റൂട്ട് മാപ്പ് ഓര്‍ത്തുവെക്കാന്‍ ഒരു 'മേയ്ഡ് ഇന്‍ കേരള' ആപ്പ്; ബ്രേക്ക് ദി ചെയ്ന്‍ ഡയറി

-
-

തിരുവനന്തപുരം: കോവിഡ്-19 വ്യാപനകാലത്ത് ഓരോരുത്തരും എവിടെയെല്ലാം പോകുന്നു, ആരെയെല്ലാം കാണുന്നു എന്നതിനെല്ലാം വലിയ പ്രാധാന്യമുണ്ട്. ആര്‍ക്കെങ്കിലും കോവിഡ്-19 സ്ഥിരീകരിച്ചാല്‍ അയാള്‍ എവിടെയെല്ലാം സഞ്ചരിച്ചു എന്നറിയേണ്ടതുണ്ട്. അയാള്‍ സഞ്ചരിച്ചയിടങ്ങളില്‍ പോയിരുന്നോ എന്ന് ഓര്‍മിച്ചെടുക്കാന്‍ മറ്റുള്ളവരും തങ്ങള്‍ ഓരോ ദിവസവും എവിടെയെല്ലാം പോയിരുന്നു എന്നെല്ലാം ഓര്‍ത്തുവെക്കേണ്ടതുണ്ട്. 

അതിന് സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ ടി.ബി.ഐ. സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് ആയ ഗാഡ്‌സ് (GADS). നമ്മളുടെ യാത്രാ വിശദാംശങ്ങള്‍ എളുപ്പത്തിലും ഫലപ്രദമായും രേഖപ്പെടുത്തുന്നതിനുള്ള ഒരു ഡിജിറ്റല്‍ ഡയറിയാണ് ബ്രേക്ക് ദി ചെയിന്‍ ഡയറി. യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു ഡയറി കൊണ്ടുനടക്കുന്നത് എല്ലാവര്‍ക്കും അസൗകര്യമായ ഒരു കാര്യമാണ്, എന്നാല്‍ ആ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇത് നമുക്ക് ലളിതമായി ചെയ്യാന്‍ സാധിക്കും. 

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്രേക്ക് ദി ചെയ്ന്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മറ്റ് അനുവാദങ്ങളൊന്നും നല്‍കേണ്ടതില്ല. ഇത് ഓഫ് ലൈന്‍ ആയി ഉപയോഗിക്കാന്‍ സാധിക്കും. 

ഉപയോക്താവ് അയാളുടെ യാത്രാവിവരങ്ങള്‍ സ്വയം രേഖപ്പെടുത്തണം. സഞ്ചരിച്ച സ്ഥലം, കാരണം, തീയതി, സമയം എന്നിവയെല്ലാം രേഖപ്പെടുത്താം. ഒരു യാത്ര സംബന്ധിച്ച അധിക വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കില്‍ അതും ആവാം. ഇത് ആപ്പില്‍ ശേഖരിക്കപ്പെടും. ആവശ്യമുള്ളപ്പോള്‍ എടുത്ത് പരിശോധിക്കാം. 

ഇങ്ങനെ ശേഖരിച്ച് വെക്കുന്ന ഓരോ യാത്രയും തീയ്യതിയുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി കാണാം. വളരെ എളുപ്പം ഉപയോഗിക്കാനാവുന്ന ഈ ആപ്ലിക്കേഷനില്‍ ഡാര്‍ക്ക് മോഡും ഒന്നിലധികം ഭാഷകളും ലഭ്യമാണ്. ഉപയോക്താക്കളില്‍നിന്നു യാതൊരു വിധ ഡാറ്റയും ആപ്പ് എടുക്കില്ല. അതിനാല്‍ തന്നെ ആപ്പില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാം. 

ആവശ്യമായ സുരക്ഷാ അപ്‌ഡേറ്റുകളും പ്രശ്‌നപരിഹാര അപ്‌ഡേറ്റുകളും നിരന്ത്രം ലഭിക്കുമെന്നും ഗാഡ്‌സ് വ്യക്തമാക്കി.

App LINK: https://play.google.com/store/apps/details?id=com.gadssolutions.breakthechaindiary

Content Highlights: break the chain app by GADS thiruvananthapuram

Content Highlights: