ധനകാര്യ സ്ഥാപനങ്ങൾക്ക് AI ഹാക്കിങ് ഭീഷണി; മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസി

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് എഐ (നിർമിതബുദ്ധി) സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സൈബർ ആക്രമണത്തിനുള്ള സാധ്യത വർധിച്ചതായി ഇന്ത്യയുടെ സൈബർ ഏജൻസിയായ CERT-In. അതീവ ഗൗരവതരമായ മുന്നറിയിപ്പാണ് ഏജൻസി നൽകിയിട്ടുള്ളത്. ഭീഷണി സജീവമാണെന്നും കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും നവംബർ നാലിന് പുറത്തിറക്കിയ മുന്നറിയിപ്പിൽ ഏജൻസി പറയുന്നു.

ഒക്ടോബർ 9-ന് നൽകിയ മുന്നറിയിപ്പാണ് ഏജൻസി പുതുക്കിയിട്ടുള്ളത്. സൈബർ ആക്രമണ സാധ്യതയിൽ കാര്യമായ വർധനവ് കാണിക്കുന്നുണ്ടെന്ന് CERT-In പറയുന്നു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFCs), ഡിജിറ്റൽ ലെൻഡിങ് പ്ലാറ്റ്ഫോമുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, പേയ്മെന്റ് അഗ്രഗേറ്ററുകൾ, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ എന്നിവയെ സൈബർ ആക്രമണം ബാധിച്ചേക്കാം. ക്രിപ്റ്റോകറൻസി എച്ചേഞ്ചുകളും വെർച്വൽ ഡിജിറ്റൽ അസറ്റ് സർവീസ് പ്രൊവൈഡർമാരും ഈ പട്ടികയിലുണ്ട്.

CERT-In-ന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രതികരണ സംഘമായ CSIRT-Fin ഈ ആക്രമണകാരികളെ 'CRAFTY FALCON' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മെഷീൻ ഇന്റലിജൻസ് ഉപയോഗിച്ച് നിരീക്ഷണം നടത്തുകയും, മെഷീൻ വേഗതയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന എഐ സഹായത്തോടെ പ്രവർത്തിക്കുന്ന സംഘമാണിതെന്ന് ഏജൻസി പറയുന്നു. ആക്രമണം കണ്ടെത്തുന്നത് വൈകിക്കുന്നതിനായി അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും മറ്റ് നിരീക്ഷണം കുറഞ്ഞ സമയങ്ങളിലും ആണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും ഏജൻസി വെളിപ്പെടുത്തുന്നു.

ആക്രമണത്തിന് ഉപയോഗിക്കുന്ന എഐ ടൂളുകൾ

LLM അടിസ്ഥാനമാക്കിയുള്ള ARTEX ടൂളുകൾ, PentAGI സ്വയം ഭരണ മൾട്ടി-ഏജന്റ് പെനട്രേഷൻ ടെസ്റ്റിംഗ് സിസ്റ്റം, Cairn അറ്റാക്ക് സെർച്ച് എഞ്ചിൻ, CyberStrikeAI ഫ്രെയിംവർക്ക് എന്നിവയുൾപ്പെടെ പൊതുവായി ലഭ്യമായ നിരവധി എഐ ഒഫെൻസീവ് സെക്യൂരിറ്റി ടൂളുകൾ ആക്രമണകാരികൾ ഉപയോഗിക്കുന്നുണ്ടെന്ന് CERT-In പറയുന്നു.

രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, വായ്പാ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത ഡാറ്റ ചോർന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. സൈബർ സുരക്ഷാ ഭീഷണി സംബന്ധിച്ച CERT-In മുന്നറിയിപ്പിന് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

Content Highlights: CERT-In issued advisory CIAD-2026-0058 regarding escalating AI-assisted attacks on Indian financial entities., The threat actor 'CRAFTY FALCON' exploits payment and disbursement APIs using machine intelligence., Attacks are timed during holidays and weekends, often targeting NBFCs, fintechs, and crypto exchanges., Attackers utilize public AI tools like ARTEX, PentAGI, and CyberStrikeAI to automate breach chains., Mandatory mitigations include 24x7 monitoring, server-side API validation, and strict environment separation.