേശങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനുള്ള കഴിവ് 82 ശതമാനത്തോളം മെച്ചപ്പെടുത്തിയാണ് ജിപിടി-4 ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ നല്‍കുന്ന വിവരങ്ങളുടെ കൂടുതല്‍ വസ്തുതാ പരമായിരിക്കാനും ജിപിടി-4 പരിശീലപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ജിപിടി-4 നും പരിമിധികളുണ്ടെന്നും പിഴവുകള്‍ പറ്റാമെന്നും ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ആള്‍ട്മാന്‍ പറയുന്നു.
Content Highlights: ChatGPT Creator OpenAI Announces GPT-4