ജെമിനി 3 മുന്നേറ്റത്തില്‍ നടുങ്ങി ഓപ്പണ്‍ എഐ; കോഡ് റെഡ് മുന്നറിയിപ്പ്; 'നിലനില്‍പ്പിനുതന്നെ ഭീഷണി'

ഗൂഗിളിന്റെ ജെമിനി 3 മോഡലിന്റെ മുന്നറ്റത്തില്‍ നടുങ്ങി ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. മുന്‍പ് ചാറ്റ്ജിപിടിയുടെ അരങ്ങേറ്റം ഗൂഗിളിനെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ നാടകീയമായി മാറിമറിയുന്ന കാഴ്ചയാണ് ടെക് ലോകത്ത് കാണുന്നത്. ചാറ്റ്ജിപിടിയുടെ മത്സരക്ഷമത മോശമാകുന്ന സാഹചര്യത്തില്‍ അത് മെച്ചപ്പെടുത്തുന്നതിനായി മറ്റു ജോലികള്‍ നിര്‍ത്തിവെക്കാന്‍ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജെമിനി 3 പ്രകടനത്തിലും വിപണി വിഹിതത്തിലും മുന്നേറുന്നതിനിടെയാണിത്.
ചാറ്റ്ജിപിടിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണായക സമയമാണെന്ന് ജീവനക്കാര്‍ക്കുള്ള മെമ്മോയില്‍ ആള്‍ട്ട്മാന്‍ മുന്നറിയിപ്പ് നല്‍കിയതായി 'ദി ഇന്‍ഫര്‍മേഷന്‍' റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍എഐയുടെ ആഭ്യന്തര ജാഗ്രതാ സാഹചര്യം 'കോഡ് ഓറഞ്ചില്‍' നിന്ന് 'കോഡ് റെഡിലേക്ക്' അദ്ദേഹം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നിലനില്‍പ്പിനെ ബാധിക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് കമ്പനി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അടിയന്തര മുന്നറിയിപ്പാണിത്.
'കോഡ് റെഡ്' മുന്നറിയിപ്പ് 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പിന്റെ ഭാവിയെതന്നെ ബാധിക്കാനിടയുള്ള ഭീഷണിയയുടെ സൂചനയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നിര്‍മിതബുദ്ധിയുടെ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ ഊന്നിയുള്ള ഗൂഗിളിന്റെ സമീപനമാണ് ഓപ്പണ്‍എഐയെ ഭയപ്പെടുത്തുന്നത്.
പരസ്യം, എഐ ഷോപ്പിംഗ് അസിസ്റ്റന്റുകള്‍, ഹെല്‍ത്ത് ഏജന്റുകള്‍, പള്‍സ് പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിവ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഓപ്പണ്‍എഐ താത്കാലികമായി ഉപേക്ഷിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പകരം ഗൂഗിളിന്റെ ശക്തമായ എഐ മുന്നേറ്റത്തെ നേരിടുന്നതിനായി കമ്പനി എല്ലാ സംവിധാനങ്ങളും ചാറ്റ്ജിപിടിയെ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഗൂഗിള്‍ നേരിട്ടതും സമാനമായ ഭീഷണി
2022 ഡിസംബറില്‍ ചാറ്റ്ജിപിടിയുടെ വരവ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ 'കോഡ് റെഡ്' പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു. പിന്നാലെ ഗൂഗിള്‍ മുഴുവന്‍ ഡിവിഷനുകളെയും പുനഃസംഘടിപ്പിക്കുകയും എഐ വികസനത്തിന്റെ വേഗത കൂട്ടുകയും ചെയ്തിരുന്നു. ആ നീക്കം ഫലംകണ്ടതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഗൂഗിളിന്റെ മേല്‍ക്കോയ്മ തകര്‍ക്കാനാകുമോ?
ഓപ്പണ്‍എഐക്ക് എളുപ്പത്തില്‍ തടയാന്‍ കഴിയുന്നതല്ല ഗൂഗിളിന്റെ മുന്നേറ്റം. ജെമിനിയുടെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ജൂലായില്‍ 45 കോടി ആയിരുന്നത് ഒക്ടോബറില്‍ 65 കോടിയായി ഉയര്‍ന്നു. ഓപ്പണ്‍എഐക്ക് 80 കോടി പ്രതിവാര ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഉപയോക്താക്കള്‍ ഇപ്പോള്‍ ചാറ്റ്ജിപിടിയേക്കാള്‍ കൂടുതല്‍ സമയം ജെമിനിയില്‍ ചെലവഴിക്കുന്നുവെന്നാണ് വെബ് അനലിറ്റിക്‌സ് സ്ഥാപനമായ സിമിലര്‍വെബ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി 3 മോഡല്‍ വിവിധ മാനദണ്ഡങ്ങളില്‍ ഓപ്പണ്‍എഐയുടെ ജിപിടി-5 നെ മറികടന്നുകഴിഞ്ഞു. അതേസമയം അതിന്റെ നാനോ ബനാന പ്രോ ഇമേജ് ജനറേറ്റര്‍ കാര്യമായ പ്രചാരം നേടിയിട്ടുണ്ട്. ആന്ത്രോപിക്കിന്റെ ഓപ്പസ് 4.5 മോഡലും പ്രധാന പരീക്ഷണങ്ങളില്‍ ജിപിടി-5 നെ പരാജയപ്പെടുത്തി, ഇതെല്ലാം ഓപ്പണ്‍എഐയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
ജെമിനി 3-യുടെ വിജയം അസ്വസ്ഥമാക്കുന്നത് ഓപ്പണ്‍എഐ മാത്രമല്ല. എന്‍വിഡിയയുടെ ചിപ്പുകള്‍ക്ക് പകരം കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഗൂഗിളിന്റെ ടിപിയു ചിപ്പുകള്‍ വാങ്ങാന്‍ മെറ്റ ചര്‍ച്ച നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം എന്‍വിഡിയയുടെ ഓഹരി വില 6 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഇത് എന്‍വിഡിയയുടെ ഏകദേശം 250 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം നഷ്ടപ്പെടുത്തി. ഗൂഗിളിന്റെ ചിപ്പുകള്‍ മികച്ചതാണെന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്‍വിഡിയയുടെ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനംവരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: OpenAI sounds internal alarm as Google`s Gemini 3 outperforms ChatGPT. Discover the AI battle`s surprising turn and what it means for the future.