കാറിലും AI; ഡീപ്‌സീക്കുമായി കൈകോര്‍ക്കാന്‍ BMW, ചൈനയിലെ മത്സരംനേരിടാന്‍ തന്ത്രവുമായി ജര്‍മന്‍ കമ്പനി

ഷാങ്ഹായ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യൂ സിഇഒ ഒലിവര്‍ സിപ്സെ സംസാരിക്കുന്നു. Photo - AP
ഷാങ്ഹായ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യൂ സിഇഒ ഒലിവര്‍ സിപ്സെ സംസാരിക്കുന്നു. Photo - AP

ചൈനയില്‍ പുറത്തിറക്കുന്ന പുതിയ വാഹനങ്ങളില്‍ നിര്‍മിതബുദ്ധി (എ.ഐ) യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ. ഡീപ്സീക്ക് എഐയാവും ചൈനയിലെ ബിഎംഡബ്ല്യൂ കാറുകളുടെ ഭാഗമാകുക. ഷാങ്ഹായ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യൂ സിഇഒ ഒലിവര്‍ സിപ്സെയാണ് പ്രഖ്യാപനം നടത്തിയത്.

വോയ്സ് അസിസ്റ്റന്റുകള്‍ മുതല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളില്‍വരെ ഡീപ്‌സീക്ക് എ.ഐയുടെ സ്വാധീനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് വിപണിയില്‍ പ്രാദേശിക സാങ്കേതിക കണ്ടുപിടുത്തങ്ങളെ സ്വീകരിക്കുന്നതിലുള്ള ബിഎംഡബ്ല്യുവിന്റെ പ്രതിബദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒലിവര്‍ സിപ്‌സെ പ്രഖ്യാപനം നടത്തിയത്. നിര്‍മിതബുദ്ധിയുടെ രംഗത്തെ സുപ്രധാന മുന്നറ്റങ്ങള്‍ നടക്കുന്നത് ഇവിടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് ഉപഭോക്താക്കളെ മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത കാറിനുള്ളിലെ സംവിധാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ബിഎംഡബ്ല്യൂ ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനക്ഷമതയും ഉപയോഗക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ എഐയെ കൂടുതലായി ഉപയോഗിക്കുന്ന ആഭ്യന്തര ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളുമായി മത്സരിക്കാനുള്ള ബിഎംഡബ്ല്യുവിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നിക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനും ഇന്റലിജന്റ്, കണക്റ്റഡ് വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുമുള്ള ബിഎംഡബ്ല്യുവിന്റെ വിശാല ശ്രമങ്ങളുടെ ഭാഗമാണ് ഡീപ്സീക്ക് എഐയുമായുള്ള സഹകരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രാദേശിക സാങ്കേതിക പങ്കാളിത്തത്തിലൂടെ സുപ്രധാന വിപണിയായ ചൈനയിലെ ഭാഷാപരവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ബിഎംഡബ്ല്യു ലക്ഷ്യമിടുന്നു. 2025 അവസാനത്തോടെ ഡീപ്സീക്ക് എഐ പുതിയ മോഡലുകളുടെ ഭാഗമാകുന്നതോടെ, എഐ-അധിഷ്ഠിത മൊബിലിറ്റി രംഗത്ത് ബിഎംഡബ്ല്യുയും പങ്കാളിയാകുകയാണ്.

സെല്‍ഫ് ഡ്രൈവിങ് കാറുകളില്‍ എഐ ആപ്ലിക്കേഷനുകളുടെ സാധ്യതകള്‍ പരീക്ഷിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് സിപ്സെയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. നിരവധി ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ അവരുടെ മോഡലുകളില്‍ എ.ഐ പരീക്ഷണങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ഇവി നിര്‍മ്മാതാക്കളായ ടെസ്ലയും സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങളെ തങ്ങളുടെ അടുത്ത വളര്‍ച്ചാ ഘട്ടമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഡീപ്സീക്കിന്റെ R1 മോഡല്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ചൈനയുടെ എഐ രംഗത്തെ മുന്നേറ്റം ലോകശ്രദ്ധ നേടിയത്.

എഐ, ഡാറ്റാ സുരക്ഷ എന്നിവ സംബന്ധിച്ച് ചൈനയ്ക്ക് കര്‍ശനമായ നിയമങ്ങളുണ്ട്. ഡാറ്റാ, സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതിനായി വിദേശ കമ്പനികള്‍ പ്രാദേശിക സ്ഥാപനങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടണമെന്നാണ് ചൈന നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

Content Highlights: bmw integrates depseek ai in china