ഷോപ്പിങ്ങിന് കൂടെവരാൻ ആളെ വേണോ? സേവനം വാഗ്ദാനംചെയ്ത് സ്റ്റാർട്ടപ്പ്, മണിക്കൂറിന് പണം

സുഹൃത്തോ ബന്ധുവോ ഒപ്പമില്ലാതെ ഒറ്റയ്ക്ക് ഷോപ്പിങ്ങിന് പോകേണ്ടിവരാറുണ്ടോ? ഷോപ്പിങ്ങിനുശേഷം ബാഗുകൾ ചുമന്ന് നടക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരിക്കും. ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്തെത്തുകയാണ് ന്യൂഡൽഹി ആസ്ഥാനമായ CarryMen എന്ന സ്റ്റാർട്ടപ്പ്.
‘എല്ലാവർക്കും ഷോപ്പിങ് ഇഷ്ടമാണ്, പക്ഷേ അതിനൊപ്പമുള്ള ശാരീരിക സമ്മർദ്ദം താങ്ങുക അത്ര എളുപ്പമല്ല.’ തിരക്കേറിയ മാർക്കറ്റിലൂടെ പത്ത് ബാഗുകൾ ചുമന്ന് നടന്ന് വിഷമിക്കുന്നതിന് പകരം ഷോപ്പിങ് ആസ്വദിക്കാൻ എല്ലാവർക്കും അവസരം നൽകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സ്റ്റാർട്ടപ്പിന്റെ വക്താവ് പറയുന്നു.
ഒരു മണിക്കൂറിന് 149 രൂപ നൽകി സേവനം പ്രയോജനപ്പെടുത്താം. 2, 3, അല്ലെങ്കിൽ 4 മണിക്കൂർ പാക്കേജുകളും ലഭ്യമാണ്. വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാം. ഷോപ്പിങ്ങിന് പോകുന്നവർക്ക് ഒപ്പം വരുന്ന ഒരു പരിശീലനം ലഭിച്ച സഹായിയെ ലഭിക്കും. ബാഗുകൾ ചുമക്കാനും, സ്റ്റോറുകൾ കണ്ടെത്താനും, പാർക്കിങ് സ്ഥലങ്ങൾ അല്ലെങ്കിൽ മെട്രോ ഗേറ്റുകൾ വരെ ഉപഭോക്താക്കളെ സഹായിക്കാനും, ഇരിക്കാനും വിശ്രമിക്കാനും സ്ഥലങ്ങൾ കണ്ടെത്താനും സഹായി കൂടെയുണ്ടാകും. സേവനം തേടുന്നവർക്ക് സമ്മർദങ്ങളില്ലാതെ ഷോപ്പിങ് ആസ്വദിക്കാനാകും.
കുട്ടികളെയുംകൊണ്ട് ഷോപ്പിങ്ങിന് പോകുന്നവർക്ക് സ്റ്റാർട്ടപ്പ് ഒരു സഹായിക്കൊപ്പം സ്‌ട്രോളറും വാടകയ്ക്കും നൽകും. തുടക്കത്തിൽ ഏറ്റവും കൂടുതൽ ബുക്കിങ്ങുകൾ ലഭിച്ചത് പ്രായമായവരിൽ നിന്നാണെന്ന് സ്റ്റാർട്ടപ്പ് വക്താവ് പറയുന്നു. ദീർഘനേരത്തെ ഷോപ്പിങ്ങിനിടെ ഉപയോഗിക്കാൻ പോർട്ടബിൾ ക്യാമ്പിങ് ചെയറുകൾ വരെ അവർ അവതരിപ്പിച്ചിട്ടുണ്ട്. 12 കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ മാത്രമാവും ഒരു സഹായി എടുക്കുക. അതിൽകൂടുതൽ ഭാരമുള്ള ബാഗുകളുണ്ടെങ്കിൽ മറ്റൊരു സഹായിയുടെ സേവനംകൂടി പ്രയോജനപ്പെടുത്താം.
ഏപ്രിലിലാണ് ഈ സ്റ്റാർട്ടപ്പ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ മാസത്തിൽ തന്നെ 50-ൽ അധികം ബുക്കിങ്ങുകൾ ലഭിച്ചു. നിലവിൽ ഡൽഹിയിലെ ലജ്പത് നഗറിൽ സേവനം ലഭ്യമാണ്. ചന്ദ്‌നി ചൗക്കിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
Content Highlights: CarryMen offers hourly shopping assistance in Delhi markets., Services include carrying bags, waiting in queues, and providing seating., Targeting elderly, parents with toddlers, and shoppers needing comfort., Currently operational in Lajpat Nagar with expansion to Chandni Chowk., Affordable hourly pricing starting at Rs 149 per hour.