പേയ്‌മെന്റിന് തൊട്ടുമുമ്പ് വിലകൂടും;BookMyShow അടക്കം 9 ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ,കർശന നിരീക്ഷണം

'ഡാർക്ക് പാറ്റേൺ' ഉപയോഗത്തിന്റെ പേരിൽ ഒൻപത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA). ഓൺലൈനിലൂടെ ഉത്പന്നമോ സേവനമോ ഓഡർചെയ്യുന്ന ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വെബ്‌സൈറ്റോ ആപ്പോ രൂപകൽപ്പന ചെയ്യുന്നതിനാണ് ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നത്. അധിക തുക നൽകുന്നതിൽ ഉപയോക്താക്കൾക്ക് കുറ്റബോധമോ സമ്മർദമോ തോന്നാത്ത വിധത്തിലാവും രൂപകൽപ്പന. ഇത്തരം രീതികൾ കർശനമായി പരിശോധിക്കുന്ന കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ച വിവരം രാജ്യസഭയെ അറിയിച്ചിട്ടുണ്ട്.
നിത്യോപയോഗ വസ്തുക്കൾ ഓൺലൈനായി ഓർഡർ ചെയ്യുകയോ സിനിമ ടിക്കറ്റെടുക്കുകയോ ഓൺലൈൻ കോഴ്‌സിന് ചേരുമ്പോഴോ ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടാം. ആദ്യഘട്ടത്തിൽ സ്‌ക്രീനിൽ കാണുന്ന വില താങ്ങാവുന്നതാണെന്ന് ഉപയോക്താക്കൾക്ക് തോന്നും. എന്നാൽ മുന്നോട്ടുപോകുമ്പോൾ പേയ്മെന്റിന് തൊട്ടുമുമ്പ് കഥ മാറും. ഹാൻഡ്‌ലിങ് ഫീസ് പ്രത്യക്ഷപ്പെടുകയോ മെമ്പർഷിപ്പ് ചേർക്കപ്പെടുകയോ ചെറിയ സംഭാവന ടിക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നു. ഒരു അധിക സേവനമോ സബ്‌സ്‌ക്രിപ്ഷനോ കൂട്ടിച്ചേർക്കപ്പെടുന്നു. ഇതോടെ നിരക്ക് കൂടുന്നു.
വർധിക്കുന്നത് ചെറിയ തുകയായി തോന്നാമെങ്കിലും ആയിരക്കണക്കിന് ഓൺലൈൻ ഇടപാടുകൾ വർധിക്കുന്നതോടെ നിരക്ക് വർധനയുടെ വ്യാപ്തി കൂടും. ഇത്തരം നീക്കങ്ങളാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നടപടിക്ക് ആധാരം.
പ്രശസ്തമായ zepto, BookMyShow, IndiGo, Physics Wallah എന്നിവയെല്ലാം പിഴ ചുമത്തപ്പെട്ടവയുടെ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് NDTV റിപ്പോർട്ടു ചെയ്യുന്നു. ഉപഭോക്താവ് അടയ്ക്കേണ്ട മുഴുവൻ തുകയും ആദ്യഘട്ടത്തിൽ വിവിധ പ്ലാറ്റ്‌ഫോമുകൾ വെളിപ്പെടുത്തുന്നില്ലെന്ന് അതോറിറ്റി കണ്ടെത്തി.
zepto യ്ക്ക് ഏഴ് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇതോടെ തെറ്റായ രീതികൾ അവർ നിർത്തലാക്കിയെന്ന് NDTV റിപ്പോർട്ടിൽ പറയുന്നു. BookMyShow എന്ന സിനിമ ടിക്കറ്റ് പ്ലാറ്റ്ഫോമിനോട് അതിന്റെ BookASmile ചാരിറ്റി സംരംഭത്തിലേക്കുള്ള 1 രൂപ സംഭാവന നീക്കം ചെയ്യാൻ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. മറ്റൊരു തന്ത്രത്തിന്റെ പേരിലാണ് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയത്. എയർലൈന്റെ ആപ്പിൽ 'No I will take risk' എന്ന ഓപ്ഷനാണ് നടപടിക്കാധാരം. അതോറിറ്റിയുടെ ഇടപെടലിനെത്തുടർന്ന് കമ്പനിക്ക് 'No, I will not add to the trip.' എന്ന തരത്തിൽ മാറ്റംവരുത്തേണ്ടിവന്നു. എഡ്യൂക്കേഷൻ പ്ലാറ്റ്ഫോമായ Physics Wallah-യ്ക്ക് അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. അതിന്റെ PW ഫൗണ്ടേഷനിലേക്കുള്ള 10 രൂപ സംഭാവനയണ് അവർക്ക് വിനയായത്.
ഒൻപത് പ്ലാറ്റ്ഫോമുകൾക്ക് 20 ലക്ഷം രൂപയോളം പിഴ
FirstCry, PharmEasy, McAfee, SpiceJet, കോച്ചിംഗ് പ്ലാറ്റ്ഫോം Anuj Jindal എന്നിവർക്കും CCPA പിഴ ചുമത്തിയിട്ടുണ്ട്. ഈ കമ്പനികൾക്ക് 1 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് പിഴ. മറഞ്ഞിരിക്കുന്ന ചാർജുകൾ, നിർബന്ധിത സബ്‌സ്‌ക്രിപ്ഷനുകൾ, തെറ്റായ കൗണ്ട്ഡൗൺ ടൈമറുകൾ, പ്രലോഭിപ്പിക്കുന്ന സബ്‌സ്‌ക്രിപ്ഷൻ പുതുക്കൽ പ്രോംപ്റ്റുകൾ എന്നിവ നടപടി നേരിട്ട രീതികളിൽ ഉൾപ്പെടുന്നു.
Content Highlights: CCPA has penalized 9 digital platforms for using deceptive dark patterns., Commonly flagged practices include drip pricing, basket sneaking, and confirm shaming., Companies like Zepto, BookMyShow, and IndiGo have faced regulatory action., Total penalties collected by the regulator amount to approximately Rs 20 lakh., The 2023 Guidelines for Prevention and Regulation of Dark Patterns define 13 types of deceptive designs.