കൗമാരക്കാരുടെ സോഷ്യൽ മീഡിയ അടിമത്തം: കർശന നിയമവുമായി കാലിഫോർണിയ, 'നോക്കിനിൽക്കില്ല'

#'ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Getty
പ്രതീകാത്മകചിത്രം | Getty

കൗമാരക്കാർ സോഷ്യൽ മീഡിയ അടിമത്വത്തിന്റെ ഇരകളാകുന്നത് തടയാൻ കർശന നടപടികളുമായി വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ മുന്നോട്ട്. ഇത്തരത്തിലുള്ള യുഎസിലെ ഏറ്റവും കർശനമായ നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് യു.എസ് സംസ്ഥാനമായ കാലിഫോർണിയ. കൗമാരക്കാരെ എഐ (നിർമിതബുദ്ധ) അടക്കമുള്ളവയുടെ പിന്തുണയോടെ അടിമപ്പെടുത്തുന്ന സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമത്തിൽ ഗവർണർ ഗവിൻ ന്യൂസം ഒപ്പുവെക്കാൻ തയ്യാറെടുക്കുകയാണ്.

ആസക്തി ഉളവാക്കുന്ന ഫീച്ചറുകൾ 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഓൺലൈൻ നെറ്റ്‌വർക്കുകൾ വാഗ്ദാനം ചെയ്യുന്നത് തടയുന്നതാണ് പുതിയ നിയമം. കൗമാരക്കാർ ചാറ്റ്‌ബോട്ടുമായാണോ അതോ മനുഷ്യനുമായാണോ സംസാരിക്കുന്നത് എന്ന് എഐ ഡെവലപ്പർമാർ വ്യക്തമായി അറിയിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

നൂതന സാങ്കേതികവിദ്യകൾ യാതൊരു നിയന്ത്രണവുമില്ലാതെ നമ്മുടെ കുട്ടികളെ അപകടത്തിലാക്കുമ്പോൾ കാലിഫോർണിയ വെറുതെ നോക്കിനിൽക്കില്ലെന്ന് ഗവർണർ ഗവിൻ ന്യൂസം പറയുന്നു. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. കുട്ടികളെ സംരക്ഷിക്കുന്നതാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറയുന്നു.

ആഗോള മുന്നേറ്റം

പ്രായപൂർത്തിയാകാത്ത സോഷ്യൽ മീഡിയ ഉപയോക്താക്കളെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കാൻ ലോകമെമ്പാടുമുള്ള നിയമനിർമ്മാതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. ഈ വർഷം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി എഐ, സോഷ്യൽ മീഡിയ ബില്ലുകൾ പാസാക്കിയിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, ഗ്രീസ്, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളും 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന സമാനമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഈ വർഷം വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ നടന്ന നിയമപോരാട്ടങ്ങൾക്ക് പിന്നാലെയാണ് കാലിഫോർണിയയിലെ നിയമനിർമ്മാണ നീക്കം. യു.എസിലെ വിവിധ സംസ്ഥാനങ്ങളും വിദ്യാഭ്യാസ രംഗത്തുള്ള അധികാരികളും ആയിരക്കണക്കിന് കൗമാരക്കാരുടെ രക്ഷിതാക്കളും ടിക്ക്ടോക്ക്, മെറ്റ, സ്‌നാപ്പ്, യൂട്യൂബ് എന്നിവയെ കോടതി കയറ്റിയിരുന്നു. ലൈംഗിക ഉള്ളടക്കങ്ങൾ ചെറുപ്പക്കാരിലേക്ക് എത്തിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് അടക്കമുള്ളവയ്‌ക്കെതിരെ ആയിരുന്നു ഇത്.

കുട്ടികളുടെ സ്വകാര്യത: യു.എസിലെ അധ്യാപക യൂണിയനുകളുമായി കരാറിൽ ഏർപ്പെട്ട് മൈക്രോസോഫ്റ്റ്

യുഎസിലെ ഏറ്റവും വലിയ രണ്ട് അധ്യാപക യൂണിയനുകളുമായി നിയമപരമായ എഐ സ്വകാര്യതാ കരാറിൽ ഒപ്പുവെച്ച് മൈക്രോസോഫ്റ്റ്. എട്ടാം ക്ലാസ് വരെയുള്ള പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ നിർമിതബുദ്ധി (എഐ) ടൂളുകൾ ഉപയോഗിക്കുന്നത് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി നിരോധിച്ച് ഒരു ആഴ്ചയ്ക്ക് ശേഷമാണിത്. കരാർ പ്രകാരം വിദ്യാർഥികളുടെയോ അധ്യാപകരുടെയോ ഡേറ്റ മൈക്രോസോഫ്റ്റിന്റെ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കാനോ, വിദ്യാർഥികളെ നിരീക്ഷിക്കാനോ അടക്കം സാധിക്കില്ല.

നാഷണൽ എഐ സേഫ്റ്റി ആൻഡ് പ്രൈവസി സ്റ്റാൻഡേർഡ് എന്ന് പേരിലുള്ളതാണ് കരാർ. മൈക്രോസോഫ്റ്റ് വൈസ് ചെയറും പ്രസിഡന്റുമായ ബ്രാഡ് സ്മിത്ത്, അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ് പ്രസിഡന്റ് റാൻഡി വെയ്ൻഗാർട്ടൻ, യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ്പ്രസിഡന്റ് മൈക്കൽ മൽഗ്രൂ എന്നിവർ ചേർന്ന് കരാറിൽ ഒപ്പുവെച്ചത്. കരാർ ലംഘിക്കപ്പെട്ടാൻ ബന്ധപ്പെട്ടവർക്ക് നഷ്ടപരിഹാരം തേടാം.

മൈക്രോസോഫ്റ്റിന് വിദ്യാർത്ഥികളുടെ ഡാറ്റ വിൽക്കാനോ പരസ്യങ്ങൾക്കായി ഉപയോഗിക്കാനോ കഴിയില്ല, ശേഖരിക്കുന്ന ഡാറ്റയുടെ അളവ് പരിമിതപ്പെടുത്തണം, കൂടാതെ അവരുടെ ടൂളുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ലളിതമായ ഭാഷയിൽ വിശദീകരിക്കുകയും വേണം. ഡാറ്റ ചോർച്ചകൾ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം, നിശ്ചിത സമയപരിധിക്കുള്ളിൽ സുരക്ഷാ പാകപ്പിഴകൾ പരിഹരിക്കണം, കൂടാതെ വാർഷിക സർട്ടിഫിക്കേഷനും ഓഡിറ്റും നടത്തുകയും വേണം. വിദ്യാർത്ഥികൾക്കായുള്ള AI കമ്പാനിയൻ ചാറ്റ്‌ബോട്ടുകൾ പൂർണ്ണമായും ഒഴിവാക്കുകയും വേണം.

Content Highlights: California implements strict digital youth protections targeting addictive social media mechanics., A national ban bars online networks from delivering addictive features to users under 16., AI developers must clearly inform minors when they are conversing with a chatbot., The twelve-bill package expands digital privacy rights and updates child abuse definitions for AI-synthesized imagery.